കോവിഡ്: ഒമാനിൽ ബൂസ്റ്റർ ഡോസ് നിർബന്ധമാക്കിയിട്ടില്ല -മന്ത്രി
text_fieldsമസ്കത്ത്: കോവിഡിനെതിരെ മൂന്നാം ഡോസ് നിർബന്ധമാക്കിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് മുഹമ്മദ് അൽ സഈദി. ഒമാനിലെ കോവിഡ് സ്ഥിതിഗതികൾ വിശദീകരിക്കാൻ നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ ഒന്നും രണ്ടും ഡോസ് മാത്രമേ നിർബന്ധമാക്കിയിട്ടുള്ളൂ.
അടുത്തിടെ നടന്ന കോവിഡ് മരണങ്ങളിൽ 90 ശതമാനവും വാക്സിൻ സ്വീകരിക്കാത്തവരിലാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച രോഗികളിൽ 96 ശതമാനംപേരും ഒരു ഡോസ്പോലും എടുക്കാത്തവരാണ്. രാജ്യത്തെ പ്രതിരോധ കുത്തിവെപ്പ് ഉയർന്ന നിരക്കിലാണുള്ളത്. ഏഴു ദശലക്ഷം ആളുകൾക്കാണ് ഇതുവരെ വാക്സിൻ നൽകിയത്. ബൂസ്റ്റർ ഡോസ് സ്വീകരിച്ചത് വെറും പത്തു ശതമാനം സ്വദേശികൾ മാത്രമാണെന്നത് സങ്കടകരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ലക്ഷ്യമിട്ട ഗ്രൂപ്പിെൻറ 90 ശതമാനം ആളുകൾക്കും രണ്ടു ഡോസ് വാക്സിൻ നൽകാനായി. മഹാമാരി ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്.
ഇത് എപ്പോൾ അവസാനിക്കുമെന്ന് പറയാനാവില്ല. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ആഗോളതലത്തിൽ ആരോഗ്യമേഖലയെ വൈറസ് ഹൈജാക്ക് ചെയ്തു. ഇത് സമൂഹങ്ങളിൽ ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളത്. എല്ലാവരുടെയും പരിശ്രമത്തിെൻറ ഫലമായി ഒമാനിൽ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവാൻ കഴിയും.
മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഒമാനിലെ ആരോഗ്യമേഖലയെ കോവിഡ് കാര്യമായി ബാധിച്ചിട്ടില്ല. ഇതു തെളിയിക്കുന്ന രേഖ ഞങ്ങളുടെ പക്കലുണ്ട്. മരുന്നുകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും നിർമാതാക്കളെ മഹാമാരി ബാധിച്ചിട്ടുണ്ട്. ജീവൻ രക്ഷമരുന്നുകളുടെ മതിയായ സ്റ്റോക്ക് രാജ്യത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോവിഡിനെ പ്രതിരോധിക്കാൻ വാക്സിൻ നല്ല ഒരു ഉപകരണമാണ്. കിംവദന്തികളിൽപ്പെടാതെ എല്ലാവരും വാക്സിൻ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒത്തുചേരലുകൾ വൈറസ് പടരാൻ സഹായിക്കും. ചില സർക്കാർ സ്ഥാപനങ്ങളും സംഘടനകളും ഇഫ്താർ ഹാളുകൾ ബുക്ക് ചെയ്തിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. റമദാൻ മാസവുമായി ബന്ധപ്പെട്ട സുപ്രീംകമ്മിറ്റിയുടെ തീരുമാനങ്ങളും നടപടിക്രമങ്ങളും പൊതുജനാരോഗ്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ്.
പള്ളികളില്‍ മറ്റു ഇടങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രത്യേക നിയന്ത്രണങ്ങളില്ല. സമൂഹ ഇഫ്താറുകളില്ലാതെ തന്നെ നോമ്പ് തുറ വിഭവങ്ങള്‍ വിതരണം ചെയ്യാന്‍ സാധിക്കും. രാജ്യത്തേക്ക് തൊഴില്‍, വിനോദ സഞ്ചാര ആവശ്യങ്ങള്‍ക്ക് വരുന്നവര്‍ക്കും വാക്സിനെടുത്തിട്ടുണ്ടെങ്കില്‍ പി.സി.ആര് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. നാലാം ഡോസിനെ കുറിച്ച് ആരോഗ്യ മന്ത്രാലയത്തിലെ പ്രത്യേക സംഘം പഠനം നടത്തിവരികയാണെന്നും മന്ത്രി പറഞ്ഞു.
ആദ്യ ഡോസ് വാക്സിൻ എടുത്തയാൾ രണ്ടു വർഷങ്ങൾക്കകം മരിച്ചുപോകുമെന്നാണ് കിംവദന്തികൾ പ്രചരിക്കുന്നത്. മൂന്നാം ഡോസ് എടുത്ത ഞാൻ രണ്ടു വർഷവും നാലു മാസവും കഴിഞ്ഞ് ഇപ്പോഴും ജീവിക്കുന്നുണ്ടെന്നും അരോഗ്യമന്ത്രി പറഞ്ഞു. വാക്സിനുകളും ഹൃദ്രോഗവും തമ്മിൽ നേരിട്ട് ബന്ധമുണ്ടെന്ന് തെളിവുകളൊന്നുമില്ല.
യാത്ര നിരോധനവും അടച്ചുപൂട്ടലും പ്രായോഗികമല്ലെന്ന് ബോധ്യമായിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഡോക്ടേഴ്സ് ദിനത്തിൽ എല്ലാ മെഡിക്കൽ സ്റ്റാഫിനെയും അഭിനന്ദിച്ചുകൊണ്ടാണ് ആരോഗ്യമന്ത്രി വാർത്തസമ്മേളനം ആരംഭിച്ചത്. ആരോഗ്യ മന്ത്രാലയത്തിലെ സാംക്രമിക രോഗങ്ങളുടെ ഡയറക്ടർ ബദർ സെയ്ഫ് അൽ റവാഹിയും വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.