പൊലിമ കുറച്ച് ഇന്ന് ദീപാവലി ആഘോഷിക്കും
text_fieldsമസ്കത്ത്: ഒമാനിലെ ഇന്ത്യക്കാർ ഇന്ന് ദീപാവലി ആഘോഷിക്കും. ഫലസ്തീൻ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പൊലിമ കുറച്ചായിരിക്കും ഒമാനിൽ ആഘോഷങ്ങൾ. ആഘോഷത്തിന്റെ ഭാഗമായ ദീപാലങ്കാരങ്ങൾ പൊതുവേ കുറവാണ്. എന്നാലും വീടും പരിസരവും ചെറിയ തോതിൽ അലങ്കരിച്ച് പലരും ആഘോഷത്തിന് നിറം നൽകുന്നുണ്ട്.
സാധാരണ ദീപാവലിക്ക് ഏറെ മുമ്പുതന്നെ വീടും പരിസരവും അലങ്കരിക്കാറുണ്ട്. താമസ ഇടങ്ങളുടെ ബാൽക്കണികളിലും ജനാലകളിലുമൊക്കെ അലങ്കാരവിളക്കുകൾ തൂക്കിയിടാറുമുണ്ട്.
ഈ വർഷം ഫലസ്തീൻ മനുഷ്യക്കുരുതിയുടെ പശ്ചാത്തലത്തിൽ ഒമാനിൽ സർക്കാർ തലത്തിലുള്ള ആഘോഷങ്ങളെല്ലാം നിർത്തിവെച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഒമാനിലെ സംഘടനകളും കൂട്ടായ്മകളും സാധാരണ സംഘടിപ്പിക്കാറുള്ള ആഘോഷപരിപാടികൾ ഒഴിവാക്കിയിട്ടുണ്ട്. പകരം ആഘോഷങ്ങൾ വീടുകളിലും ക്ഷേത്രങ്ങളിലും ഒതുങ്ങും.
ദീപാവലി ദിവസം ഒമാനിൽ സാധാരണ പ്രവൃത്തി ദിനമായതും ആഘോഷത്തെ ബാധിക്കും. പരിമിതമായ ചില കമ്പനികൾ ദീപാവലിയോടനുബന്ധിച്ച് അവധി കൊടുക്കുന്നുണ്ടെങ്കിലും ബാക്കിയുള്ളവർക്ക് ഞായറാഴ്ച പ്രവൃത്തി ദിവസമാണ്. അതിനാൽ ഏതാണ്ടെല്ലാ ജീവനക്കാരും ഇന്ന് സാധാരണപോലെ ജോലിക്ക് പോവണം.
കുടുംബമില്ലാതെ ഒറ്റക്ക് താമസിക്കുന്നവർക്കും ദീപാവലി ആഘോഷം ഹോട്ടലിലെ ഭക്ഷണത്തിൽ ഒതുങ്ങും. എന്നാൽ, വീടുകളുടെ പ്രവേശന കവാടത്തിൽ ദീപങ്ങൾ കത്തിച്ച് വെക്കുകയും രംഗോളി ഇടുകയും ചെയ്യുന്നുണ്ട്. വനവാസത്തിനുപോയി തിരിച്ചുവരുന്ന ശ്രീരാമനെ സ്വീകരിക്കുന്നതിന്റെ ഓർമക്കാണ് ദീപാവലി ആഘോഷിക്കുന്നത്.
ദീപാവലിയോടനുബന്ധിച്ച് ഉടുപ്പുകളും പലഹാരങ്ങളും വർണവിളക്കുകളും ചിരാതുകളും വിപണിയിലെത്തിയിട്ടുണ്ട്. എന്നാൽ, വിപണി മുൻവർഷത്തെ അപേക്ഷിച്ച് സജീവത കുറവാണെന്ന് മേഖലയിലുള്ളവർ പറയുന്നു. ബേക്കറികളിലും ഹൈപ്പർമാക്കറ്റുകളിലും വിഭവങ്ങളും പലഹാര ഇനങ്ങളും എത്തിയിട്ടുണ്ട്. പ്രധാനപ്പെട്ട ഹൈപ്പർമാർക്കറ്റുകളിൽ നാട്ടിൽനിന്നാണ് ദീപാവലി വിഭവങ്ങൾ എത്തിക്കുന്നത്. ചില ബേക്കറികളിൽ നാട്ടിൽനിന്ന് പാചക വിദഗ്ധരെ കൊണ്ടുവന്ന് പലഹാരങ്ങൾ ഉണ്ടാക്കുന്നുമുണ്ട്.
സാധാരണ ഇന്ത്യൻ കമ്പനികൾ തങ്ങളുടെ ഉപഭോക്താക്കൾക്കും ബന്ധപ്പെട്ടവർക്കും ദീപാവലി വിഭവങ്ങളും സമ്മാനങ്ങളും നൽകാറുണ്ട്. മധുരപലഹാരങ്ങളാണ് സമ്മാനമായി നൽകുന്നത്. ഇത് ബേക്കറികൾക്ക് വലിയ ബിസിനസും ഉണ്ടാക്കാറുണ്ട്. എന്നാൽ, ഈ വർഷം ഫലസ്തീൻ സാഹചര്യത്തിൽ ഇത്തരം മധുരപലഹാര വിതരണങ്ങളും സമ്മാനങ്ങളുമൊക്കെ പൊതുവേ കുറവാണ്. പല കമ്പനികളുടെയും തലപ്പത്തും മറ്റും ഇരിക്കുന്നത് സ്വദേശികളായതിനാൽ ഇത്തരക്കാർക്ക് പലഹാരങ്ങളും സമ്മാനങ്ങളും നൽകാൻ പറ്റാത്ത അവസ്ഥയുമുണ്ട്.
അതിനാൽ പല ബേക്കറികൾക്കും ഈ വർഷം ദീപാവലി പലഹാര വ്യാപാരം കുറവാണ്. എങ്കിലും വീടുകളിലും താമസ ഇടങ്ങളിലുമൊക്കെ നല്ല രീതിയിൽതന്നെ ദീപാവലി ആഘോഷങ്ങൾ നടക്കുന്നുണ്ട്.
മസ്കത്ത് ഇന്ത്യൻ എംബസിക്ക് ഇന്ന് അവധി
മസ്കത്ത്: ദീപാവലിയോടനുബന്ധിച്ച് മസ്കത്ത് ഇന്ത്യന്‍ എംബസിക്ക് ഞായറാഴ്ച അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കോണ്‍സുലാര്‍ സേവനങ്ങള്‍ക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെല്‍ഫെയര്‍ സേവനങ്ങള്‍ക്ക് 80071234 (ടോള്‍ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.