കാര്യമായ പരാതികളില്ലാതെ സി.ബി.എസ്.ഇ ഫലം
text_fieldsമസ്കത്ത്: സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷഫലം പുറത്തുവന്നപ്പോൾ കാര്യമായ പരാതികളില്ലാതെ രക്ഷിതാക്കളും വിദ്യാർഥികളും. കോവിഡ് മൂലം പരീക്ഷ നടക്കാനാകാത്തതിനാൽ 10,11,12 ക്ലാസുകളിലെ പരീക്ഷയിൽ ലഭിച്ച മാർക്കുകൾ 30:30:40 അനുപാതത്തിൽ കണക്കിലെടുത്ത് ഫലം പ്രഖ്യാപിക്കുമെന്ന് കേന്ദ്ര സർക്കാർ തീരുമാനിച്ചപ്പോൾ പല രക്ഷിതാക്കളും മുഖം ചുളിക്കുകയും ആശങ്ക രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ, ഫലം വന്നതോടെ പല രക്ഷിതാക്കളും സന്തോഷം പ്രകടിപ്പിക്കുകയും സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. കുട്ടികളുടെ നിലവാരമനുസരിച്ചുള്ള മാർക്ക് ലഭിച്ചതായി പല രക്ഷിതാക്കളും പ്രതികരിച്ചു. പരീക്ഷ നടത്താത്തത് കുട്ടികളുടെ മാർക്ക് കുറയാൻ കാരണമാവുമെന്ന് അധ്യാപകരും ആശങ്ക രേഖപ്പെടുത്തിയിരുന്നെങ്കിലും പഠിക്കുന്ന കുട്ടികൾക്ക് ഉയർന്ന മാർക്ക് ലഭിച്ചതോടെ ഇത്തരം ആശങ്കകളെല്ലാം അസ്ഥാനത്തായി.
പല കുട്ടികൾക്കും സ്കൂളുകൾ ശിപാർശ ചെയ്തതിനെക്കാൾ അൽപം ഉയർന്ന മാർക്കാണ് പരീക്ഷ ബോർഡ് നൽകിയത്. ഇത് കുട്ടികളുടെ തുടർപഠനത്തിന് വലിയ അനുഗ്രഹമാകും. പല ഇന്ത്യൻ സ്കൂളിലെയും കുട്ടികൾക്ക് 98 ശതമാനത്തിലധികം മാർക്ക് ലഭിച്ചിട്ടുണ്ട്. 90 ശതമാനത്തിൽ കൂടുതൽ മാർക്ക് കിട്ടിയ കുട്ടികളും നിരവധിയാണ്. വിദ്യാർഥികളിൽനിന്നും രക്ഷിതാക്കളിൽനിന്നും കാര്യമായ പരാതികൾ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് സ്കൂൾ അധികൃതരും പറയുന്നു.
സി.ബി.എസ്.ഇ ഫലത്തിൽ 75 ശതമാനം സന്തോഷവാനാണെന്ന് മസ്കത്ത് ഇന്ത്യൻ സ്കൂൾ വിദ്യാർഥിയുടെ രക്ഷിതാവായ കണ്ണൂർ പാനൂർ സ്വദേശി സലീം പ്രതികരിച്ചു. തൻെറ മകന് അർഹമായ മാർക്ക് ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പരീക്ഷ നടത്തിയാൽ ഏറ്റക്കുറച്ചിലിന് സാധ്യതയുണ്ട്. 30:30:40 അനുപാത രീതി പൊതുവെ കുറ്റമറ്റതാണെന്നും അദ്ദേഹം പറഞ്ഞു. മകൻെറ കൂട്ടുകാരുടെ രക്ഷിതാക്കളുമായി ബന്ധപ്പെട്ടിരുന്നു. അവരും കാര്യമായ പരാതികൾ പറഞ്ഞിട്ടില്ല. എല്ലാ കുട്ടികൾക്കും അവരുടെ പഠന നിലവാരമനുസരിച്ച് തന്നെയാണ് മാർക്ക് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, കണക്കിന് കുട്ടികൾക്ക് പൊതുവെ മാർക്ക് കുറവുണ്ട്. തൻെറ മകനും മാത്തമാറ്റിക്സിലാണ് മാർക്ക് കുറവെന്നും അദ്ദേഹം പറഞ്ഞു.
പരീക്ഷഫലം ഇത്ര വൈകിക്കേണ്ടിയിരുന്നില്ലെന്നാണ് സലീം അടക്കമുള്ള രക്ഷിതാക്കൾ പറയുന്നത്. പരീക്ഷ നടത്തിയ നാട്ടിലെ കുട്ടികളുടെ ഫലം നേരത്തേ വന്നിരുന്നു. പരീക്ഷഫലം ജൂലൈ 20ഒാടെ വരുമെന്നാണ് പ്രതീക്ഷിച്ചത്.
നാട്ടിൽ ഉപരിപഠനത്തിനും മറ്റും പോവേണ്ട കുട്ടികളും കുടുംബവും പരീക്ഷഫലം ൈവകിയതുകാരണം ഒമാനിൽ തങ്ങേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, കേരളത്തിലെ സി.ബി.എസ്.ഇ സ്കൂളുകളിൽ പലതും കേന്ദ്ര തീരുമാനം വന്നയുടനെ മോഡൽ പരീക്ഷ നടത്തിയിരുന്നെന്നും അതിെൻറ അടിസ്ഥാനത്തിലാണ് മാർക്കുകൾ നൽകിയതെന്നും ചില രക്ഷിതാക്കൾ സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.