ഇന്ത്യന്‍ എംബസിയില്‍ രക്തദാന കാമ്പയിന് തുടക്കം
text_fieldsമസ്കത്ത്: റമദാൻ മാസത്തിൽ സാധാരണയായി അനുഭവപ്പെടുന്ന രക്തദൗർലഭ്യം പരിഹരിക്കുന്നതിനായി ഒമാനിലെ ഇന്ത്യൻ എംബസി നടത്തുന്ന രക്തദാന കാമ്പയിന് തുടക്കം. എംബസി ഓഡിറ്റോറിയത്തിൽ രാവിലെ നടന്ന ചടങ്ങിൽ ആരോഗ്യ മന്ത്രി ഹിലാൽ ബിൻ അലി അൽ സബ്തി ഉദ്ഘാടനം ചെയ്തു. ഒമാൻ ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് ഏപ്രില്‍ 19 വരെ നടക്കുന്ന കാമ്പയിനില്‍ രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെ എംബസിയിലെത്തി രക്തം ദാനം ചെയ്യാം.
സലാല, സുഹാർ എന്നിവിടങ്ങളിലും രക്തദാന ഡ്രൈവ് നടത്തുന്നുണ്ട്. തുടർച്ചയായ രണ്ടാം വർഷമാണ് ഇന്ത്യൻ എംബസി വിശുദ്ധ റംസാൻ മാസത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്. 1500ലധികം ആളുകളുടെ പങ്കാളിത്തത്തോടെ 1397 യൂനിറ്റ് രക്തമാണ് കഴിഞ്ഞ വർഷം സംഭാവന ചെയ്യാനായത്. ഈ വർഷം ഇതിൽ കൂടുതൽ രക്തംദാനം ചെയ്യാനാകുമെന്ന വിശ്വാസത്തിലാണ് സംഘാടകർ. ഒമാനിലെ ഇന്ത്യൻ സമൂഹം ഡ്രൈവിങിൽ പങ്കാളികളായി രക്തദാനത്തെ പ്രോത്സാഹിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങളെ ആരോഗ്യമന്ത്രി അഭിനന്ദിച്ചു.
പ്രാദേശിക സമൂഹത്തിന്റെ ആരോഗ്യ ആവശ്യങ്ങളെ പിന്തുണക്കാൻ ഒമാനിലെ ഇന്ത്യൻ സമൂഹം പ്രതിജ്ഞാബദ്ധമാണെന്ന് ചടങ്ങിൽ സംസാരിച്ച ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരങ് പറഞ്ഞു. രക്തം ദാനം ചെയ്യുകയും പരിപാടി വിജയിപ്പിക്കാൻ സഹായിക്കുകയും ചെയ്ത സേവാ ഇന്റർനാഷനൽ, ബഹ്വാൻ എൻജിനീയറിങ് ഗ്രൂപ്പ്, അൽ നബ ഗ്രൂപ്പ്, അൽ അൻസാരി ഗ്രൂപ്പ്, അൽ തസ്നിം ഗ്രൂപ്പ്, സലാലയിലെയും സുഹാറിലെയും ഇന്ത്യൻ സോഷ്യൽ ക്ലബ് ശാഖകൾ, ഒമാനിലെ വിവിധ യോഗ സംഘടനകൾ, ഇന്ത്യൻ സ്കൂളുകൾ, ലുലു ഹൈപ്പർമാർക്കറ്റ് എന്നിവയെ എംബസി പ്രശംസിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.