ചിതകൾ കത്തിത്തീരാതെ സുഹാറിലെ ശ്മശാനം
text_fieldsസുഹാർ: കോവിഡ് മഹാമാരി ആരംഭിച്ച ശേഷം ഓഹി സനായയിലെ ശ്മശാനത്തിൽ ചിതയുടെ കനൽ അണയുന്നില്ല. ഒന്നിനുപിറകെ ഒന്നായി ആംബുലൻസുകൾ എത്തുകയാണ്. ബുധനാഴ്ച മാത്രം അഞ്ച് മൃതദേഹങ്ങളാണ് ദഹിപ്പിച്ചത്. കഴിഞ്ഞ ദിവസം മരണപ്പെട്ട കണ്ണൂർ സ്വദേശി പ്രവീണിെൻറയടക്കം മൃതദേഹങ്ങൾ ബുധനാഴ്ച ദഹിപ്പിച്ചവയിൽ ഉൾപ്പെടും. ഉറ്റവരുടെയും ഉടയവരുടെയും സാന്നിധ്യമില്ലാതെയാണ് മൃതദേഹങ്ങൾ എത്തുന്നത്. അകന്ന ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവർത്തകരുമൊക്കെയാണ് പലർക്കും അന്ത്യയാത്രാമൊഴി നൽകാനായി മൃതദേഹങ്ങൾക്ക് ഒപ്പമെത്തുന്നത്.
ഒമാനിലെ പ്രവാസികളായ ഹിന്ദുമത വിശ്വാസികളുടെ മൃതദേഹങ്ങൾ സംസ്കരിക്കുന്നതിനുള്ള പ്രധാനപ്പെട്ട സൗകര്യമാണ് സുഹാറിലെ ശ്മശാനം. കോവിഡിനു മുമ്പ് വർഷത്തിൽ പത്തോ പതിനഞ്ചോ മൃതദേഹങ്ങളാണ് ഇവിടെ സംസ്കരിച്ചിരുന്നത്. ഇന്നത് ആഴ്ചയിൽ 20 ഉം 25ഉമായി ഉയർന്നിട്ടുണ്ട്. ഒരു ട്രസ്റ്റിനു കീഴിലുള്ള ഇവിടെ ഒരു മൃതദേഹം ദഹിപ്പിക്കാനുള്ള സൗകര്യമായിരുന്നു ഉണ്ടായിരുന്നത്. കോവിഡ് മരണനിരക്ക് ഉയർന്നതോടെ മൃതദേഹങ്ങൾ ദഹിപ്പിക്കാൻ ഏറെ കാത്തു നിൽക്കേണ്ടതായി വന്നിരുന്നു. ഇപ്പോൾ ഒരേസമയം അഞ്ചു മൃതദേഹം ദഹിപ്പിക്കാനുള്ള താൽക്കാലിക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്കാരത്തിനുള്ള വൈദ്യുതി ചേംബർ നിർമിക്കുന്നതിനുള്ള ജോലികൾ നടന്നുവരുകയാണ്.
മസ്കത്തിലെ ട്രസ്റ്റിെൻറ ഓഫിസിൽ ഒരു ഫോറം പൂരിപ്പിച്ചു നൽകിയാൽ സംസ്കരിക്കേണ്ട തീയതിയും സമയവും അനുവദിച്ചുതരും. ചെറിയ ഫീസ് അടക്കുകയും വേണം. നൽകിയിരിക്കുന്ന സമയത്ത് സുഹാറിൽ മൃതദേഹം എത്തിച്ചാൽ കൃത്യസമയത്തു തന്നെ സംസ്കാരവും കർമവും നടത്താൻ പറ്റും. പിറ്റേന്ന് ചെന്നാൽ ചിതാഭസ്മവും ലഭിക്കും.
കോവിഡിനു മുമ്പ് കൂടുതലായും സംസ്കരിച്ചിരുന്നത് അജ്ഞാത മൃതദേഹവും തിരിച്ചറിയൽ കാർഡോ വിസയോ ഇല്ലാത്തവരുടെയും ആയിരുന്നു. ഇന്നതിൽ കൂടുതലും കോവിഡ് ബാധിച്ച് മരിച്ചവരുടെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.