മികച്ച ജീവിത നിലവാരം: ലോകത്ത് നാലാം സ്ഥാനത്ത് ഒമാന്
text_fieldsമസ്കത്ത്: മികച്ച ജീവിത നിലവാരം പുലർത്തുന്നതിൽ ലോകത്ത് നാലാം സ്ഥാനം നേടി ഒമാൻ. 2024ന്റെ ആദ്യ പകുതിയിൽ നംബിയോ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ടുകൾ. ലക്സംബർഗ്, നെതർലാൻഡ്സ്, ഡെൻമാർക്ക് തുടങ്ങിയ രാജ്യങ്ങളാണ് ആദ്യ മൂന്നു സ്ഥാനക്കാർ. ആഗോള ജീവിത നിലവാര സൂചികയിൽ ഒന്നാം സ്ഥാനത്തുള്ള ലക്സംബർഗിന് 219.3 പോയന്റുകളാണ്.
207.5 പോയന്റുമായി നെതർലൻഡ്സാണ് രണ്ടാം സ്ഥാനത്ത്. 205.6 പോയന്റുമായി ഡെൻമാർക്ക് മൂന്നാം സ്ഥാനത്തും 204 പോയന്റുമായി ഒമാൻ നാലാം സ്ഥാനത്തുമാണ്. ഒരു പ്രത്യേക രാജ്യത്തോ നഗരത്തിലോ ജീവിക്കുന്ന വ്യക്തികളുടെ മൊത്തത്തിലുള്ള ക്ഷേമത്തിനും ജീവിത നിലവാരത്തിനും സംഭാവന നൽകുന്ന വിവിധ ഘടകങ്ങളുടെ സമഗ്രമായ വിലയിരുത്തലാണ് ജീവിത നിലവാര സൂചിക.
വാങ്ങൽ ശേഷി, മലിനീകരണ തോത്, പാർപ്പിടങ്ങളുടെ വില, ജീവിതച്ചെലവ്, സുരക്ഷ, ആരോഗ്യ പരിപാലന നിലവാരം, യാത്രാ സമയം, കാലാവസ്ഥാ സാഹചര്യങ്ങൾ എന്നിവയുൾപ്പെടെ ജീവിത നിലവാരത്തെ സാരമായി ബാധിക്കുന്ന നിരവധി ഘടകങ്ങളാണ് ഒമാന്റെ ഉയർന്ന റാങ്കിന് കാരണമായത്.
182.9 പോയന്റുമായി ഖത്തർ 17-ാം സ്ഥാനത്തും 175.5 പോയന്റുമായി യു.എ.ഇ 20-ാം സ്ഥാനത്തും 170.5 പോയന്റുമായി സൗദി അറേബ്യ 25-ാം സ്ഥാനത്തും 152.5 പോയന്റുമായി കുവൈത്ത് 37-ാം സ്ഥാനത്തുമാണ്. അടുത്തിടെ, മൾട്ടി-ഡെസ്റ്റിനേഷൻ ട്രിപ്പുകളിൽ സ്പെഷ്ലൈസ് ചെയ്ത ട്രാവൽബാഗ് എന്ന കമ്പനി ലോകത്തിലെ ഏറ്റവും മനോഹരമായ മൂന്നാമത്തെ രാത്രിനഗരമായി മസ്കത്തിനെ തിരഞ്ഞെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.