ഖരീഫ്‘ബ്ലൂം ഹവാന സലാല ഫെസ്റ്റിവൽ’ 27മുതൽ
text_fieldsമസ്കത്ത്: ഖരീഫ് സീസണിന്റെ ഭാഗമായി പൈതൃക വിനോദസഞ്ചാര മന്ത്രാലയം ‘ബ്ലൂം ഹവാന സലാല ഫെസ്റ്റിവൽ’ സംഘടിപ്പിക്കും. ബിസിനസ് പ്ലാറ്റ്ഫോമായ തൈസീർ, സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾ എന്നിവയുമായി ചേർന്ന് നടത്തുന്ന പരിപാടി ജൂലൈ 27 മുതൽ ആഗസ്റ്റ് 11 വരെ ദോഫാർ ഗവർണറേറ്റിലെ ഹവാന സലാലയിലാണ് അരങ്ങേറുക.
ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങുകൾക്ക് ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ ഡയറക്ടർ ബോർഡ് ചെയർമാൻ ശൈഖ് ഫൈസൽ ബിൻ അബ്ദുല്ല അൽ റവാസ് നേതൃത്വം നൽകും. ഫെസ്റ്റിവലിൽ പ്രതിദിനം പതിനായിരത്തോളം സന്ദർശകർ എത്തുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. വിവിധ പരിപാടികളിലൂടെയും പ്രവർത്തനങ്ങളിലൂടെയും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും സുസ്ഥിരതയെക്കുറിച്ചും അവബോധം പ്രചരിപ്പിക്കുന്നതിനൊപ്പം, സർഗാത്മകതയും വിനോദവും സമന്വയിപ്പിക്കുന്ന കാഴ്ചാനുഭവം നൽകാനാണ് സംഘാടകർ ലക്ഷ്യമിടുന്നത്.
ഫെസ്റ്റിവലിൽ ദോഫാർ ഗവർണറേറ്റിലുള്ള സസ്യങ്ങളുടെ ചെറിയ പ്രദർശനവും ഉണ്ടായിരിക്കും. പെയിന്റിങ്, സംഗീതം, തെരുവുനാടകം, മറ്റു കലകൾ എന്നിങ്ങനെ വിവിധങ്ങളായ പരിപാടികളുമുണ്ടാകും. മുതിർന്നവരും കുട്ടികളുമുൾപ്പെടെ എല്ലാവർക്കും ആസ്വദിക്കാവുന്ന തരത്തിലാണ് പരിപാടികൾ ഒരുക്കിയിരിക്കുന്നത്. ഖരീഫ് സീസണിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും സൈറ്റുകളിലേക്കും ടൂറിസ്റ്റുകളെ എത്തിക്കുന്നതുമായി ബന്ധപ്പെട്ട അധികാരികളുടെ സമീപനത്തിന് അനുസൃതമായാണ് ഈ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നതെന്ന് ദോഫാർ ഗവർണറേറ്റിലെ ടൂറിസം പ്രമോഷൻ വകുപ്പ് ഡയറക്ടർ മർവാൻ ബിൻ അബ്ദുൽഹക്കിം അൽ ഗസാനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.