പുരസ്കാരത്തുക പഠനസഹായത്തിന് ; മാതൃകയായി ബിനു കെ. സാം
text_fieldsമസ്കത്ത്: പ്രവാസലോകത്ത് മാതൃഭാഷയുടെ സംരക്ഷണത്തിനും പ്രചാരണത്തിനുമായി പ്രവർത്തിക്കുന്ന മലയാളം ഒമാൻ ചാപ്റ്റർ ബഹുമുഖ പ്രതിഭകളായ ഭാഷ അധ്യാപകർക്കേർപ്പെടുത്തിയ പ്രഥമ ഗുരുദക്ഷിണ പുരസ്കാരം നേടിയ പത്തനംതിട്ട സെന്റ് മേരീസ് ഹൈസ്കൂൾ മലയാളം അധ്യാപകൻ ബിനു കെ. സാം പുരസ്കാരത്തുക വിദ്യാർഥികളുടെ പഠനത്തിനായി നൽകും.
ജോലി നഷ്ടപ്പെട്ട പ്രവാസികളുടെ മക്കളുടെ പഠനത്തിനായി പുരസ്കാരത്തുകയായ ഒരു ലക്ഷം രൂപയാണ് ഇദ്ദേഹം കൈമാറുക. മലയാള മഹോത്സവവേദിയിൽ വൈസ് ചെയർമാൻ സദാനന്ദൻ എടപ്പാൾ, ആഗോള സാഹിത്യത്തിലെ ഇന്ത്യൻ മുഖം ശ്യാം സുധാകർ എന്നിവർ ചേർന്ന് പുരസ്കാരം സമർപ്പിച്ചു. നടനും എഴുത്തുകാരനുമായ ഇബ്രാഹിംകുട്ടി പൊന്നാടയണിയിച്ചു. രക്ഷാധികാരി അജിത് പനച്ചിയിൽ, ജനറൽ സെക്രട്ടറി രതീഷ് പട്ടിയാത്ത് എന്നിവർ പുരസ്കാരത്തുക നൽകി. ചെയർമാൻ മുഹമ്മദ് അൻവർ ഫുല്ല അധ്യക്ഷത വഹിച്ചു. 62 തവണ രക്തദാനം നടത്തി മാതൃകയായതിന് സംസ്ഥാന സർക്കാർ 2021ൽ മികച്ച രക്തദാതാവിനുള്ള പുരസ്കാരം നൽകി ബിനു കെ. സാമിനെ ആദരിച്ചിരുന്നു.
സ്വന്തം പുരയിടത്തിൽ വീടുവെച്ച് നൽകിയത് ഉൾപ്പെടെ വിവിധ സാമൂഹികപ്രവർത്തന മേഖലയിൽ മാതൃകയായ ഇദ്ദേഹം ഭാഷാധ്യാപകൻ എന്ന നിലയിൽ നൂതനാശയങ്ങൾ ആവിഷ്കരിച്ച് നടപ്പാക്കുക വഴി വിദ്യാഭ്യാസ മേഖലയിൽ ഏറെ ശ്രദ്ധേയ നേട്ടങ്ങൾക്ക് ഉടമയാണ്. പത്തനംതിട്ട തേക്കുതോട് സ്വദേശിയായ ബിനു കെ. സാം അധ്യാപക ദമ്പതികളായ സാമുവൽ കുളത്തുങ്കലിന്റെയും ജി. ദീനാമ്മയുടെയും മകനാണ്. കോട്ടയം സി.എം.എസ് കോളജ് മലയാള വിഭാഗം അധ്യാപിക മിനി മറിയം സഖറിയയാണ് ഭാര്യ. മകൾ ആർച്ച ഡൈന ബംഗളൂരു ക്രൈസ്റ്റ് യൂനിവേഴ്സിറ്റിയിൽ മാസ് കമ്യൂണിക്കേഷൻ ബിരുദാനന്തരബിരുദ വിദ്യാർഥിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.