രാജ്യത്തിന് നവോത്ഥാന ദിന സമ്മാനം: ഒമാൻ സെൻട്രൽ ബാങ്ക് മൊബൈൽ പേമെൻറ് സംവിധാനം ആരംഭിച്ചു
text_fieldsമസ്കത്ത്: രാജ്യത്തിന് നവോത്ഥാനദിന സമ്മാനമായി ഒമാൻ സെൻട്രൽ ബാങ്കിന് കീഴിൽ മൊബൈൽ പേമെൻറ് സംവിധാനം നിലവിൽ വന്നു. മൊബൈൽ പേമെൻറ് ക്ലിയറിങ് ആൻഡ് സ്വിച്ചിങ് (എം.പി ക്ലിയർ) സംവിധാനത്തിെൻറ പ്രഖ്യാപനം ഞായറാഴ്ചയാണ് സെൻട്രൽ ബാങ്ക് നടത്തിയത്. രാജ്യത്തെ പണമിടപാട് രംഗത്തിെൻറ കാര്യക്ഷമത വർധിപ്പിക്കുന്നതാകും പുതിയ സംവിധാനമെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു. ജി.സി.സി രാഷ്ട്രങ്ങളിൽ കേന്ദ്ര ബാങ്കിന് കീഴിൽ ഇത്തരം ഒരു സംവിധാനം ആദ്യമായാണ് ആരംഭിക്കുന്നത്.
മൊബൈൽ ഉപയോഗിച്ച് സുരക്ഷിതവും ഭദ്രവുമായ പണം കൈമാറ്റ സംവിധാനം ഒരുക്കുന്നതിലെ സുപ്രധാന നാഴികക്കല്ലാണ് ഇതെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു. മൊബൈൽ നമ്പർ ഉപയോഗിച്ചാകും ഇത് പ്രവർത്തിക്കുക. ഉപയോഗിക്കാൻ എളുപ്പവും സൗകര്യപൂർവവുമായ ഇൗ സംവിധാനം വ്യാപകമാകുന്നത് രാജ്യത്ത് ഇലക്ട്രോണിക് പേമെൻറ് സംവിധാനത്തിെൻറ പ്രചാരം വർധിപ്പിക്കുമെന്നാണ് കരുതുന്നതെന്നും സെൻട്രൽ ബാങ്ക് പ്രസ്താവനയിൽ അറിയിച്ചു. വിവിധ ബാങ്കുകളുടെ നിലവിലുള്ള മൊബൈൽ ബാങ്കിങ് സംവിധാനങ്ങൾക്കിടയിൽ പരസ്പര പ്രവർത്തനക്ഷമതയുള്ളതാകും എം.പി ക്ലിയർ സംവിധാനം. ഇവക്കിടയിൽ ഏകീകൃത സ്വിച്ചിങ് ആൻഡ് ക്ലിയറിങ് സംവിധാനവും ഉറപ്പാക്കുന്നതിനാൽ വർധിച്ച സുരക്ഷയോടെയും കാര്യക്ഷമതയോടെയുമുള്ള പണം കൈമാറ്റം എം.പി ക്ലിയർ ഉറപ്പുനൽകുന്നു. ഇത്തരം മൊബൈൽ പേമെൻറ് സംവിധാനങ്ങളുടെ വ്യാപനം വഴി രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളിലും ധനകാര്യസേവനങ്ങളുടെ ഗുണഫലം എത്തിക്കാൻ കഴിയും. രാജ്യത്തിെൻറ ഇ-ഗവൺമെൻറ് നയങ്ങളെ പിന്തുണക്കാനും അതുവഴി ദേശീയ തലത്തിൽ പണരഹിത സമ്പദ് വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം ജനങ്ങളിലേക്ക് എത്തിക്കുന്നതെന്നും സെൻട്രൽ ബാങ്ക് അറിയിച്ചു.
സമ്പദ്ഘടനയെയും ബാങ്കിങ് മേഖലയെയും പണമൊഴുക്കിനെയും നിരീക്ഷിക്കാനും സെൻട്രൽ ബാങ്കിന് പുതിയ സംവിധാനം സഹായകരമാണ്. ഇതുവഴി ബാങ്കിങ് മേഖലയുടെ പുരോഗതിക്ക് പുതിയ തീരുമാനങ്ങൾ കൈക്കൊള്ളാൻ സെൻട്രൽ ബാങ്കിന് കഴിയും. ഒരു മൊബൈൽ നമ്പർ മാത്രം ഉപയോഗിച്ച് പണം കൈമാറാൻ സാധിക്കുമെന്നതാണ് എം.പി ക്ലിയറിെൻറ ഏറ്റവും വലിയ പ്രത്യേകത. ഇതുവഴി നിലവിൽ ബാങ്കിങ് സേവനങ്ങൾ ഉപയോഗിക്കാത്തവരെ കൂടി സമ്പദ്ഘടനയുടെ ഭാഗമാക്കാൻ സാധിക്കും. വ്യക്തികൾ തമ്മിൽ, വ്യക്തികളും ബിസിനസ് സംരംഭങ്ങളും, വ്യക്തികളും ഭരണകൂടവും, ഭരണകൂടവും വ്യക്തികളും, ബിസിനസ് സംരംഭങ്ങൾ തമ്മിൽ അങ്ങനെ വിവിധ തലങ്ങളിലുള്ള പണമിടപാടുകൾ എം.പി ക്ലിയർ വഴി സാധ്യമാകും. പണമിടപാട് രംഗത്തിെൻറ കാര്യക്ഷമത വർധിപ്പിക്കുന്നതിനുള്ള സെൻട്രൽ ബാങ്കിെൻറ പരിശ്രമങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകുന്ന വാണിജ്യ ബാങ്കുകൾക്കും മൊബൈൽ പേമെൻറ് സംവിധാനം നടപ്പിൽവരുത്തിയ പ്രോഗ്രസ് സോഫ്റ്റ് കമ്പനിക്കും സെൻട്രൽ ബാങ്ക് എക്സിക്യൂട്ടിവ് പ്രസിഡൻറ് ഹമൂദ് ബിൻ സൻഗൗർ അൽ സദ്ജാലി നന്ദി അറിയിച്ചു. സുരക്ഷിതവും സൗകര്യപ്രദവും ഉപയോഗിക്കാൻ എളുപ്പമുള്ളതുമായ പണമിടപാട് സംവിധാനം അവതരിപ്പിക്കുകയാണ് തങ്ങളുടെ അന്തിമ ലക്ഷ്യമെന്ന് സെൻട്രൽ ബാങ്കിെൻറ പേമെൻറ് സിസ്റ്റംസ് ഡിപ്പാർട്ട്മെൻറിെൻറ ചുമതലയുള്ള അലി അൽ ജാബ്രി പറഞ്ഞു.
മൊബൈൽ നമ്പർ മാത്രം ഉപയോഗിച്ച് പണം കൈമാറുന്നതിനുള്ള അതിവേഗ സംവിധാനമാണ് എം.പി ക്ലിയർ. അതിെൻറ ഗുണഫലങ്ങൾ ഉപഭോക്താക്കൾ വൈകാതെ അനുഭവിച്ച് തുടങ്ങുമെന്നും അലി അൽ ജാബ്രി പറഞ്ഞു. ഉപഭോക്താക്കൾക്കിടയിൽ പുതിയ സംവിധാനത്തിെൻറ പ്രചാരണത്തിന് തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് ബാങ്ക് മസ്കത്ത് ചീഫ് എക്സിക്യൂട്ടിവ് അബ്ദുൽ റസാഖ് അലി ഇസ്സയും പറഞ്ഞു. മറ്റു ബാങ്കുകളുടെ മേധാവികളും പുതിയ സംവിധാനത്തെ സ്വാഗതം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.