ബി.എച്ച്.ടി പ്രിമിയർ ലീഗ് ക്രിക്കറ്റ്: ടൈറ്റാൻസ് ജേതാക്കൾ
text_fieldsമസ്കത്ത്: ബി.എച്ച്.ടി സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച പ്രഥമ ബി.എച്ച്.ടി പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ ടൈറ്റാൻസ് ജേതാക്കളായി. ഫൈനലിൽ യു.പി.സിയെ രണ്ട് വിക്കറ്റിനാണ് തകർത്തത്. ആദ്യം ബാറ്റ് ചെയ്ത യു.പി.സി നദീറിന്റെ ബാറ്റിങ് മികവിൽ (26) എട്ട് വിക്കറ്റ് നഷ്ടത്തിൽ 64 റൺസാണെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ടൈറ്റാൻസ് ഗോകുലിന്റെയും (17), ശ്യാംലാലിന്റെയും (16) ബാറ്റിങ് ഒരു പന്ത് ശേഷിക്കെ എട്ട് വിക്കറ്റ് നഷ്ടത്തിൽ വിജയം കാണുകയായിരുന്നു. ലീഗടിസ്ഥാനത്തിൽ 10 ടീമുകളായിരുന്നു മാറ്റുരച്ചിരുന്നത്. കുട്ടികൾക്കും സ്ത്രീകൾക്കുമായി ഒട്ടേറെ കൾചറൽ പ്രോഗ്രാമുകളും ഗെയിമുകളും ക്വിസ് മത്സരങ്ങളും നടത്തിയത് കാണികൾക്കും കുടുംബങ്ങൾക്കും വ്യത്യസ്ത അനുഭവമായി. എല്ലാ വിജയികൾക്കും സമ്മാനങ്ങളും നൽകി.
ഫൈനലിലെ മാൻ ഓഫ് ദി മാച്ച് ആയി ടൈറ്റാൻസിന്റെ ഗോകുലിനെയും ടൂർണമെന്റിലെ മികച്ച ബൗളറായി അൽത്താഫ് (റൂവി സ്മാഷേഴ്സ്), മികച്ച ബാറ്റർ ആയി അഫ്സൽ (യു.പി.സി), ടൂർണമെന്റിലെ മികച്ച കളിക്കാരനായി മുഹമ്മദ് ഷെരീഫിനെയും (യു.പി.സി) തിരഞ്ഞെടുത്തു. നിരവധി പ്രോത്സാഹന സമ്മാനങ്ങളും കളിക്കാർക്കായി വിതരണം ചെയ്തു.
വരും വർഷങ്ങളിൽ കൂടുതൽ ടീമുകളെ ഉൾപ്പെടുത്തി വിപുലമായ രീതിയിൽ ടൂർണമെന്റ് സംഘടിപ്പിക്കുമെന്ന് ബി.എച്ച്.ടി സ്പോർട്സ് ക്ലബ് പ്രസിഡന്റ് ജുനൈദ് അറിയിച്ചു. ടൂർണമെന്റിൽനിന്ന് സമാഹരിച്ച മുഴുവൻ തുകയും വയനാട് വെള്ളമുണ്ട അൽ കറാമ ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനങ്ങൾക്കായി നൽകുമെന്നും അദ്ദേഹം പറഞ്ഞു. ടൂർണമെന്റുമായി സഹകരിച്ച എല്ലാ ടീമുകളുടെയും മാനേജ്മെന്റിനോട് ബി.എച്ച്.ടി കോർ കമ്മിറ്റി അംഗങ്ങളായ ഷംനാദ്, മീരജ് എന്നിവർ നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.