പൊതുസ്ഥലത്ത് പറവകൾക്ക് തീറ്റ; മസ്കത്ത് മുനിസിപ്പാലിറ്റി അഭിപ്രായം സ്വരൂപിക്കുന്നു
text_fieldsമസ്കത്ത്: പൊതു ഇടങ്ങളിൽ പ്രാവുകൾക്കും മറ്റും ധാന്യങ്ങളും ഭക്ഷ്യവസ്തുക്കളും നൽകുന്നതു സംബന്ധമായി മസ്കത്ത് മുനിസിപ്പാലിറ്റി ജനങ്ങളുടെ അഭിപ്രായം സ്വരൂപിക്കുന്നു.
പൊതുസ്ഥലങ്ങളിൽ പക്ഷികൾക്ക് ഭക്ഷ്യോൽപന്നങ്ങൾ നൽകുന്നത് പൊതുജനാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതായും പ്രാദേശിക പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായും ഇത്തരം മേഖലകൾക്കു ചുറ്റും താമസിക്കുന്നവർക്ക് പ്രയാസം സൃഷ്ടിക്കുന്നതായും കണ്ടെത്തിയിരുന്നു. ഈ വിഷയത്തിലാണ് മസ്കത്ത് മുനിസിപ്പാലിറ്റി പൊതുജനങ്ങളുടെ അഭിപ്രായം തേടുന്നത്. അഭിപ്രായ സർവേയിൽ പങ്കെടുത്തവരിൽ 57 ശതമാനം പേരും മുനിസിപ്പാലിറ്റിയുടെ നിരീക്ഷണത്തിന് അനുകൂലമായാണ് അഭിപ്രായം രേഖപ്പെടുത്തിയത്.
റൂവി അടക്കമുള്ള നഗരങ്ങളിൽ പൊതുജനങ്ങൾ പ്രാവുകൾക്ക് തീറ്റ നൽകുന്നത് സാധാരണ കാഴ്ചയാണ്. റൂവിയിലെ മസ്കത്ത് സെക്യൂരിറ്റി മാർക്കറ്റിന് സമീപത്തെ ഒഴിഞ്ഞ സ്ഥലത്താണ് പൊതുജനങ്ങൾ ധാന്യങ്ങളും ഭക്ഷ്യവസ്തുക്കളും എത്തിക്കുന്നത്. വാഹനങ്ങളിലും മറ്റുമായി ദിവസവും നിരവധി പേരാണ് ഇവിടെ ഭക്ഷ്യസഞ്ചികളുമായി എത്തുന്നത്. ഇതിനായി നൂറുകണക്കിന് പ്രാവുകളാണ് ഇവിടെ പറന്നെത്തുന്നത്. ഇവ പറന്നിറങ്ങുന്നതും പറന്നുയരുന്നതുമൊക്കെ മനോഹരമായ കാഴ്ചയാണ്.
എന്നാൽ, അടുത്തിടെ പ്രാവുകളുടെ എണ്ണം ഗണ്യമായി വർധിച്ചിട്ടുണ്ട്. ഇതോടെ പ്രാവുകളുടെ കാഷ്ഠവും തൂവലുകളും ദുർഗന്ധമുയർത്തുന്നുണ്ട്. കൂടാതെ പക്ഷികളെ പിടിക്കാൻ നായ്ക്കളും മറ്റും പ്രദേശത്ത് ചുറ്റിക്കറങ്ങുന്നതും മറ്റൊരു പ്രശ്നമാണ്. ഇത് യാത്രക്കാർക്കും നടത്തക്കാർക്കും പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഇവിടെ ഭക്ഷണം തേടിയെത്തുന്ന പ്രാവുകൾ ചുറ്റുമുള്ള കെട്ടിടങ്ങളിലെ ടെറസുകളിലും ജനലുകളിലും മറ്റ് ഒഴിഞ്ഞ സ്ഥലങ്ങളിലുമാണ് വസിക്കുന്നത്.
ഇവ മുട്ട ഇടുന്നതും പെരുകുന്നതും ഇത്തരം കെട്ടിടങ്ങളിൽ തന്നെ. ഇവയുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളും ദുർഗന്ധവും നിമിത്തം നിരവധി പേർക്ക് താമസം ഒഴിയേണ്ടിവന്നിട്ടുണ്ട്. വാഹനങ്ങളിലും മറ്റും കാഷ്ഠിക്കുന്നത് മറ്റൊരു പ്രയാസമാണ്. കെട്ടിട ഉടമകൾക്കും നോക്കിനടത്തുന്നവർക്കും പ്രാവുകൾ വെല്ലുവിളിയാണ്. ഈ സാഹചര്യത്തിലാണ് മസ്കത്ത് മുനിസിപ്പാലിറ്റി ഇതുസംബന്ധമായി പൊതുജനാഭിപ്രായം തേടുന്നത്.
മൈനകൾ വൻതോതിൽ വർധിക്കുന്നത് പൊതുജനങ്ങൾക്ക് ഭീഷണിയാവുന്നതായി അധികൃതർ കണ്ടെത്തിയിരുന്നു. ഇവയുടെ വർധന ഒമാന്റെ ജൈവവ്യവസ്ഥക്ക് ദോഷം ചെയ്യുമെന്നും വിലയിരുത്തിയിരുന്നു. ഇവയുടെ വർധന നിയന്ത്രിക്കാനുള്ള നടപടിക്രമങ്ങൾ അധികൃതരുടെ പരിഗണനയിലാണ്. 10 വർഷം മുമ്പ് വരെ അപൂർവമായി മാത്രം കണ്ടുവന്നിരുന്ന കാക്കകളും ഒമാനിൽ പെരുകുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.