ഒമാനിൽ ബയോഡീസൽ നിർമാണകേന്ദ്രം വരുന്നു
text_fieldsമസ്കത്ത്: പാചകം ചെയ്ത ഭക്ഷ്യഎണ്ണയിൽ നിന്ന് ബയോ ഡീസൽ ഉൽപാദിപ്പിക്കുന്ന സംരംഭം ഒമാനിലേക്കും. മലയാളികളുടെ നേതൃത്വത്തിലുള്ള കമ്പനികളാണ് ഒമാനിലെ ആദ്യ ബയോ ഡീസല്‍ പ്ലാൻറ് സ്ഥാപിക്കുന്നത്. ഖത്തർ കേന്ദ്രമായുള്ള എറിഗോ ഗ്രൂപ്പും ദുബൈ കേന്ദ്രമായുള്ള ന്യൂട്രൽ ഫ്യുവൽസ് ഹോൾഡിങ് ലിമിറ്റഡും സംയുക്തമായി ബർക്ക വ്യവസായമേഖലയിലാണ് കമ്പനി സ്ഥാപിക്കുക. പ്രാദേശികമായി ശേഖരിക്കുന്ന ഉപയോഗിച്ച പാചക എണ്ണ ഉപയോഗിച്ച് പ്രതിവർഷം എട്ടു ലക്ഷം ഗാലൺ ബയോഡീസലാണ് ഇവിടെ ഉൽപാദിപ്പിക്കാൻ സാധിക്കുകയെന്ന് കമ്പനി അധികൃതർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഇരു കമ്പനികൾക്കും സുൽത്താനേറ്റിലെ മാലിന്യസംസ്കരണത്തിെൻറ ചുമതലയുള്ള ഒമാൻ എൻവയേൺമെൻറൽ സർവിസസ് ഹോൾഡിങ് കമ്പനിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്.
ഒമാനിലെ ചെറുകിട റസ്റ്റാറൻറുകളിലെയടക്കം ഉപയോഗിച്ചു കഴിഞ്ഞ എണ്ണ ശേഖരിച്ച് ബർക്കയിലെ ബയോ ഡീസല്‍ പ്ലാൻറില്‍ എത്തിക്കും. നിശ്ചിത തുക നല്‍കിയാണ് ഇത് കമ്പനി ശേഖരിക്കുക. ഈ എണ്ണയുടെ 95 ശതമാനത്തിലധികവും ബയോ ഡീസല്‍ ആയി മാറ്റാനാകും. ഉൽപാദിപ്പിക്കുന്ന ബയോഡീസൽ യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യും. പാചകം ചെയ്ത ഭക്ഷ്യഎണ്ണ ഉപയോഗിച്ച് ബയോ ഡീസൽ ഉൽപാദിപ്പിക്കുന്നതിൽ മുൻനിരയിലുള്ള കമ്പനിയാണ് എറിഗോ ഗ്രൂപ്. ഖത്തറിന് പുറമെ ഇന്ത്യ, മലേഷ്യ, തുനീഷ്യ, ഫിലിപ്പീന്‍സ് എന്നിവിടങ്ങളിലും ഗ്രൂപ്പിന് പ്ലാന്റുകളുണ്ട്. ഗൾഫ് മേഖലയിലെ ആദ്യ ലൈസൻസ്ഡ് ബയോ ഫ്യുവൽ ഉൽപാദനകേന്ദ്രം 2011ൽ സ്ഥാപിച്ച കമ്പനിയാണ് ന്യൂട്രൽ ഫ്യുവൽസ്. കമ്പനി ഡയറക്ടര്‍മാരായ നൗഷാദ് റഹ്മാന്, മുഹമ്മദ് അഷ്റഫ് എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.