ഓർക്കുക, ഇത് കരുതലിന്റെ കരങ്ങളല്ല...
text_fieldsമസ്കത്ത്: ഒമാനിൽ വർധിച്ചുവരുന്ന യാചനക്ക് തടയിടുന്നതിന്റെ ഭാഗമായി കാമ്പയിൻ ഞായറാഴ്ച ആരംഭിച്ചു. ‘നിങ്ങൾ നൽകുന്നത് അഴിമതി സംജാതമാക്കും’ എന്നപേരിലാണ് കാമ്പയിൻ നടത്തുന്നത്. വിവിധ സർക്കാർ, സർക്കാറേതര സ്ഥാപനങ്ങളുമായി സഹകരിച്ച് സാമൂഹിക വികസന മന്ത്രാലയമാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്. റോയൽ ഒമാൻ പൊലീസ്, തൊഴിൽ മന്ത്രാലയം, ഇൻഫർമേഷൻ മന്ത്രാലയം, ഔഖാഫ് മതകാര്യ മന്ത്രാലയം, ഗതാഗത മന്ത്രാലയം, വാർത്തവിനിമയ ഐ.ടി മന്ത്രാലയം, പബ്ലിക് പ്രോസിക്യൂഷൻ, സർക്കാർ, സ്വകാര്യസ്ഥാപനങ്ങൾ എന്നിവയാണ് കാമ്പയിനിൽ പങ്കെടുക്കുന്നത്. യാചനക്കെതിരെ പൊതുജനങ്ങളിൽ ബോധവത്കരണം ഉണ്ടാക്കുക, ഇതുമൂലമുണ്ടാകുന്ന സാമൂഹിക പ്രത്യാഘാതങ്ങൾ കുറക്കാനും കേസുകൾ അധികൃതർക്ക് റിപ്പോർട്ട് ചെയ്യാനും പൊതുജനങ്ങളെ ബോധവത്കരിക്കുകയാണ് കാമ്പയിന്റെ ലക്ഷ്യം. അച്ചടിമാധ്യമങ്ങൾ, ദൃശ്യശ്രാവ്യ വിഭാഗം, സമൂഹ മാധ്യമങ്ങൾ, എസ്.എം.എസ്, പരസ്യങ്ങൾ എന്നിവയിലൂടെ എല്ലാ വിഭാഗം ജനങ്ങളെയും ബോധവത്കരിക്കും.
സമൂഹത്തിന്റെ സഹതാപം പിടിച്ചുപറ്റി അധ്വാനിക്കാതെ പെട്ടെന്ന് പണമുണ്ടാക്കാനുള്ള മാർഗമാണ് യാചനയെന്നാണ് കാമ്പയിനിലൂടെ പ്രചരിപ്പിക്കുക. ഇങ്ങനെ കിട്ടുന്ന പണം മയക്കുമരുന്ന് ഉപയോഗത്തിനും മദ്യപാനത്തിനും വഴിയൊരുക്കുമെന്ന് കാമ്പയിനിൽ വിശദീകരിക്കും. പ്രത്യക്ഷമായ, ഒളിഞ്ഞ, ഓൺലൈൻ, പ്രത്യേക സീസൺ എന്നിങ്ങനെ വിവിധ തരത്തിലുള്ള യാചനകളും കാമ്പയിനിൽ വിശദീകരിക്കും. വരുമാനമുണ്ടാക്കുന്നതിന്റെ ഭാഗമായി യാചന തൊഴിലാക്കിയവരുമുണ്ട്. കുട്ടികളെയും അംഗവൈകല്യമുള്ളവരെയും പരിശീലിപ്പിച്ച് നിർബന്ധിച്ച് യാചന നടത്തിച്ച് പണം സമ്പാദിക്കുന്നവരും ഉണ്ട്. സക്കാത്ത് ഫണ്ട് വഴി സംഭാവനകൾ നൽകാത്തത് അർഹരായവരിൽ ദാനധർമം എത്താതിരിക്കാനും കുട്ടികളെ ചൂഷണംചെയ്യാനും കാരണമാക്കും. വഞ്ചനയും കുറ്റകൃത്യങ്ങളും വർധിക്കാനും പുറംരാജ്യങ്ങളിൽനിന്ന് മയക്കുമരുന്ന് ഒമാനിലേക്ക് കടത്താനും വഴിയൊരുക്കും.
അതോടൊപ്പം, യാചന നടത്തുന്ന രാജ്യത്ത് എത്തുന്ന വിനോദ സഞ്ചാരികൾക്കിടയിൽ രാജ്യത്തിന്റെ മതിപ്പ് കുറക്കാനും കാരണമാക്കും. യാചകർക്ക് പണം നൽകാൻ പ്രേരണ നൽകുന്ന വിഷയത്തിന്റെ തെറ്റായ ധാരണ തിരുത്താനും ബോധവത്കരണം നടത്താനും കാമ്പയിൻ സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.