ചുട്ടുപൊള്ളുന്നു
text_fieldsമസ്കത്ത്: രാജ്യത്ത് താപനില കുതിച്ചുയരുന്നു. പല സ്ഥലങ്ങളിലും 40 മുതൽ 48 ഡിഗ്രി സെൽഷ്യസുവരെയാണ് ചൂട് രേഖപ്പെടുത്തിയിട്ടുള്ളത്. കനത്ത ചൂടിന്റെ പശ്ചാത്തലത്തിൽ വേണ്ട മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് ആരോഗ്യമേഖലയിലുള്ളവർ ചൂണ്ടിക്കാണിക്കുന്നു. നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കാൻ പരമാവധി ശ്രദ്ധിക്കണം, പ്രത്യേകിച്ച് വൈകീട്ട് മൂന്നു മുതൽ നാലുവരെയുള്ള സമയങ്ങളിൽ.
പുറത്തു ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർ സൂര്യാതപം, ക്ഷീണം, ഉയർന്ന താപനിലയുമായി ബന്ധപ്പെട്ട മറ്റു പ്രശ്നങ്ങൾ ഒഴിവാക്കാനായി ശ്രദ്ധ ചെലുത്തണം. ഉച്ചതിരിഞ്ഞുണ്ടാകുന്ന ശക്തമായ ചൂട് ഏൽക്കാതിരിക്കാൻ വിശ്രമം അനുവദിക്കുന്ന തരത്തിൽ ജോലിസമയം ക്രമപ്പെടുത്തണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി ആവശ്യപ്പെട്ടു. നിർജലീകരണം ഒഴിവാക്കാൻ നല്ല അളവിൽ വെള്ളം കുടിക്കുന്നത് ശീലമാക്കുക. ഉയർന്ന താപനില അനുഭവപ്പെടുമ്പോൾ അവയോടെയെങ്ങനെ പ്രതികരിക്കണമെന്ന് തൊഴിലാളികളെയും സൂപ്പർവൈസർമാരെയും പരിശീലിപ്പിക്കുന്നതും ഉചിതമാണ്. വാദി അൽ മാവിൽ, അമീറാത്ത്, റുസ്താഖ്, ബിദ്ബിദ് തുടങ്ങിയ സ്ഥലങ്ങളിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 47 മുതൽ 48 ഡിഗ്രി സെൽഷസ് വരെയാണ് താപനില രേഖപ്പെടുത്തിയത്.
വരും ദിവസങ്ങളിൽ ചൂട് ഉയരാൻ സാധ്യതയുള്ളതിനാൽ വാഹനങ്ങൾ ശരിയായി പരിപാലിക്കാൻ ശ്രദ്ധിക്കണം. പെർഫ്യൂമുകൾ, എയർ ഫ്രെഷനറുകൾ, ഗ്യാസ് കാനിസ്റ്ററുകൾ, ലൈറ്ററുകൾ, ഡ്രൈ ബാറ്ററികൾ തുടങ്ങിയ കത്തുന്ന വസ്തുക്കൾ വാഹനങ്ങൾക്കുള്ളിൽ സൂക്ഷിക്കുന്നത് ഒഴിവാക്കണം. ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൽ ചൂട് ഗണ്യമായി കുടിക്കൊണ്ടിരിക്കുകയാണെങ്കിൽ ഡ്രൈവർമാർ റോഡിന്റെ വശത്തേക്കു നിർത്തി ഡ്രൈവിങ് ഒഴിവാക്കണം. സൂര്യപ്രകാശം നേരിട്ടു ഏൽക്കാത്ത പ്രദേശങ്ങളിൽ വാഹനം പാർക്ക് ചെയ്യുന്നതായിരിക്കും ഉചിതം. ഡോറുകൾ തുറന്ന് വാഹനത്തിന് അമിതമായ മർദം അനുഭവപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നതും പ്രധാനമാണ്.
ചൂടുകാലത്ത് ആളുകൾ തണുത്ത വെള്ളത്തിൽ കുളിച്ച് ശരീരത്തിൽ ജലാംശം നിലനിർത്തണമെന്ന് ആരോഗ്യ മേഖലയിലുള്ളവർ പറയുന്നു. അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക, ഇടക്കിടെ വെള്ളം കുടിക്കുക, അമിതമായ കഫീനും പഞ്ചസാരയും ഒഴിവാക്കുക, ലഘുവായ ഭക്ഷണം കഴിക്കുക എന്നിവ ചൂടുകാലത്ത് സ്വീകരിക്കാവുന്ന കാര്യങ്ങളണെന്ന് അധികൃതർ പറഞ്ഞു. തലകറക്കം, ബലഹീനത, ഉത്കണ്ഠ, കടുത്ത ദാഹവും തലവേദന എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കിൽ, കഴിയുന്നത്ര വേഗം തണുത്ത സ്ഥലത്തേക്ക് മാറി നിങ്ങളുടെ താപനില പരിശാധിക്കണം. റീഹൈഡ്രേറ്റ് ചെയ്യാൻ വെള്ളമോ പഴച്ചാറോ കുടിക്കണമെന്നും നിർദേശിച്ചു.
ചൂടുള്ള സമയത്ത് മുറിയിലെ താപനില പകൽ സമയത്ത് 32 ഡിഗ്രി സെൽഷസിലും രാത്രിയിൽ 24 ഡിഗ്രി സെൽഷസിലും താഴെയായിരിക്കണം. 60 വയസ്സിനു മുകളിലുള്ളവർക്കും ശിശുക്കൾക്കും അല്ലെങ്കിൽ വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്കും ഇത് വളരെ പ്രധാനമാണെന്നും അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.