സി.ബി.എസ്.ഇ ചെസ്; മികച്ച പ്രകടനവുമായി മസ്കത്ത് ഇന്ത്യൻ സ്കൂൾ
text_fieldsമസ്കത്ത്: സി.ബി.എസ്.ഇ ഒമാൻ ക്ലസ്റ്റർ ചെസ് ടൂർണമെന്റിൽ മികച്ച പ്രകടനവുമായി മസ്കത്ത് ഇന്ത്യൻ സ്കൂൾ. അണ്ടർ 14 (ആൺ/പെൺ), അണ്ടർ 17 (ആൺ-പെൺ) വിഭാഗങ്ങളിൽ ഇന്ത്യൻ സ്കൂൾ മസ്കത്ത് ജേതാക്കളായി. മസ്കത്ത് ഇന്ത്യൻ സ്കൂളിൽ നടന്ന ടൂർണമെന്റ് അന്താരാഷ്ട്ര ആർബിറ്ററും ചെസ് പരിശീലകനും ഒമാൻ ചെസ് കമ്മിറ്റി അംഗവുമായ മുസല്ലം സലിം അൽ വദാഹി ഉദ്ഘാടനം ചെയ്തു. മറ്റ് വിശിഷ്ട വ്യക്തികൾ, പ്രിൻസിപ്പൽ രാകേഷ് ജോഷി, സീനിയർ വൈസ് പ്രിൻസിപ്പൽ (അഡ്മിൻ), വൈസ് പ്രിൻസിപ്പൽമാർ, അസി.വൈസ് പ്രിൻസിപ്പൽമാർ, പങ്കെടുക്കുന്ന ടീമുകൾ, അധ്യാപകർ, രക്ഷിതാക്കൾ, കായിക പ്രേമികൾ എന്നിവർ സംബന്ധിച്ചു.
പബ്ലിക് റിലേഷൻസ് അസി.കോഓഡിനേറ്റർ അനന്യ സിജു സ്വാഗതം പറഞ്ഞു. ഒമാനിലെ 15 ഇന്ത്യൻ സ്കൂളുകളിൽ നിന്നായി 450 മത്സരാർഥികളാണ് ട്രോഫികൾക്കായി മാറ്റുരച്ചത്. ഇന്ത്യൻ സ്കൂൾ മസ്കത്തിന്റെ പെൺകുട്ടികളുടെ ചെസ് ടീം ക്യാപ്റ്റൻ ഷൈബി ബിനോജ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ടൂർണമെന്റിന് തുടക്കം കുറിച്ച് മുഖ്യാതിഥിയും ഇന്ത്യൻ സ്കൂൾ മസ്കത്ത് ബോയ്സ് ചെസ് ടീം ക്യാപ്റ്റൻ അഥർവ ബൻസാലും കരുക്കൾ നീക്കിയാണ് ടൂർണമെന്റിന് തുടക്കം കുറിച്ചത്.
അണ്ടർ 11 ആൺകുട്ടികളുടെ വിഭാഗത്തിൽ ഇന്ത്യൻ സ്കൂൾ സലാല ജേതാക്കളായി. ഇന്ത്യൻ സ്കൂൾ മബേലയും സുഹാറും രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തി. അണ്ടർ 14 ആൺകുട്ടികളുടെ വിഭാഗത്തിൽ ഇന്ത്യൻ സ്കൂൾ സലാലയാണ് റണ്ണേഴ്സ് അപ്പ്. മൂന്നാം സ്ഥാനം ഇന്ത്യൻ സ്കൂൾ ബുറൈമി കരസ്ഥമാക്കി. അണ്ടർ 17 ആൺകുട്ടികളുടെ വിഭാഗത്തിൽ ഇന്ത്യൻ സ്കൂൾ സലാലയും ഇന്ത്യൻ സ്കൂൾ ദാർസൈത്തും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. അണ്ടർ 19 ആൺകുട്ടികളുടെ വിഭാഗത്തിൽ ഇന്ത്യൻ സ്കൂൾ ഗൂബ്രയാണ് ഒന്നാം സ്ഥാനത്തെത്തിയത്. ഇന്ത്യൻ സ്കൂൾ സീബ് രണ്ടും വാദി കബീർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
അണ്ടർ 11 പെൺകുട്ടികളുടെ വിഭാഗത്തിൽ ഇന്ത്യൻ സ്കൂൾ ബൗഷർ ഒന്നും രണ്ടാം സ്ഥാനം ഇന്ത്യൻ സ്കൂൾ സുഹാറും നേടി. മൂന്നാം സ്ഥാനത്തെത്തിയത് ഇന്ത്യൻ സ്കൂൾ ഗൂബ്രയാണ്. അണ്ടർ 14 പെൺകുട്ടികളുടെ വിഭാഗത്തിൽ ഇന്ത്യൻ സ്കൂൾ ഗൂബ്ര രണ്ടും ഇന്ത്യൻ സ്കൂൾ സൂർ മൂന്നും സ്ഥാനങ്ങൾ സ്വന്തമാക്കി. അണ്ടർ 17 പെൺകുട്ടികളുടെ വിഭാഗത്തിൽ ഇന്ത്യൻ സ്കൂൾ സൂറും ഇന്ത്യൻ സ്കൂൾ ഗൂബ്രയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. അണ്ടർ 19 പെൺകുട്ടികളുടെ വിഭാഗത്തിൽ ഇന്ത്യൻ സ്കൂൾ വാദി കബീർ ഒന്നാം സ്ഥാനവും ഇന്ത്യൻ സ്കൂൾ മസ്കത്ത് രണ്ടാം സ്ഥാനവും ഇന്ത്യൻ സ്കൂൾ ബൗഷർ മൂന്നാം സ്ഥാനവും സ്വന്തമാക്കി.
രണ്ട് ദിവസങ്ങളിലായി നടന്ന ടൂർണമെന്റിന്റെ സമാപന ചടങ്ങിൽ ഒമാൻ ചെസ് കമ്മിറ്റി ചെയർമാൻ അഹമ്മദ് ബിൻ ദാർവിഷ് അൽ ബലൂഷിയെ പ്രതിനിധീകരിച്ച് ബസ്മ ബിൻത് സഈദ് ബിൻ മക്തൂം അൽ സുദൈരിയ പങ്കെടുത്തു. മിഡിൽ സെക്ഷൻ ഹെഡ് ബോയ് എച്ച്. എസ്. ഹർഷ് സ്വാഗതവും അസി. കോ-ഓഡിനേറ്ററും കോ-കരിക്കുലറുമായ അലൻ ജോസഫ് നിബു നന്ദിയും പറഞ്ഞു.
ഒമാൻ ചെസ് ഫെഡറേഷന്റെ പിന്തുണയോടെയാണ് പരിപാടി സംഘടിപ്പിച്ചത്. മീറ്റിൽ ഒന്നാം സ്ഥാനങ്ങൾ നേടിയവർ നവംബറിൽ ഇന്ത്യയിൽ നടക്കുന്ന സി.ബി.എസ്.ഇ നാഷനൽസിൽ ഒമാൻ ക്ലസ്റ്ററിനെ പ്രതിനിധീകരിച്ച് പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.