പെരുന്നാൾ; പാരമ്പര്യ സൂഖുകൾ ഉണർന്നു
text_fieldsസുഹാർ: പെരുന്നാളിനെ വരവേൽക്കാൻ സ്വദേശികളും വിദേശികളും ഒരുക്കങ്ങൾ തുടങ്ങിയതോടെ വിപണി സജീവമായി. പാരമ്പര്യ സൂഖുകളിൽ നല്ല കച്ചവടമാണ് നടക്കുന്നത്.
റമദാൻ കച്ചവടം വ്യത്യസ്ത രൂപത്തിലാണ് ഓരോ പത്തിലും. നല്ല നിലയിൽ വിൽപന നടന്ന, പലവ്യഞ്ജനം, ഗൃഹോപകരണങ്ങൾ, ഈത്തപ്പഴം, പഴങ്ങൾ, പച്ചക്കറികൾ എന്നീ സാധനങ്ങളുടെ വിൽപനയിൽ കുറവ് വന്നു. ഇനി പെരുന്നാൾ ആഘോഷത്തിന്റെ തയാറെടുപ്പാണ്. അവസാന പത്തിൽ എത്തുമ്പോൾ പെരുന്നാൾ തിരക്കിന്റെ സാധന സാമഗ്രികൾ മാർക്കറ്റുകളിലെ ഷെൽഫുകളിൽ ഒരുങ്ങും. ആടുമാടുകളുടെ കച്ചവടവും വരും ദിവസങ്ങളിൽ പുരോഗമിക്കും.
ഇറച്ചി കുഴിയിൽ ചുട്ടെടുക്കുന്ന ഷുവ നിർമാണത്തിന് ആവശ്യമായ പായ (ഖസ്ഫ), ചാക്ക് (ഗുനിയ), നെറ്റ് സ്റ്റീൽ (ശബക്ക്) കരി, ഇറച്ചി വെട്ടുന്ന തടി, കത്തി എന്നിങ്ങനെ സാധനങ്ങൾ വാങ്ങി പെരുന്നാളിന് മുമ്പുതന്നെ ഷുവ അടുപ്പിൽ ഇറക്കും.
ഇതിന്റെ സാധനങ്ങളാണ് മാർക്കറ്റിൽ വിൽപനയിൽ മുന്നിട്ടു നിൽക്കുന്നതെന്ന് സീബ് സൂഖിൽ കച്ചവടം ചെയ്യുന്ന വയനാട്ടുകാരൻ ഷറഫു പറഞ്ഞു. ബലി പെരുന്നാളിന് അറവുമാടുകളുടെ വിൽപന കുത്തനെ ഉയരുമെങ്കിലും ചെറിയ പെരുന്നാളിനും ആടുകളുടെ വിൽപന സജീവമാണ്. കൂട്ടുകുടുംബങ്ങളുടെ പെരുന്നാൾ ആഘോഷത്തിന് മാംസം ധാരാളമായി ഉപയോഗിക്കും. ഷുവ ബിരിയാണി, മന്തി മജ്ബൂസ്, മിഷ്കാക്ക് എന്നിവക്കെല്ലാം ആട്ടിറച്ചിയാണ് ഉപയോഗിക്കുന്നത്.
ഈത്തപ്പഴ പേസ്റ്റ് ഇറച്ചിയിൽ പൊതിഞ്ഞുവെച്ചു ചുട്ടെടുക്കുന്ന രീതിയും നിലവിലുണ്ട്. അതുകൊണ്ട് തന്നെ കിലോക്കണക്കിന് ഈത്തപ്പഴ പേസ്റ്റ് വിൽപനക്ക് എത്തിയിട്ടുണ്ട്.
പാരമ്പര്യം കൈമോശം വരാതെ കാത്തുസൂക്ഷിക്കുന്ന ഒമാനികൾ പാരമ്പര്യ ഭക്ഷണരീതികളിൽനിന്ന് വിട്ടുനിൽക്കില്ല. അതുകൊണ്ടുതന്നെ സൂക്കുകളിൽ വിൽപനയുടെ തോത് കൂടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.