കുറഞ്ഞ വേതന പരിഷ്കരണം: കമ്മിറ്റിയെ ചുമതലപ്പെടുത്തി -മന്ത്രാലയം അണ്ടർ സെക്രട്ടറി
text_fieldsമസ്കത്ത്: രാജ്യത്തെ കുറഞ്ഞ വേതനം പരിഷ്കരിക്കുന്നതിന് സോഷ്യൽ ഡയലോഗ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രാലയം അണ്ടർ സെക്രട്ടറി ശൈഖ് നാസർ അമർ അൽ ഹൊസ്‌നി പറഞ്ഞു. ജനറൽ ഫെഡറേഷൻ ഓഫ് ഒമാൻ വർക്കേഴ്‌സിന്‍റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര തൊഴിലാളിദിനാചരണത്തിൽ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സർക്കാർ (തൊഴിൽ മന്ത്രാലയം), ജനറൽ ഫെഡറേഷൻ ഓഫ് ഒമാൻ വർക്കേഴ്സ്, ഒമാൻ ചേംബർ എന്നീ മൂന്നു കക്ഷികളെ ഉൾപ്പെടുത്തിയാണ് കമ്മിറ്റി.
മിനിമം വേതനം സംബന്ധിച്ച വിഷയം മുമ്പും ചർച്ചചെയ്‌തിട്ടുണ്ടെന്നും വരാനിരിക്കുന്ന യോഗങ്ങളിൽ പഠനം തുടരുമെന്നും പണപ്പെരുപ്പവും സാമ്പത്തിക മാനദണ്ഡവും ഉൾപ്പെടെയുള്ള ചില ഘടകങ്ങളും ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മഹാമാരിക്കാലത്ത് രാജ്യത്തിന്റെ വികസനത്തിന് ഒമാൻ ലേബർ യൂനിയനുകൾ നൽകിയ സംഭാവനകളെ ലേബർ അണ്ടർ സെക്രട്ടറി അൽ ഹൊസ്‌നി പ്രശംസിച്ചു. വേതനപ്രശ്നം സാമൂഹിക പങ്കാളികളുമായി കൂടിയാലോചിച്ച് പരിഗണിക്കണമെന്ന് ജനറൽ ഫെഡറേഷൻ ഓഫ് ഒമാൻ വർക്കേഴ്സ് ചെയർമാൻ നബ്ഹാൻ അഹമ്മദ് അൽ ബത്താഷി പറഞ്ഞു.
വികസന മുന്നേറ്റത്തിൽ തൊഴിലാളികളുടെ പങ്ക് ഉയർത്തിക്കാട്ടുക എന്ന ലക്ഷ്യത്തോടെ നടന്ന അന്താരാഷ്ട്ര തൊഴിലാളിദിനാചരണത്തിൽ തൊഴിൽമന്ത്രി ഡോ. മഹദ് സഈദ് ബാവോയ്‌ൻ കാർമികത്വം വഹിച്ചു. ചടങ്ങിനോടനുബന്ധിച്ച് തൊഴിലാളി സംഘടനകളുടെയും മറ്റും പ്രതിനിധികളുമായി മന്ത്രി കൂടിക്കാഴ്ച നടത്തി. സ്വകാര്യ മേഖലയിലെ തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളും തൊഴിൽപ്രശ്നങ്ങൾ പരിഹരിക്കാനുള്ള കാര്യങ്ങളും ചർച്ചചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.