ബ്രൂസെല്ലോസിസ്: മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം
text_fieldsമസ്കത്ത്: മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് പകരുന്ന ബാക്ടീരിയ അണുബാധയായ ബ്രൂസെല്ലോസിസിനെക്കുറിച്ച് ഒമാൻ ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. വ്യത്യസ്ത തരം ബ്രൂസല്ല ബാക്ടീരിയകൾ മൂലമുണ്ടാകുന്ന ഈ രോഗം, ആട്, പശു, പന്നി, നായ്ക്കൾ തുടങ്ങിയ മൃഗങ്ങളെ ബാധിക്കുകയും മനുഷ്യർക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു.
യഥാവിധി പാചകം ചെയ്യാത്ത, തിളപ്പിക്കാത്ത, പാസ്ച്വറൈസ് ചെയ്യാത്ത രോഗബാധിത മൃഗങ്ങളുടെ പാൽ, പാലുൽപന്നങ്ങൾ എന്നിവ ഉപയോഗിക്കുന്നതാണ് സാധാരണമായ രോഗബാധ പകരാനുള്ള സാധ്യതകളിലൊന്ന്. ബ്രൂസെല്ലോസിസ് വിവിധ ലക്ഷണങ്ങളിലൂടെ മനസ്സിലാക്കാം.
പനി, പേശി വേദന, സന്ധി വേദന, പുറം വേദന, ക്ഷീണം, അലസത, വിറയൽ, വിശപ്പില്ലായ്മ, തലവേദന എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. അവയിൽ ചിലത് ദീർഘകാലത്തേക്ക് നിലനിൽക്കും. ഈ ലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തി ഡോക്ടറെ കാണാനും രോഗബാധയുമായി സമ്പർക്കം ഉണ്ടായേക്കാവുന്ന കാര്യങ്ങൾ വെളിപ്പെടുത്തുകയും വേണമെന്ന് അധികൃതർ വ്യക്തമാക്കി.
ചികിത്സയുടെ കാലാവധിയും തരവും രോഗത്തിന്റെ തീവ്രതയെയും സങ്കീർണതകളെയും ആശ്രയിച്ചിരിക്കുന്നു. വീണ്ടെടുക്കലിന് ഏതാനും ആഴ്ചകൾ മുതൽ നിരവധി മാസങ്ങൾ വരെ എടുത്തേക്കാം.
കുറഞ്ഞത് ആറ് ആഴ്ചയെങ്കിലും ആൻറിബയോട്ടിക്കുകളുടെ ഒരു കോഴ്സ് ആവശ്യമാണ്. ഫലപ്രദമായ ചികിത്സക്ക് രോഗം നേരത്തെ കണ്ടെത്തുക എന്നുള്ള പ്രധാന കാര്യമാണ്.
പാസ്ച്വറൈസ് ചെയ്യാത്ത പാലുൽപന്നങ്ങൾ കഴിക്കുന്നത് ഒഴിവാക്കണമെന്നും രോഗബാധിതരായ മൃഗങ്ങളുമായി സമ്പർക്കം പുലർത്തുമ്പോൾ മുൻകരുതലുകൾ എടുക്കണമന്നും മന്ത്രാലയം അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
രോഗത്തിന്റെ പ്രാരംഭഘട്ടത്തില്‍ കണ്ടെത്താന്‍ കഴിയാറില്ല. സാധാരണയായി കണ്ടുവരുന്ന ലക്ഷണങ്ങളാണ് ബ്രൂസെല്ലോസിസിനും കാണ്ടുവരുന്നത് എന്നതിനാലാണത്. പെട്ടെന്ന് ഉയര്‍ന്ന പനി, പേശി വേദന, തളര്‍ച്ച എന്നിവയുണ്ടെങ്കില്‍ ഡോക്ടറെ സമീപിക്കണം. പാലുൽപന്നങ്ങള് നേരിട്ട് ഉപയോഗിക്കാതെ തിളപ്പിച്ച് കഴിക്കുന്നതിലൂടെയും മൃഗങ്ങളുമായി ഇടപഴകുമ്പോഴും ലാബില്‍ ജോലി ചെയ്യുമ്പോഴും മുന്‍കരുതലുകള്‍ എടുക്കുന്നതിലൂടെ രോഗത്തെ പ്രതിരോധിക്കാൻ കഴിയും.
മൃഗങ്ങളുമായി ഇടപെട്ട് പ്രവർത്തിക്കുമ്പോൾ, അനുയോജ്യമായ സുരക്ഷാ ഉപകരണങ്ങൾ ധരിക്കുക. കശാപ്പുകാർ, മൃഗ ഡോക്ടർമാർ, കർഷകർ, അറവുശാലകളിലോ മെഡിക്കൽ ലാബുകളിലോ ജോലി ചെയ്യുന്നവർ അതീവ ജാഗ്രത പാലിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.