ഹോം ആംബുലൻസ് സേവനമൊരുക്കി സി.ഡി.എ.എ
text_fieldsമസ്കത്ത്: ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് അടിയന്തര വൈദ്യസഹായം അവരുടെ വസതിയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സി.ഡി.എ.എ) ഹോം ആംബുലൻസ് സേവനം ആരംഭിച്ചു. ആദ്യഘട്ടത്തിൽ, മുസന്ദം, ബുറൈമി, ദാഹിറ, അൽ വുസ്ത, തെക്കൻ ശർഖിയ, വടക്കൻ ശർഖിയ എന്നിവിടങ്ങളിൽ സി.ഡി.എ.എയുടെ കേന്ദ്രങ്ങളിലൂടെ ഹോം ആംബുലൻസ് സേവനം ലഭ്യമാകും. ഗുരുതരമായ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, ഹൃദ്രോഗങ്ങൾ, പരിക്കുകൾ, ഗുരുതരമായ ഒടിവുകൾ, പെട്ടെന്നുള്ള ബോധക്ഷയം, കഠിനമായ രക്തസ്രാവം, ശക്തമായ വേദന, ഗുരുതരമായ നാഡീവ്യൂഹ രോഗങ്ങൾ, വൈദ്യുതാഘാതം, വിഷബാധ, മുങ്ങിമരണം തുടങ്ങിയ അടിയന്തര മെഡിക്കൽ കേസുകളാണ് പുതിയ സേവനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ആംബുലൻസ് ഡയറക്ടർ ജനറൽ കേണൽ ഡോ. ഹമദ് അബ്ദുല്ല അൽ ഹമ്മാദി പറഞ്ഞു. അടിയന്തര വൈദ്യസഹായം ആവശ്യമുള്ളവർക്ക് റോയൽ ഒമാൻ പൊലീസിന്റെ എമർജൻസി ഹോട്ട്ലൈൻ നമ്പറിലോ (9999) അല്ലെങ്കിൽ സിവിൽ ഡിഫൻസ് അതോറിറ്റിയുടെ (2434-6666) കേന്ദ്രത്തിലോ വിളിക്കാം. പാരാമെഡിക്കൽ അംഗങ്ങൾ അടക്കമുള്ള ഒരു ടീമിനെയാണ് അടിയന്തര വൈദ്യസഹായം നൽകുന്നതിനായി ഒരുക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.