ചട്ടങ്ങൾ പാലിച്ചില്ല; അസൈബ, ഗുബ്ര ബീച്ചുകളിൽ ക്യാമ്പിങ് നിരോധിച്ചു
text_fieldsമസ്കത്ത്: ബൗഷർ വിലായത്തിലെ അസൈബ, ഗുബ്ര ബീച്ചുകളിൽ ക്യാമ്പിങ് നിരോധിച്ചതായി മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. കമ്യൂണിറ്റി അംഗങ്ങളുടെ പരാതിയെത്തുടർന്ന് നടത്തിയ പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ അധികൃതർ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് നിരോധനം. ക്യാമ്പിങ് നടത്തുന്നവർക്ക് മുനിസിപ്പാലിറ്റി കഴിഞ്ഞ മാസം മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്. ആരോഗ്യം, പരിസ്ഥിതി, സുരക്ഷ, നഗരത്തിന്റെ സൗന്ദര്യം സംരക്ഷിക്കൽ തുടങ്ങിയവ കണക്കിലെടുത്താണ് നിർദേശങ്ങൾ നൽകിയിരിക്കുന്നത്.
രണ്ടു ദിവസത്തിൽ കൂടുതൽ ക്യാമ്പുകൾ അനുവദിക്കില്ല. കാരവന്, ടെന്റ് എന്നിവക്കും ഇത് ബാധകമായിരിക്കും. എന്നാൽ, പ്രത്യേക അനുമതിയോടെ 48 മണിക്കൂറിലധികം ക്യാമ്പ് നടത്താം. ഇതിനായി 100 റിയാല്‍ സെക്യൂരിറ്റി ഡെപ്പോസിറ്റ് നല്‍കേണ്ടിവരും. ഇങ്ങനെ നടത്തുന്ന ക്യാമ്പിന് ഏഴു രാത്രിവരെ അനുമതി ലഭിച്ചേക്കും. ഇത് പിന്നീട് ദീർഘിപ്പിക്കാനും കഴിയും.
മുനിസിപ്പാലിറ്റി നിശ്ചയിക്കുന്ന സ്ഥലങ്ങളില്‍ മാത്രമേ ക്യാമ്പ് നടത്താൻ പാടുള്ളൂ. ക്യാമ്പ് സൈറ്റുകൾ തമ്മിൽ അഞ്ചു മീറ്ററില്‍ കുറയാത്ത അകലമുണ്ടായിരിക്കണം. ബീച്ചുമായും നിശ്ചിത അകലം വേണം. മത്സ്യബന്ധനക്കാരുടെയും സുരക്ഷാ അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയ സ്ഥലങ്ങളിലും ക്യാമ്പിങ് അനുവദിക്കില്ല. പാര്പ്പിടകേന്ദ്രങ്ങളിൽനിന്ന് കുറഞ്ഞത് 100 മീറ്റര്‍ അകലെയായിരിക്കണം. ആവശ്യമായ ലൈസൻസ് നേടാതെ ക്യാമ്പ് നടത്തിയാൽ 200 റിയാൽ അഡ്മിനിസ്ട്രേറ്റിവ് പിഴ ചുമത്തും. ക്യാമ്പിങ്ങിനുള്ള നിയന്ത്രണങ്ങളോ ആവശ്യകതകളോ പാലിച്ചിട്ടില്ലെങ്കിൽ 50 റിയാലിന്റെ പിഴയും ഈടാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ക്യാമ്പിങ് കാലയളവിൽ സ്ഥലം വൃത്തിയായി സൂക്ഷിക്കണം.
വൃത്തിഹീനമായതും നിലവാരം കുറഞ്ഞതുമായ മൊബൈൽ ടോയ്ലറ്റുകൾ ഉപയോഗിക്കാൻ പാടില്ല. വിളകൾക്കും കാട്ടുചെടികൾക്കും കേടുപാടുകൾ വരുത്തരുതെന്നും നിർദേശിച്ചിട്ടുണ്ട്. ക്യാമ്പിങ് സ്ഥലത്ത് മാലിന്യം തള്ളാനും കത്തിക്കാനും പാടില്ല. ഹരിതപ്രദേശങ്ങളിലും കടൽത്തീരങ്ങളിലും ബാർബിക്യൂവിന് നിരോധനമുണ്ട്. ഓരോ സൈറ്റിലും മുഴുവന്‍ സമയവും സുരക്ഷാ ഉപകരണങ്ങളും മറ്റും നല്‍കേണ്ടത് ക്യാമ്പിങ് ലൈസൻസ് നേടിയ ആളാണ്. ക്യാമ്പിനു ചുറ്റും വേലികളോ മറയോ മറ്റോ ഉപയോഗിക്കുന്നുണ്ടെങ്കിൽ, കാഴ്ചയെ തടസ്സപ്പെടുത്താത്ത താൽക്കാലിക വസ്തുക്കളാൽ നിർമിച്ചതുകൊണ്ടാകണം. നിരോധിത ആവശ്യങ്ങൾക്ക് ക്യാമ്പോ കാരവനോ ഉപയോഗിക്കാൻ പാടില്ല. രാജ്യത്തെ നിയമങ്ങളും ഉത്തരവുകളും പൊതുമര്യാദകളും പാലിക്കുകയും വേണം. കോവിഡ് നിയന്ത്രണമുക്തമായതിനാൽ ഇത്തവണ കൂടുതൽ പേർ ക്യാമ്പിങ് നടത്താനായി എത്തുന്നുണ്ട്.
ആളുകളുടെ സൗകര്യം പരിഗണിച്ച് മുനിസിപ്പാലിറ്റി ക്യാമ്പിങ്ങിന് പെർമിറ്റ് നേടുന്നതിനായി ഓൺലൈൻ പോർട്ടൽ തുടങ്ങിയിട്ടുണ്ട്. പെർമിറ്റുകൾക്കായി https://eservices.mm.gov.om/Home/Service/MTA എന്ന ലിങ്ക് വഴി അപേക്ഷിക്കാം. മസ്കത്തിലെ സൈറ്റുകളുടെ പട്ടികയിൽനിന്ന് തിരഞ്ഞെടുക്കാൻ ക്യാമ്പർമാരെ സഹായിക്കുന്നതിനായി ഇന്ററാക്ടിവ് മാപ്പും മുനിസിപ്പാലിറ്റി വികസിപ്പിച്ചെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.