സഹമിൽ വെങ്കലയുഗത്തിലെ പുരാവസ്തുക്കൾ കണ്ടെത്തി
text_fieldsമസ്കത്ത്: വടക്കൻ ബാത്തിന ഗവർണറേറ്റിൽ മൂന്ന് സഹസ്രാബ്ദത്തോളം പഴക്കമുള്ള പുരാവസ്തു സ്ഥലം കണ്ടെത്തി. സഹം വിലായത്തിലെ ദഹ്വ മേഖലയിലാണ് വെങ്കലയുഗത്തിലെ ആദ്യകാല പുരാവസ്തുക്കൾ കണ്ടെത്തിയിട്ടുള്ളതെന്ന് പൈതൃക, ടൂറിസം മന്ത്രാലയം അറിയിച്ചു.
ഇവിടെയുള്ള ശവകുടീരത്തിൽനിന്ന് വെള്ളി ആഭരണങ്ങളുടെ അപൂർവ ശേഖരവും കണ്ടെത്താനായി. മുത്തുകൾ, നിരവധി വളയങ്ങൾ, നെക് ലേസുകളുടെ ഭാഗങ്ങൾ തുടങ്ങിയവയാണ് ലഭിച്ചിട്ടുള്ളത്. വെള്ളി വളയങ്ങളിലൊന്നിൽ ഇന്ത്യൻ കാട്ടുപോത്തിന്റെ രൂപം പതിച്ചിട്ടുണ്ട്.
സിന്ധുനദീതട, ഹാരപ്പൻ സംസ്കാരങ്ങളിൽ കാണപ്പെടുന്ന സവിശേഷതകളിലൊന്നാണിത്. വ്യാപാരികൾ അക്കാലത്ത് അന്തർദേശീയ വ്യാപാരത്തിൽ സജീവമായിരുന്നുവെന്നാണ് ഇത് നൽകുന്ന സൂചന.
ഈ കണ്ടെത്തൽ, വെങ്കലയുഗത്തിലെ ജനങ്ങൾ കൂടുതൽ കൗശലക്കാരും സാങ്കേതികമായി പുരോഗമിച്ചവരുമാണെന്ന് സ്ഥിരീകരിക്കുന്നതാണെന്ന് അമേരിക്കയിലെ വിസ്കോൺസിൻ-മാഡിസൺ സർവകലാശാലയിലെ പ്രഫസർ ജോനാഥൻ മാർക്ക് കെനോയർ പറഞ്ഞു.
പൈതൃക-ടൂറിസം മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ സംയുക്ത ഒമാനി-അമേരിക്കൻ പുരാവസ്തു ഗവേഷണ സംഘം നടത്തിയ പര്യവേക്ഷണത്തിലാണ് ഇവ കണ്ടെത്തിയിട്ടുള്ളത്.
സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ പുരാവസ്തു വകുപ്പിലെ ഡോ. ഖാലിദ് ഡഗ്ലസ്, പ്രഫസർ ഡോ. നാസർ അൽ-ജഹ്വാരി, യു.എസിലെ ഫിലാഡൽഫിയയിലെ ടെമ്പിൾ യൂനിവേഴ്സിറ്റിയിൽനിന്നുള്ള കിംബർലി വില്യംസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഖനനങ്ങൾ നടന്നിരുന്നത്. വെങ്കലയുഗത്തിലെ പ്രധാന സ്ഥലങ്ങളിലൊന്നാണ് ദഹ്വ പുരാവസ്തു സൈറ്റെന്ന് പ്രഫസർ ഡോ. നാസർ അൽ-ജഹ്വാരി പറഞ്ഞു.
2013ൽ ആരംഭിച്ച് 2021വരെ തുടർന്ന സർവേയുടെയും ഖനനത്തിന്റെയും ഫലമായാണ് ഇവ കണ്ടെത്തിയിട്ടുള്ളത്. 2013ൽ ദഹ്വ മേഖലയിൽ സമഗ്രമായ പുരാവസ്തു സർവേയും ഫീൽഡ് വർക്കും നടത്തിയിരുന്നുവെന്ന് അൽ ജഹ്വരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.