ബിലാൽ ഖാൻ@100
text_fieldsമസ്കത്ത്: ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ നൂറുവിക്കറ്റ് നേട്ടവുമായി ഒമാന്റെ പേസ് ബൗളർ ബിലാൽഖാൻ. സ്കോട്ട്ലൻഡിലെ ഡൻഡിയിൽ നടന്ന ഐ.സി.സി വേൾഡ് ക്രിക്കറ്റ് ലീഗ് -2 മത്സരത്തിനിടെ നമീബിയയുടെ ജാൻ ഫ്രൈലിങ്കിനെ പുറത്താക്കിയാണ് ഈ മിന്നും നേട്ടം സ്വന്തമാക്കിയത്. വെറും 49 ഏകദിന മത്സരങ്ങളാണ് ഈ ശ്രദ്ധേയമായ നേട്ടത്തിലേക്ക് വേണ്ടി വന്നത്. ലോകതലത്തിൽ ഏകദിനത്തിൽ അതിവേഗം 100 വിക്കറ്റ് തികക്കുന്ന മൂന്നാമത്തെ താരമാണ് ബിലാൽ.
42 മത്സരത്തിൽനിന്ന് ഈ നേട്ടം കൈവരിച്ച നേപ്പാളിന്റെ ലെഗ് സ്പിന്നർ സന്ദീപ് ലാമിച്ചാൻ, 44 കളിയിൽനിന്ന് 100 ഏകദിന വിക്കറ്റുകൾ നേടിയ അഫ്ഗാനിസ്താന്റെ ലെഗ് സ്പിന്നർ റാഷിദ് ഖാൻ എന്നിവരാണ് മറ്റു രണ്ട് താരങ്ങൾ. പക്കിസ്താൻ താരം ഷഹീൻ ഷാ അഫ്രീദി ( 51മത്സരം),ആസ്ട്രേലിയയുടെ മിച്ചൽ സ്റ്റാർക്ക് (52 ഏകദിനം), ന്യൂസിലൻഡിന്റെ ഷെയ്ൻ ബോണ്ട് (54 ഏകദിനങ്ങൾ) എന്നിവരെയും ഒമാൻ താരം മറികടന്നു. ട്വന്റി20യിൽ 100 വിക്കറ്റുകൾ നേടുന്ന ഐ.സി.സി അസോസിയേറ്റ് രാജ്യങ്ങളിൽനിന്നുള്ള ആദ്യത്തെ താരമെന്ന നേട്ടവും ഈ വർഷത്തിന്റെ തുടക്കത്തിൽ ബിലാൽ ഖാൻ സ്വന്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണിപ്പോൾ ഏകദിനത്തിലും മികവാർന്ന നേട്ടം കൈവരിച്ചിരിക്കുന്നത്.
ഈ ശ്രദ്ധേയമായ നേട്ടം കൈവരിക്കാൻ സാധിച്ചതിന് സർവശക്തനെ സ്തുതിക്കുകയാണെന്ന് ബിലാൽ ഖാൻ പറഞ്ഞു. വർഷങ്ങളായി എന്നെ വിശ്വസിച്ച പരിശീലകൻ ദുലീപ് മെൻഡിസ്, ബൗളിങ് കോച്ച് ചമ്പക രാമനായകെ, ഒ.സി ബോർഡ് ചെയർമാൻ പങ്കജ് ഖിംജി, ഒ.സി ട്രഷറർ അൽകേഷ് ജോഷി, മസർ സലീം ഖാൻ എന്നിവരോട് ഞാൻ നന്ദി പറയുകയാണെന് 37കാരൻ പറഞ്ഞു. പാകിസ്താനിലെ പെഷവാറാണ് ബിലാൽഖാന്റ സ്വദേശം. റൊക്കോർഡ് പിറന്ന മത്സരത്തിൽ ഒമാൻ നാല് വിക്കറ്റിന് നമീബിയയെ തോൽപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.