സി.ബി.എസ്.ഇ: വിജയത്തിളക്കത്തിൽ ഇന്ത്യൻ സ്കൂളുകൾ
text_fieldsമസ്കത്ത്: സി.ബി.എസ്.ഇ പത്ത്, 12 ക്ലാസ് പരീക്ഷകളിൽ മികച്ച വിജയവുമായി ഒമാനിലെ ഇന്ത്യൻ സ്കൂളുകൾ. നൂറുശതമാനം വിജയമാണ് മിക്കവാറും സ്കൂളുകൾ നേടിയിരിക്കുന്നത്. നിരവധി വിദ്യാർഥികൾ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി.
ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെയും അവരെ പ്രാപ്തരാക്കിയ അധ്യാപകരെയും സ്കൂൾ മാനേജ്മെന്റും രക്ഷിതാക്കളും അഭിനന്ദിച്ചു. ഒമാനിലെ ഇന്ത്യൻ സ്കൂളുകളുടെ വിജയം സംബന്ധമായ അന്തിമ ചിത്രങ്ങൾ ലഭ്യമായിട്ടില്ല. പരീക്ഷ ഫലം നേരത്തെ പുറത്തുവന്നത് കേരളത്തിൽ തുടർപഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആശ്വാസമായി.
12ാം ക്ലാസിലെ ബഹുഭൂരിപക്ഷം വിദ്യാർഥികളും ഇന്ത്യയിൽ തന്നെയാകും ഉപരിപഠനം നടത്തുക. ഐസർ, എൻജിനീയറിങ് എന്നിവക്കുള്ള പ്രവേശന പരീക്ഷകൾ എഴുതുന്ന വിദ്യാർഥികളും നിരവധിയാണ്. ഒമാനിൽ ഉപരിപഠനം ചെലവേറിയതിനാലും സൗകര്യങ്ങൾ കുറവായതിനാലുമാണ് വിദ്യാർഥികൾ നാട്ടിലേക്ക് നീങ്ങുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ഫലം നേരത്തെ പ്രഖ്യാപിച്ചത് കേരളമടക്കമുള്ള സ്ഥലങ്ങളിൽ തുടർപഠനം നടത്താൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ഗുണം ചെയ്യും.
മുൻവർഷങ്ങളൊക്കെ കേരളത്തിലെ പ്ലസ് വൺ നടപടികൾ കഴിഞ്ഞ ശേഷമായിരുന്നു ഫലം പ്രഖ്യാപിച്ചിരുന്നത്. ഇത് കേരളത്തിൽ തുടർ വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്ന പലർക്കും തിരിച്ചടിയായിരുന്നു. സി.ബി.എസ്.ഇ വിദ്യാർഥികൾക്ക് പ്ലസ് വൺ അപേക്ഷക്ക് സമയം നീട്ടിനൽകാറുണ്ടെങ്കിലും ഭൂരിഭാഗം പേർക്കും ഗുണം ചെയ്യാറില്ല. ഇഷ്ടപ്പെട്ട സ്കൂളുകളും സ്ട്രീമുകളും കിട്ടില്ല എന്നതുതന്നെയാണ് ഇതിനുള്ള കാരണം. പലരും പിന്നീട് നല്ല ഫീസ് നൽകി സ്വകാര്യ സ്ഥാപനങ്ങളെയും മറ്റും ആശ്രയിക്കുകയാണ് ചെയ്യാറ്. പരീക്ഷഫലം വന്നതോടെ തുടർ വിദ്യാഭ്യാസത്തിന് അപേക്ഷ നൽകാനുള്ള തയാറെടുപ്പിലാണ് വിദ്യാർഥികളും രക്ഷിതാക്കളും.
ഫെബ്രുവരി 15 മുതൽ ഏപ്രിൽ അഞ്ചുവരെയാണ് 12ാം ക്ലാസ് പരീക്ഷ നടന്നത്.
2024ലെ പത്ത്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ 2024 ഫെബ്രുവരി 15ന് ആരംഭിക്കുമെന്ന് സി.ബി.എസ്.ഇ അധികൃതർ വാർത്തക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.