‘ബർ അൽ ഹിക്മാനി’ൽ കഴിഞ്ഞവർഷം എത്തിയത് 42 ഇനം കടൽപക്ഷികൾ
text_fieldsമസ്കത്ത്: ദേശാടനപ്പക്ഷികളുടെ ഇഷ്ട കേന്ദ്രമായ അൽ വുസ്ത ഗവർണറേറ്റിലെ ബർ അൽ ഹിക്മാൻ ചതുപ്പുനില പ്രകൃതിസംരക്ഷണ കേന്ദ്രത്തിൽ കഴിഞ്ഞവർഷം 42 ഇനങ്ങളിലുള്ള അരലക്ഷത്തോളം കടൽപക്ഷികൾ എത്തിയതായി പരിസ്ഥിതി കാലാവസ്ഥാ വിഭാഗത്തിെൻറ സർവേ റിപ്പോർട്ട്.
തണുപ്പുകാലത്തെ ദേശാടനത്തിനിടെയാണ് പക്ഷികൾ ഇവിടെയെത്തിയത്. മൊത്തം ദേശാടനപ്പക്ഷികളിൽ കടലിലും തീരത്തുമായി കണ്ടുവരുന്ന 4.10 ലക്ഷം പക്ഷികളാണ് എത്തിയത്. ഇൗ ഇനത്തിൽപെടുന്ന 18 പക്ഷികളുടെ ‘ബർ അൽ ഹിക്മാനി’ലെ എണ്ണം ദേശാടനം നടത്തിയവയേക്കാൾ ഒരു ശതമാനം അധികമായിരുന്നെന്നും റിപ്പോർട്ട് പറയുന്നു.
ദേശാടനം നടത്തുന്ന കടൽപക്ഷികളുടെ പ്രധാന വിശ്രമകേന്ദ്രം എന്ന നിലയിൽ പ്രാദേശിക-അന്തർദേശീയ തലങ്ങളിൽ ഏറെ പ്രാധാന്യമുള്ളതാണ് ഇൗ സംരക്ഷണ കേന്ദ്രം. ആഫ്രിക്കൻ-യൂറേഷ്യൻ ദേശാടന പാതയിലാണ് ബർ അൽ ഹിക്മാൻ സ്ഥിതി ചെയ്യുന്നത്. വിശ്രമത്തിനും ഭക്ഷണം തേടുന്നതിനുമായാണ് ചതുപ്പുനിലങ്ങളെ പക്ഷികൾ ആശ്രയിക്കുന്നത്. ഏതാണ്ട് രണ്ടാഴ്ചയോളം പക്ഷികൾ ഇവിടെ ചെലവഴിക്കാറുണ്ടെന്നും റിപ്പോർട്ട് പറയുന്നു.
ഇൗ വർഷത്തെ സർവേക്ക് മാർച്ച് ഒമ്പതിന് തുടക്കം കുറിച്ചതായും മന്ത്രാലയം അറിയിച്ചു. വസന്തകാലത്ത് ആഫ്രിക്കൻ ഉപഭൂഖണ്ഡത്തിൽനിന്ന് തണുപ്പ് പ്രദേശങ്ങളിലേക്ക് പോകുന്ന പക്ഷികളെ കുറിച്ച പഠനമാണ് ഇൗ വർഷത്തെ സർവേയുടെ ലക്ഷ്യം. ആദ്യ ആഴ്ചയിൽ തന്നെ അമ്പതോളം ഇനത്തിൽ പെടുന്ന പക്ഷികളെ റിസർവിൽ കണ്ടെത്തിയതായും മന്ത്രാലയം അറിയിച്ചു. പരിസ്ഥിതി കാലാവസ്ഥാ മന്ത്രാലയം വെറ്റ്ലാൻഡ്സ് ഇൻറർനാഷനൽ ഒാർഗനൈസേഷനുമായി ചേർന്നാണ് സർവേ പ്രവർത്തനങ്ങൾ നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.