യാത്രക്കാർക്ക് ആശ്വാസം; മസ്‌കത്ത്-റിയാദ് ബസ് സർവിസിന് തുടക്കം
text_fieldsമസ്കത്ത്: യാത്രക്കാർക്ക് ആശ്വാസമായി മസ്‌കത്തിനും റിയാദിനും ഇടയിലുള്ള ബസ് സർവിസിന് വ്യാഴാഴ്ച തുടക്കമായി. ഒമാനെയും സൗദിയെയും ബന്ധിപ്പിച്ച് എംപ്റ്റി ക്വാർട്ടർ മരുഭൂമിയിലൂടെയാണ് സ്വകാര്യ ട്രാൻസ്പോർട്ട് കമ്പനിയായ അൽ ഖഞ്ചരി സർവിസ് നടത്തുന്നത്.
ദിവസവും രാവിലെ ആറിന് മസ്കത്തിൽനിന്ന് പുറെപ്പട്ട് റിയാദിലെ അസീസിയ ഏരിയയിൽ എത്തിച്ചേരുന്ന വിധത്തിലാണ് റൂട്ട് ക്രമീകരിച്ചിരിക്കുന്നത്. സൗദിയിലെ ദമ്മാം വഴിയായിരിക്കും റിയാദിൽ എത്തുക. ദമ്മാമിലും സ്റ്റോപ്പുണ്ടാകും. ഇമിഗ്രേഷൻ നടപടികൾ മറ്റും പൂർത്തിയാക്കുന്നതടക്കം യാത്രക്ക് ഏകദേശം 18 മുതൽ 20 മണിക്കൂർവരെ എടുക്കുമെന്ന് അൽ ഖഞ്ചാരി ട്രാൻസ്‌പോർട്ട് ഉടമ റാഷിദ് അൽ ഖഞ്ജരി പറഞ്ഞു. ആഴ്ചയിൽ എല്ലാ ദിവസവും സർവിസുണ്ടാകും.
ദമ്മാമിൽനിന്ന് വൈകീട്ട് അഞ്ചിനായിരിക്കും ബസ്. ഒമാനിൽ റൂവി, നിസ്വ, ഇബ്രി എന്നിങ്ങനെ മൂന്ന് സ്റ്റോപ്പുകളാണുണ്ടാകുക. പ്രമോഷനൽ പ്രവർത്തനങ്ങളുടെ ഭാഗമായി ഒരുമാസം വൺവേക്ക് 25 ഒമാൻ റിയാലായിരിക്കും ഈടാക്കുക. ഇതിന് ശേഷം 35 റിയാൽ ആയിരിക്കും ടിക്കറ്റ് നിരക്ക്. ബസിൽ കുറഞ്ഞത് 25 യാത്രക്കാരെങ്കിലും ഉണ്ടായിരിക്കണമെന്ന് സൗദി അധികൃതർ വ്യവസ്ഥ ചെയ്തിട്ടുണ്ട്. രണ്ട് ഡ്രൈവർമാരെ ഉപയോഗപ്പെടുത്തിയാണ് സർവിസ് നടത്തുകയെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.