സിമന്റ് ലഭ്യത: പരിശോധന കാമ്പയിനുമായി സി.പി.എ
text_fieldsമസ്കത്ത്: പ്രാദേശിക വിപണികളിൽ സിമന്റിന്റെ ലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഉപഭോക്തൃ സംരക്ഷണ സമിതി (സി.പി.എ) ഗവർണറേറ്റുകളിൽ പരിശോധന കാമ്പയിൻ ആരംഭിച്ചു. കഴിഞ്ഞദിവസം ബുറൈമി വിലായത്തിലെ കടകളിൽ സി.പി.എയുടെ ടീം പരിശോധന നടത്തി. സിമന്റിന്റെയും നിർമാണ സാമഗ്രികളുടെയും ലഭ്യത പരിശോധിക്കുകയായിരുന്നു സന്ദർശനനത്തിലൂടെ അധികൃതർ ലക്ഷ്യമിട്ടിരുന്നത്.
അതേസമയം, ആഭ്യന്തര വിപണിയിൽ ആവശ്യത്തിന് സിമന്റ് വിതരണം ഉറപ്പാക്കാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം നിരവധി നടപടികൾക്ക് തുടക്കമിട്ടുണ്ട്. നടപടികളുടെ ഭാഗമായി, വിദേശ വിപണികളിൽനിന്നുള്ള കയറ്റുമതി പ്രോത്സാഹിപ്പിക്കാൻ സിമന്റ് ഇറക്കുമതിയുടെ കസ്റ്റംസ് തീരുവ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, ഇറക്കുമതി ചെയ്ത സിമന്റിന്റെ വേഗത്തിലുള്ള ക്ലിയറൻസ് ഉറപ്പാക്കാൻ സുൽത്താൻ ഖാബൂസ്, സുവൈഖ് തുറമുഖമുൾപ്പെടെ വിവിധ പോർട്ടുകളുമായും പ്രവർത്തിക്കും. വിലസ്ഥിരത ഉറപ്പുവരുത്താനായി പ്രാദേശിക സിമന്റ് നിർമാതാക്കളോട് അവരുടെ ഉൽപാദനം വർധിപ്പിക്കാൻ ആവശ്യപ്പെടും. പുതിയ സിമന്റ് പ്ലാന്റുകൾ സ്ഥാപിക്കാനും ലൈസൻസ് നൽകാനും സൗകര്യമൊരുക്കുമെന്നും അധികൃതർ വ്യക്തമാക്കി. രാജ്യത്തിന്റെ ചിലഭാഗങ്ങളിലുണ്ടായ സിമന്റ് ദൗർലഭ്യതയെ പറ്റി സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങളുടെ പശ്ചാത്തലത്തിലാണ് മന്ത്രാലയം നടപടി ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.