ബിനാമി വ്യാപാരം; കർശന നടപടിയുമായി അധികൃതർ
text_fieldsമസ്കത്ത്: ബിനാമി വ്യാപാരം തടയുന്നതിന്റെ ഭാഗമായി കമ്പനികളും സ്ഥാപനങ്ങളും ഒമാനിലെ അംഗീകൃത ബാങ്കുകളിൽ അക്കൗണ്ടുകൾ തുടങ്ങണമെന്ന നിയമം അധികൃതർ ശക്തമായി നടപ്പാക്കുന്നു. ഇതു സംബന്ധമായി നേരത്തെ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവുകൾ പാലിക്കണമെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ആവശ്യപ്പെട്ടു.
എല്ലാ കമ്പനികളും സ്ഥാപനങ്ങളും ഒമാനിലെ അംഗീകൃത ബാങ്കുകളിൽ അക്കൗണ്ടുകൾ തുറക്കണമെന്ന് ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇന്റസ്ട്രി അധികൃതരും ആവശ്യപ്പെട്ടു. ബിനാമി വ്യാപാരം സമൂഹത്തിലെ സാമൂഹിക, സാംസ്കാരിക മേഖലയിലുണ്ടാക്കിയ ദൂഷ്യഫലങ്ങൾക്കെതിരെ പൗരന്മാർ നൽകിയ അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് നടപടികളുണ്ടാവുന്നത്. ബിനാമി വ്യാപാരം പ്രാദേശിക മാർക്കറ്റിലുണ്ടാക്കുന്ന ദൂഷ്യ വശങ്ങൾ ഒഴിവാക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് മന്ത്രാലയം വ്യക്തമാക്കി. വാണിജ്യ മേഖലയിലെ വ്യാജവും അതു തൊഴിൽ മാർക്കറ്റിലുണ്ടാക്കുന്ന പ്രതിഫലനങ്ങളും ഒഴിവാക്കുക, സംരംഭകരും ചെറുകിട ഇടത്തരം സംരംഭകരും തമ്മിലെ ഐക്യരൂപമില്ലാത്ത മത്സരങ്ങൾ ഒഴിവാക്കുക, നികുതി തട്ടിപ്പ് അടക്കമുള്ള മറ്റ് കുറ്റകൃത്യങ്ങൾ തടയുകയെന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. പൗരന്മാരും താമസക്കാരും ബിനാമി വ്യാപാരം കുറക്കാൻ സഹായിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
ഏതെങ്കിലും വിദേശി തങ്ങൾക്കു ചെയ്യാൻ അനുവാദമില്ലാത്ത ബിസിനസിലോ വാണിജ്യ കാര്യങ്ങളിലോ ഏതെങ്കിലും അംഗീകാരമുള്ള വ്യക്തിയുടെ ലൈസൻസോ വാണിജ്യ രജിസ്ട്രേഷനോ ഉപയോഗപ്പെടുത്തുന്നതാണ് ബിനാമി വ്യാപാരം.
ഇത്തരം വ്യാപാരങ്ങളും സാമ്പത്തിക പ്രവർത്തനങ്ങളും ശ്രദ്ധയിൽപെടുന്നവർ ഉടൻ മന്ത്രാലയത്തെ അറിയിക്കണമെന്നും അറിയിപ്പിൽ പറയുന്നു. ഇത്തരം നിയമ ലംഘനങ്ങൾ നടത്തുന്നവർ 5,000 റിയാൽ പിഴ അടക്കേണ്ടിവരും.
നിയമ ലംഘനം രണ്ടാമതും ആവർത്തിക്കുകയാണെങ്കിൽ 10,000 റിയാലാണ് പിഴ. മുന്നാമതും ലംഘനം ആവർത്തിക്കുകയാണെങ്കിൽ 15,000 റിയാൽ പിഴയോ മൂന്ന് മാസത്തേക്ക് ലൈസൻസ് റദ്ദാക്കുകയോ ചെയ്യും. അതോടൊപ്പം വാണിജ്യ രജിസ്ട്രേഷനിൽനിന്ന് നിയമം ലംഘനം നടത്തിയ വിഭാഗം ഒഴിവാക്കും.
ഇവ രജിസ്റ്റർ ചെയ്യണമെങ്കിൽ ഒരു വർഷം കാത്തിരിക്കേണ്ടി വരികയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.