ഭാവലയം-2021 ഓൺലൈൻ നാടക മത്സരം: പുരസ്കാരങ്ങൾ വിതരണം ചെയ്തു
text_fieldsമസ്കത്ത്: അന്തരിച്ച ഗിരിജ ബക്കറിന്റെ സ്മരണാർഥം ആഗോള കലാ സംസ്കാരിക വേദിയായ 'ഭാവലയ'നടത്തിയ ഭാവലയം-2021 ഓൺലൈൻ നാടക മത്സരത്തിലെ വിജയികൾക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്തു. ഖുറം ഒമാനി വിമൻസ് അസോസിയേഷൻ ഹാളിൽ നടന്ന പരിപാടിയിൽ ഭാവലയ ഫൗണ്ടറും ചെയർമാനുമായ ഡോ. ജെ. രത്നകുമാർ അധ്യക്ഷത വഹിച്ചു.
ഇന്ത്യൻ അംബാസഡർ അമിത് നാരങ്, ഒമാനി ഫിലിം ആൻഡ് തിയറ്റർ സൊസൈറ്റി പ്രസിഡന്റ് ഡോ. ഹുമൈദ് ബിൻ സയീദ് ബിൻ റാഷിദ് അൽ അമേരി, ഒമാനി വിമൻസ് അസോസിയേഷൻ മസ്കത്ത് വൈസ് ചെയർപേഴ്സൻ മറിയം അൽ സദ്ജാലി, ഗിരിജ ബക്കറിന്റെ മകളും മാധ്യമ പ്രവർത്തകയുമായ ലക്ഷ്മി കോത്തനേത്ത് എന്നിവർ മുഖ്യാതിഥികളായി.
മികച്ച നാടകത്തിനുള്ള പുരസ്കാരം 'മത്സ്യഗന്ധി' കരസ്ഥമാക്കി. 'ചെയേഴ്സ്', 'പതിമൂന്നാം മണിക്കൂർ' എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ നാടകം. മികച്ച സംവിധായകനായി രാജേഷ് കായംകുളത്തെ തിരഞ്ഞെടുത്തു (മത്സ്യഗന്ധി).
മികച്ച തിരക്കഥാകൃത്ത്: ശ്രീകുമാർ മാരാത്ത് (പതിമൂന്നാം മണിക്കൂർ), മികച്ച നടൻ: രഞ്ജിത് ദാമോദരൻ (ചെയേഴ്സ്), മികച്ച നടി: സജിത വിജയകുമാർ എന്നിവരാണ് മറ്റു പുരസ്കാര ജേതാക്കൾ.
കാലിക്കറ്റ് യൂനിവേഴ്സിറ്റി സ്കൂൾ ഓഫ് ഡ്രാമ ആൻഡ് ഫൈൻആർട്സ് വിഭാഗം മേധാവി വി.എൻ. വിനോദ്, അസി. പ്രഫസർ സന്ദീപ് കുമാർ എന്നിവരായിരുന്നു വിധികർത്താക്കൾ. ഈ വിജയികളെക്കൂടാതെ മികച്ച ജനപ്രിയ നാടകം ഓൺലൈൻ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
ചടങ്ങിൽ കലാ സാംസ്കാരിക രംഗത്തെ ബഹുമുഖ പ്രതിഭ പുരസ്കാരം കബീർ യൂസുഫ്, അനിർബാൻ റേ, അസ്ര അലീം, സുധ രഘുനാഥ്, ആലിയ അൽ ബലൂഷി എന്നിവർക്കും നാടകരംഗത്തെ സമഗ്ര സംഭാവന അവാർഡ് പത്മനാഭൻ തലോറ, കേരളൻ കെ.പി.എ.സി എന്നിവർക്കും സമ്മാനിച്ചു. ഭാവലയ കോർ ടീമംഗങ്ങളായ പ്രകാശ് വിജയൻ, നിഷ പ്രഭാകരൻ എന്നിവർ നേതൃത്വം നൽകി. സ്മൃതി ശശിധരൻ ആങ്കറായ പരിപാടിയിൽ വിനോദ് രാഘവൻ നന്ദി പറഞ്ഞു.
കലകളെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കാൻ വരും വർഷങ്ങളിലും ഇത്തരം പരിപാടികൾ സംഘടിപ്പിക്കുമെന്ന് ചെയർമാൻ ഡോ. ജെ. രത്നകുമാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.