ജനങ്ങളെ കൊള്ളയടിക്കുന്ന ബജറ്റ് -പ്രവാസി വെൽഫെയർ ഒമാൻ
text_fieldsമസ്കത്ത്: ജനകീയ മാജിക്കാവും സംസ്ഥാന ബജറ്റിൽ ഉണ്ടാകുക എന്ന് പറഞ്ഞ് കേരളത്തിലെ ജനത്തിന് ഇടത് സർക്കാർ നൽകിയത് നടുവൊടിക്കുന്ന വിലവർധനയും നിരാശയും മാത്രമാണെന്ന് പ്രവാസി വെൽഫെയർ കേന്ദ്ര കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. അനിയന്ത്രിതമായ വിലകയറ്റത്തിന് സാഹചര്യം സൃഷ്ടിച്ച് കൊണ്ട് വിപണി നിയന്ത്രണം എന്ന പേരിൽ 2000 കോടി വകയിരുത്തി ജനത്തെ പരിഹസിക്കുകയാണ്.സാമൂഹ്യക്ഷേമ പദ്ധതികളിൽ യാതൊരു വർദ്ധനയും നൽകാതെ സമ്പൂർണ്ണമായ മൗനമാണ് പുലർത്തിയിരിക്കുന്നത്.
ബജറ്റിൽ പ്രവാസികൾക്കായി വകയിരുത്തിയിട്ടുള്ള നാമമാത്രമായ ഫണ്ടുകൾ എത്രമാത്രം ഉപയോഗപ്രദമായിരിക്കും എന്ന് കണ്ടറിയേണ്ടതുണ്ട്. എ.കെ.ജി മ്യുസിയത്തിന് ആറു കോടി കണ്ടെത്തിയ സർക്കാർ ലക്ഷകണക്കിന് പ്രവാസികളുടെ യാത്ര ചിലവ് കുറക്കാൻ ഇടപെടുന്നതിന് വേണ്ടി കോർപസ് ഫണ്ടായി കണ്ടെത്തിയിരിക്കുന്നത് വെറും 15 കോടിയാണ്. ഓരോ വർഷവും ശതകോടി ഡോളറുകൾ വിദേശത്ത് നിന്നും കേരളത്തിലേക്ക് അയക്കുന്ന പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിന് കണ്ടെത്തിയത് വെറും 50 കോടിയും. ഒരു വശത്ത് പ്രവാസികൾ കേരളത്തിന്റെ നട്ടെല്ലാണെന്ന് പറയുകയും മറുവശത്ത് അവരെ കറവപ്പശുക്കളാക്കുകയും അവഗണിക്കുകയും ചെയ്യുകയാണ് കേരള സർക്കാർ.
യോഗത്തിൽ പ്രസിഡന്റ് കെ.മുനീർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സാജിദ് റഹ്‌മാൻ, സെക്രട്ടറി അസീബ് മാള , റിയാസ് വളവന്നൂർ, സനോജ് മട്ടാഞ്ചേരി, അലിമീരാൻ , താഹിറ നൗഷാദ്, ഫാത്തിമ ജമാൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.