സി.ബി.എസ്.ഇ ഒമാൻ ക്ലസ്റ്റർ സ്പോർട്സ് ആൻഡ് ഗെയിംസ്: ഇന്ത്യൻ സ്കൂൾ മസ്കത്ത് ജേതാക്കൾ
text_fieldsമസ്കത്ത്: 2022-23ലെ സി.ബി.എസ്.ഇ ഒമാൻ ക്ലസ്റ്റർ സ്പോർട്സ് ആൻഡ് ഗെയിംസിൽ ഇന്ത്യൻ സ്കൂൾ മസ്കത്ത് ജേതാക്കളായി. അംബാസഡേഴ്സ് റോളിങ് ട്രോഫിയും സ്കൂൾ സ്വന്തമാക്കി. ഇന്ത്യൻ സ്കൂൾ ഗൂബ്ര റണ്ണറപ്പായി. ഒമാനിലുടനീളമുള്ള 21 ഇന്ത്യൻ സ്കൂളുകളെ പ്രതിനിധാനംചെയ്ത് വിവിധ പ്രായവിഭാഗങ്ങളിൽനിന്നുള്ള 1300 ഓളം കായികതാരങ്ങളാണ് മത്സരത്തിൽ പങ്കെടുത്തത്. ഒക്ടോബർ നാലുമുതൽ ഒമ്പതുവരെ വ്യത്യസ്ത വേദികളിലായാണ് മത്സരങ്ങൾ നടന്നത്.
20, 21 തീയതികളിൽ ഇന്ത്യൻ സ്കൂൾ മസ്കത്ത് ഗ്രൗണ്ടിൽ നടന്ന അത്ലറ്റിക് മത്സരങ്ങളോടെ ഗെയിംസിന് തിരശ്ശീല വീഴുകയും ചെയ്തു. ഒമാനിലെ ഇന്ത്യൻ സ്കൂളുകളിലെ കായിക പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യൻ എംബസി നടപ്പാക്കിയ പുതിയ സംരംഭമാണ് ‘അംബാസഡേഴ്സ് റോളിങ് ട്രോഫി’. സമാപന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത ഇന്ത്യൻ അംബാസഡർ അമിത് നാരങ് ആരോഗ്യകരമായ ജീവിതശൈലി നയിക്കാൻ ഫിറ്റ്നസിന്റെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർഥികളുമായി സംസാരിച്ചു.
ഈ വർഷം നടന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ കായികതാരങ്ങൾ കൈവരിച്ച ശ്രദ്ധേയമായ നേട്ടങ്ങളെ അഭിനന്ദിച്ച അംബാസഡർ, വലിയ സ്വപ്നങ്ങൾ കാണാനും അവ സാക്ഷാത്കരിക്കാനും വിദ്യാർഥികളെ ഉദ്ബോധിപ്പിക്കുകയും ചെയ്തു. ടീം ചാമ്പ്യൻഷിപ് ട്രോഫി, സി.ബി.എസ്.ഇ ഒമാൻ ക്ലസ്റ്റർ ഓവറോൾ അത്ലറ്റിക്സ് ചാമ്പ്യൻഷിപ് ട്രോഫി, അംബാസഡർ ട്രോഫി എന്നിവയും അമിത് നാരങ് വിതരണം ചെയ്തു. ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ശിവകുമാർ മാണിക്കം അണ്ടർ 12, 14, 17, 19 വിഭാഗങ്ങളിലെ വ്യക്തിഗത ചാമ്പ്യന്മാരെ അനുമോദിക്കുകയും മികച്ച കായികതാരങ്ങളെ മെഡലുകൾ നൽകി ആദരിക്കുകയും ചെയ്തു. അചഞ്ചലമായ അർപ്പണബോധത്തിനും കഠിനാധ്വാനത്തിനും വിവിധ സ്കൂളുകളിൽ നിന്നുള്ള സംഘങ്ങളെയും അവരുടെ പരിശീലകരെയും ചെയർമാൻ അഭിനന്ദിച്ചു. ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് വൈസ് ചെയർമാൻ പി.ടി.കെ. ഷമീർ സി.ബി.എസ്.ഇ ഒമാൻ ക്ലസ്റ്റർ പതാക ഉയർത്തിയതോടെയാണ് അത്ലറ്റിക് മീറ്റുകൾക്ക് തുടക്കമായത്.
ഡയറക്ടർ ബോർഡ്, ഇന്ത്യൻ സ്കൂൾ മസ്കത്ത് മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ, പ്രിൻസിപ്പൽ രാകേഷ് ജോഷി, ഒമാനിലെ മറ്റ് ഇന്ത്യൻ സ്കൂളുകളിലെ പ്രിൻസിപ്പൽമാർ, സീനിയർ വൈസ് പ്രിൻസിപ്പൽ അഡ്മിനിസ്ട്രേഷൻ, വൈസ് പ്രിൻസിപ്പൽമാർ, അസിസ്റ്റന്റ് വൈസ് പ്രിൻസിപ്പൽമാർ, വിവിധ വകുപ്പു മേധാവികൾ, അധ്യാപകർ, അതിഥികൾ, രക്ഷിതാക്കൾ, ഇവന്റ് കോഓഡിനേറ്റർമാർ, അമ്പയർമാർ, വിവിധ ഇന്ത്യൻ സ്കൂളുകളിൽ നിന്നുള്ള പരിശീലകർ, ഒമാനിലെ എല്ലാ ഇന്ത്യൻ സ്കൂളുകളിൽ നിന്നുമുള്ള കായികതാരങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഹുസൈൻ ഹാദി ഹാഷിർ, ആയിഷ ഹിഫ്സ
സ്വർണത്തിളക്കത്തിൽ സഹോദരങ്ങൾ
മസ്കത്ത്: മസ്കത്തിൽ നടന്ന സി.ബി.എസ്.ഇ സ്കൂൾ ഒമാൻ ക്ലസ്റ്റർ സ്പോർട്സ് ആൻഡ് ഗെയിംസിൽ മികച്ച പ്രകടനവുമായി സഹോദരങ്ങൾ. ഇന്ത്യൻ സ്കൂൾ മസ്കത്ത് വിദ്യാർഥികളായ ഹുസൈൻ ഹാദി ഹാഷിർ, ആയിഷ ഹിഫ്സ എന്നിവരാണ് 200 മീറ്ററിലും 400 മീറ്ററിലും 4x100 മീറ്റർ റിലേയിലും സ്വർണമെഡലുകൾ നേടിയത്. പ്ലസ് ടു വിദ്യാർഥിയായ ഹുസൈൻ 4x400 മീറ്റർ റിലേയിൽ വെള്ളി മെഡലും നേടി. 19 വയസ്സിന് താഴെയുള്ളവരുടെ വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യനാണ് ഹുസൈൻ. 12 വയസ്സുകാരി ആയിഷ ഹിഫ്സ 14 വയസ്സിന് താഴെയുള്ളവരുടെ 4X100 മീറ്റർ റിലേയിലാണ് രജതപതക്കമണിഞ്ഞത്.
കാൽ നൂറ്റാണ്ടിലേറെയായി മസ്കത്തിൽ ബിസിനസ് രംഗത്തുള്ള കണ്ണൂർ ജില്ല ഹോക്കി അസോസിയേഷൻ പ്രസിഡന്റും സംസ്ഥാന വൈസ് പ്രസിഡന്റുമായ പൊന്മാണിച്ചി ഹാഷിറിന്റെയും സലീല ഹാഷിറി ന്റെയും മക്കളാണ്. മാതാവ് സലീല ഹാഷിറിന്റെ കായിക രംഗത്തോടുള്ള താൽപര്യമാണ് കുട്ടികളെ നിത്യ പരിശീലനത്തിലൂടെ ഉയർന്നുവരാൻ സഹായിച്ചത്. 19 വയസ്സിന് താഴെയുള്ള ഒമാൻ ഫുട്ബാൾ ടീമിലും ഹാദി അംഗമാണ്. മസ്കത്തിൽ നടന്ന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരങ് സമ്മാനദാനം നിർവഹിച്ചു. മികച്ച നേട്ടത്തോടെ ഇരുവരും നവംബർ അഞ്ചുമുതൽ ചത്തിസ്ഗഢിലെ റായ്പുരിൽ നടക്കുന്ന സി.ബി.എസ്.ഇ നാഷനൽ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി. റായ്പുർ മീറ്റിലും ചരിത്രവിജയം നേടാ നുള്ള കഠിന തയാറെടുപ്പിലാണ് സഹോദരങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.