ആവേശംവിതറി സുഹാറിൽ കാളപ്പോര് മത്സരങ്ങൾ
text_fieldsസുഹാർ: വീറും വാശിയും പോരാട്ടവും പകർന്ന് കാളപ്പോര് മത്സരങ്ങൾ അരങ്ങേറി. സുഹാറിലെ അംബാറിൽ ഇന്ത്യൻ സ്കൂളിന്‍റെ പിറകിലെ മൈതാനത്തിലാണ് പാരമ്പര്യ കാളപ്പോര് മത്സരങ്ങൾ അരങ്ങേറുന്നത്. വെള്ളിയാഴ്ചകളിൽ നടക്കുന്ന മത്സരത്തിൽ വിവിധ ദേശങ്ങളിൽ നിന്നെത്തുന്ന പടുകൂറ്റൻ കാളകളാണ് പങ്കെടുക്കുക.
ഒരു ടണ്ണിലധികം ഭാരമുള്ള കാളകളെ വലിയ വാഹനങ്ങളിലും ഫോർവീൽ വാഹനത്തിന്‍റെ പിറകിൽ പ്രത്യേകം നിർമിച്ച അറയിലുമായാണ് എത്തിക്കുന്നത്. പേര് രജിസ്റ്റർ ചെയ്തശേഷം മത്സരത്തിന്‍റെ ഊഴം കാത്ത് മൈതാനത്തിന് ചുറ്റും കാളകളെ കെട്ടി പ്രദർശിപ്പിക്കും. 40ഓളം കാളകളുണ്ടാവും മത്സരത്തിന്. ഗ്രൗണ്ടിൽ ഇറങ്ങുന്ന കാളകൾ കൊമ്പുകൾചേർത്ത് പരസ്പരം പിന്നോട്ടുതള്ളും. നിശ്ചിത ദൂരത്തിലേക്ക് മറ്റൊരു കാളയെ തള്ളിമാറ്റുന്ന കാളയെ വിജയിയായി പ്രഖ്യാപിക്കും. വിജയിക്കുന്ന കാളകൾക്ക് വലിയ സമ്മാനങ്ങളാണ് നൽകുന്നത്.
കാളകൾ അക്രമാസക്തരാകുന്നത് തടയാൻ വളന്‍റിയറും ഗ്രൗണ്ടിലുണ്ടാകും. മത്സരം നിയന്ത്രിക്കാനും ആൾക്കൂട്ടത്തെ ആവേശം കൊള്ളിക്കാനും മൈക്കുമായി ഒരാൾ ഗ്രൗണ്ടിൽ ഉണ്ടാവും. കാളകളെ തീറ്റിപ്പോറ്റാനും പരിപാലനത്തിനും വലിയ ചെലവാണെന്ന് ഉടമകൾ പറയുന്നു. സാധാരണ പുല്ലും കാലിത്തീറ്റയും വെള്ളവും കൂടാതെ കുബാർ എന്ന ആഹാരവും നൽകും.
ഒലിവ് കായ, ഈത്തപ്പഴം, ഒലിവ് ഓയിൽ, വാഴത്തണ്ട് അടക്കം നിരവധി സാധനങ്ങൾ ചേർത്താണ് കുബാർ ഉണ്ടാക്കുന്നത്.
ഷിനാസ്,സുഹാർ, സഹം വിലായത്തുകളിലാണ് കാളപ്പോര് മത്സരം. നാട്ടിലെ കാളപ്പോര്, ജെല്ലിക്കെട്ട് പോലെ അക്രമ മത്സരം അല്ലാത്തതിനാൽ പരിക്കും അപകടവും താരതമ്യേന കുറവാണ്. പോയകാല വിനോദങ്ങൾ കൈമോശം വരാതെ തലമുറമാറ്റം നടക്കുന്നത് ഒരുപക്ഷേ ഒമാനിൽ മാത്രമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.