സി.ബി.എസ്.ഇ ബോർഡ് പരീക്ഷകൾ ഫെബ്രുവരിയിൽ; പഠന ചൂടിൽ വിദ്യാർഥികൾ
text_fieldsമസ്കത്ത്: പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ സി.ബി.എസ്.ഇ ബോർഡ് പരീക്ഷകൾ ഫെബ്രുവരി 15 മുതൽ നടക്കും. പത്താം ക്ലാസ് പരീക്ഷകൾ അടുത്തമാസം 21നും പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ ഏപ്രിൽ അഞ്ചിനും അവസാനിക്കും. ഒമാനിലെ എല്ലാ സ്കൂളുകളിലും പത്ത്, 12 ക്ലാസുകളിലെ വിദ്യദാർഥികൾക്ക് സ്റ്റഡി ലീവ് ആരംഭിച്ചു. പൂർണ പിന്തുണയുമായി രക്ഷിതാക്കളും കുട്ടികൾക്കൊപ്പം ചെലവഴിക്കുന്നുണ്ട്.
കോവിഡ് പ്രതിസന്ധിക്കുശേഷം ആദ്യമായാണ് പൂർണ രൂപത്തിൽ പരീക്ഷ നടക്കുന്നത്. കഴിഞ്ഞവർഷം വിവിധ ഘട്ടങ്ങളിലായാണ് നടന്നിരുന്നത്. മൂന്നു സമയങ്ങളിൽ നടന്ന പരീക്ഷയുടെ അടിസ്ഥാനത്തിലായിരുന്നു മാർക്കുകൾ കണക്കാക്കിയിരുന്നത്. 2021ൽ സ്കൂളുകൾ നടത്തിയ പരീക്ഷയുടെ അടിസ്ഥാനത്തിലായിരുന്നു മാർക്കുകൾ നൽകിയിരുന്നത്. ഇത് മാർക്ക് ശതമാനം വർധിക്കാൻ കാരണമായിരുന്നു.
ഈവർഷം കോവിഡിനുമുമ്പുള്ള അതേ രീതിയിൽ തന്നെയാണ് പരീക്ഷകൾ നടക്കുക. ഇതനുസരിച്ച് പരീക്ഷക്ക് പാഠഭാഗങ്ങൾ മുഴുവൻ പഠിക്കേണ്ടിവരും. മൂൻ വർഷങ്ങളിലെപോലെ ഭാഗികമായി പഠിച്ച് രക്ഷപ്പെടാൻ കഴിയില്ല. പരീക്ഷ രീതിയും കോവിഡ്കാല പരീക്ഷാരീതിയിൽനിന്ന് വ്യത്യസ്തമാണ്. അതിനാൽ കുട്ടികൾക്ക് പരീക്ഷക്ക് വേണ്ടി മുൻവർഷത്തെക്കാൾ കൂടുതൽ പാഠഭാഗങ്ങൾ പഠിക്കേണ്ടിവരും.
കഴിഞ്ഞ രണ്ടുവർഷങ്ങളിൽ ഏറെ വൈകിയാണ് പരീക്ഷ നടന്നതും ഫലങ്ങൾ പുറത്തുവന്നതും. ഈവർഷം ഫെബ്രുവരിയിൽ തന്നെ പരീക്ഷ നടക്കുന്നതിനാൽ ഫലവും നേരത്തേ പ്രസിദ്ധീകരിക്കാൻ സാധ്യതയുണ്ട്. ഇത് നീറ്റ് അടക്കമുള്ള മത്സര പരീക്ഷകളും നേരത്തേയാവാൻ കാരണമാവും. സാധാരണ മേയ് മാസത്തിലാണ് നീറ്റ് പ്രവേശന പരീക്ഷകൾ നടക്കുന്നത്. കഴിഞ്ഞ രണ്ടുവർഷങ്ങളീൽ നീറ്റ് പരീക്ഷ ഏറെ വൈകിയാണ് നടന്നത്. അതിനാൽ പ്രവേശന നടപടികളും ഏറെ താമസിച്ചിരുന്നു.
കഴിഞ്ഞവർഷം അവസാനത്തോടെയാണ് മെഡിക്കൽ പ്രവേശന നടപടി ക്രമങ്ങൾ പൂർത്തിയായത്. എന്നാൽ, ഈവർഷം കോവിഡിന് മുമ്പ് നടന്നതുപോലെ സമയ ബന്ധിതമായി തന്നെ മെഡിക്കൽ പ്രവേശനവും പൂർത്തിയാക്കാനാവും. ഇതോടെ മെഡിക്കൽ എൻജിനീയറിങ് പഠന മേഖലകളിൽ നിലനിൽക്കുന്ന കോഴ്സ് സമയ പ്രശ്നങ്ങൾ ഈ വർഷത്തോടെ പരിഹരിക്കാനും കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.