നഗരങ്ങളെ കൂട്ടിയിണക്കി ബസ് സർവിസ്; മസ്കത്തിൽ ലൈറ്റ് റെയിലും പരിഗണനയിൽ
text_fieldsമസ്കത്ത്: രാജ്യത്തെ പൊതുഗതാഗത മേഖലയിൽ 2025 വരെ നടപ്പാക്കാൻ ലക്ഷ്യമിടുന്ന പദ്ധതികൾ ഗതാഗത-വാർത്താവിനിമയ മന്ത്രി ഡോ. അഹമ്മദ് അൽ ഫുതൈസി വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. രാജ്യത്തെ എല്ലാ നഗരങ്ങളെയും പ്രദേശങ്ങളെയും ബസ് ഗതാഗത ശൃംഖലയുടെ ഭാഗമാക്കുന്നതിനൊപ്പം മസ്കത്തിൽ ലൈറ്റ് റെയിൽ ശൃംഖലയും സീ ടാക്സി സർവിസുമടക്കം വിഭാവന ചെയ്യുന്നതാണ് കർമപദ്ധതി.
കാറുകൾക്ക് പകരം പൊതുഗതാഗത സംവിധാനം ഉപയോഗിക്കാൻ പ്രേരിപ്പിക്കും വിധം വിപുലമായ ശൃംഖല വളർത്തിയെടുക്കുകയാണ് ലക്ഷ്യം. കാറുകളുടെ എണ്ണം കുറയുന്നതോടെ കാർബൺ ബഹിർഗമനം കുറയും. ഇത് അന്തരീക്ഷത്തിന് ഗുണപ്രദമാണ്. ശബ്ദമലിനീകരണത്തിലുണ്ടാകുന്ന കുറവും പരിസ്ഥിതിക്ക് ഗുണപ്രദമായി തന്നെ ഭവിക്കും. കുറച്ച് സ്ഥലം മാത്രം മതിയെന്നതും പൊതുഗതാഗത സംവിധാനത്തിെൻറ നേട്ടമാണെന്ന് മന്ത്രി പറഞ്ഞു. വിദഗ്ധരുടെ മേൽനോട്ടത്തിൽ തയാറാക്കിയ കർമപദ്ധതി കൂടുതൽ ചർച്ചകൾക്ക് മന്ത്രിസഭാ കൗൺസിലിന് മുന്നിൽ സമർപ്പിച്ചിരുന്നു. ഗതാഗത കുരുക്കും തിരക്കും ഒഴിവാക്കാൻ പൊതുഗതാഗത സംവിധാനം കാര്യക്ഷമമാക്കണമെന്ന അവബോധത്തിെൻറ അടിസ്ഥാനത്തിലാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. രണ്ടു ഘട്ടങ്ങളിലായാണ് പ്രധാനമായും പദ്ധതി നടപ്പാക്കുക. മസ്കത്തിന് പുറമെ മറ്റു നഗരങ്ങളിലും പദ്ധതി നടപ്പാക്കും. ബസ് സർവിസുകൾക്ക് പുറമെ ടാക്സി ശൃംഖല നിയമപ്രകാരം ക്രമപ്പെടുത്തുന്നതും ബസ് സ്റ്റോപ്പുകൾ അടക്കം അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളുമാണ് ആദ്യ ഘട്ടങ്ങളിലെ അജണ്ട.
മൂന്നാം ഘട്ടത്തിൽ മസ്കത്തിൽ ലൈറ്റ് റെയിൽ ശൃംഖലയും സീ ടാക്സി സംവിധാനവും യാഥാർഥ്യമാക്കുന്നത് പരിഗണനയിലുണ്ട്. ബസ് സർവിസ് മേഖലയിൽ വലിയ നിക്ഷേപത്തിന് തന്നെയാണ് സർക്കാർ തുടക്കമിടുന്നതെന്ന് പറഞ്ഞ മന്ത്രി പൊതുഗതാഗത മേഖലയുടെ നിയന്ത്രണം ലക്ഷ്യമിട്ട് ട്രാൻസ്പോർട്ട് റെഗുലേറ്ററി അതോറിറ്റി രൂപവത്കരിക്കാനുള്ള നടപടികൾ നടന്നുവരുകയാണെന്നും പറഞ്ഞു. ഗതാഗത സംവിധാനത്തെ നിരീക്ഷിക്കുന്നതിന് കാര്യക്ഷമമായ പ്രവർത്തനം ഉറപ്പാക്കുന്നതിനുവേണ്ടിയുള്ള മാനദണ്ഡങ്ങളും നിയമനിർമാണവും നടത്തും.
പ്രാദേശികവും അന്തർദേശീയവുമായ സ്ഥാപനങ്ങളുമായി ചേർന്ന് വിവിധ പദ്ധതികൾ നടപ്പിലാക്കാനും അതോറിറ്റിക്ക് അനുവാദമുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. 2018 വരെയുള്ള ആദ്യ ഘട്ടത്തിൽ 177 പുതിയ ബസുകൾ വാങ്ങുമെന്ന് വാർത്താസമ്മേളനത്തിൽ സംബന്ധിച്ച മന്ത്രാലയം അണ്ടർ സെക്രട്ടറി സാലിം ബിൻ മുഹമ്മദ് അൽ നുെഎമി പറഞ്ഞു. മസ്കത്ത് നഗരത്തിൽ 12 പുതിയ റൂട്ടുകളിൽ സർവിസ് തുടങ്ങും. നാല് ഇൻറർസിറ്റി സർവിസുകളും സൊഹാർ, സലാല നഗരങ്ങളിലെ ഉൾപ്രദേശങ്ങളിലേക്ക് അഞ്ച് സർവിസുകളും തുടങ്ങും. എയർ കണ്ടീഷൻഡ് ബസ് സ്റ്റോപ്പുകളുടെ നിർമാണം, സാേങ്കതിക സംവിധാനങ്ങൾ വികസിപ്പിച്ചെടുക്കൽ തുടങ്ങിയവയും ഇൗ ഘട്ടത്തിൽ അജണ്ടയിലുണ്ട്. റെഗുലേറ്ററി അതോറിറ്റിക്ക് ഒപ്പം ലൈറ്റ് റെയിൽ ട്രെയിൻ ശൃംഖല നടപ്പാക്കുന്നതിെൻറ സാധ്യത സംബന്ധിച്ച് പഠനം നടത്താനുള്ള കമ്മിറ്റിയും ഇൗ ഘട്ടത്തിൽ രൂപവത്കരിക്കുമെന്ന് അണ്ടർ സെക്രട്ടറി പറഞ്ഞു. 2019 മുതൽ 2025 വരെ നീളുന്ന കാലത്തിലായിരിക്കും രണ്ടാം ഘട്ടം നടപ്പാക്കുക. 173 ബസുകൾ ഇൗ സമയം വാങ്ങും.
മസ്കത്ത് നഗരത്തിൽ മൂന്ന് പുതിയ റൂട്ടുകളിൽ സർവിസ് ആരംഭിക്കും. നാല് ഇൻറർസിറ്റി സർവിസുകളും നിസ്വ, ഖസബ്, ദുകം, സൂർ, ഇബ്രി, അൽ ബുറൈമി തുടങ്ങിയ ഗവർണറേറ്റുകളുടെ ഉൾപ്രദേശങ്ങളിലേക്ക് 11 സർവിസുകളും ഇൗ കാലത്ത് തുടങ്ങും. സുഗമമായ ഗതാഗതം ഉറപ്പാക്കാൻ േറാഡുകളിൽ ബസുകൾക്ക് മാത്രം പ്രത്യേക ലൈൻ യാഥാർഥ്യമാക്കും. ഇതോടൊപ്പം എമർജൻസി ലൈനും ഉണ്ടാകും. ബസ് സ്റ്റേഷനുകൾ വർധിപ്പിക്കും. കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ കൂടുതൽ സ്ഥലങ്ങളിൽ സംവിധാനമുണ്ടാകും. ‘പാർക്ക് ആൻഡ് റൈഡ്’ സംവിധാനം കൂടുതലായി ഇൗ ഘട്ടത്തിൽ ആരംഭിക്കും. സ്വന്തം വാഹനം പാർക്ക് ചെയ്ത ശേഷം ബസ് സർവിസുകൾ ഉപയോഗിക്കാൻ ഇത് ജനങ്ങൾക്ക് പ്രേരണയാകുമെന്ന് അണ്ടർ സെക്രട്ടറി പറഞ്ഞു. 2025ന് ശേഷമുള്ള ഏഴു വർഷ കാലയളവിലായിരിക്കും മൂന്നാംഘട്ടം പരിഗണിക്കുക.
ആദ്യഘട്ടങ്ങളിലായി ഡ്രൈവർമാരും എൻജിനീയർമാരുമടക്കം 1530 നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. അടിസ്ഥാന സൗകര്യ വികസനം, ചരക്കുഗതാഗതം തുടങ്ങിയ മേഖലകളിലായി 5354 തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്ന് അൽ നുെഎമി പറഞ്ഞു. മുവാസലാത്ത് സി.ഇ.ഒ അഹമ്മദ് അൽ ബലൂഷിയടക്കമുള്ളവരും വാർത്താസമ്മേളനത്തിൽ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.