വിമാന ടിക്കറ്റ് കൊള്ളയിൽ കേന്ദ്രവും കൈയൊഴിഞ്ഞു; ‘ആകാശച്ചുഴി’യിൽ പ്രവാസികൾ
text_fieldsമസ്കത്ത്: വിമാന ടിക്കറ്റ് കൊള്ളയിൽ ഇടപെടാനാകില്ലെന്ന് കേന്ദ്രവും പറഞ്ഞതോടെ കുറഞ്ഞ നിരക്കിൽ ഭാവിയിലെങ്കിലും യാത്ര ചെയ്യാൻ കഴിയുമെന്ന പ്രവാസികളുടെ പ്രതീക്ഷക്ക് മങ്ങലേൽക്കുന്നു.
പ്രവാസികളെയും ആഭ്യന്തര യാത്രക്കാരെയും വിമാന കമ്പനികൾ ചൂഷണം ചെയ്യുന്ന കാര്യം മുസ്ലിം ലീഗ് പാർലമെന്ററി പാർട്ടി നേതാവ് ഇ.ടി. മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തിൽ കേരള എം.പിമാർ കഴിഞ്ഞ ദിവസമാണ് ലോക്സഭയിൽ ഉന്നയിച്ചത്. എന്നാൽ, നിരക്കുനിർണയത്തിൽ സർക്കാറിന് പങ്കില്ലെന്നാണ് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചത്. 1993 മുതൽ വ്യോമയാനരംഗത്തെ നിയന്ത്രണം എടുത്തുകളഞ്ഞിട്ടുണ്ട്. കോവിഡിനു ശേഷം വ്യോമയാനമേഖല തകർച്ചയുടെ വക്കിലാണ്.
ചെലവിന്റെ 40 ശതമാനവും ഇന്ധനത്തിനാണ്. ശരാശരിയുടെ രണ്ടര ഇരട്ടിയാണ് വിമാനക്കമ്പനികൾ ഇന്ധനത്തിന് ചെലവിട്ടത്. ഇതിനെല്ലാമിടയിലും കോവിഡ് സൃഷ്ടിച്ച പ്രത്യാഘാതത്തിന്റെ അതേ അനുപാതത്തിൽ നിരക്ക് കൂടിയിട്ടില്ല. വിമാന സർവിസിൽനിന്നുള്ള വരുമാനം സീസൺ അടിസ്ഥാനപ്പെടുത്തിയാണെന്ന് മനസ്സിലാക്കണം. 60 റൂട്ടുകൾ തിരഞ്ഞെടുത്ത് നിരക്കുനിർണയം നിരീക്ഷിക്കുന്നുണ്ട്. അന്യായമെന്നു കണ്ടാൽ വിമാനക്കമ്പനികളെ അറിയിച്ച് മാറ്റത്തിന് പ്രേരിപ്പിക്കുമെന്നുമാണ് മന്ത്രി ലോക് സഭയിൽ അറിയിച്ചത്.
അതേസമയം, ടിക്കറ്റ് നിരക്കിൽ ഇടപെടാനാകില്ലെന്ന കേന്ദ്രനിലപാടിനെതിരെ പ്രവാസലോകത്ത് വ്യാപക പ്രതിഷേധമാണുയരുന്നത്. വിഷു, ഓണം, പെരുന്നാൾ, സ്കൂൾ അവധി, ക്രിസ്മസ് തുടങ്ങിയ സീസണിൽ മൂന്നിലധികം നിരക്കാണ് വിമാനക്കമ്പനികൾ ഈടാക്കുന്നത്. കുറഞ്ഞ നിരക്കിൽ ജോലിയെടുക്കുന്ന സാധാരണക്കാരായ ആളുകളെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. കുടുംബവുമായി കഴിയുന്ന ആളുകൾക്ക് തങ്ങളുടെ അധ്വാനത്തിന്റെ നല്ലൊരു വിഹിതവും വിമാനയാത്രക്കായി ചെലവഴിക്കേണ്ട സ്ഥിതിയാണുണ്ടാകാറുള്ളത്. സീസൺ സമയത്ത് മസ്കത്തിൽനിന്ന് കേരള സെക്ടറിലേക്ക് പലപ്പോഴും 200റിയാലിന് മുകളിൽ ആണ് ടിക്കറ്റ് നിരക്കുണ്ടാകാറുള്ളത്. ഈ നിരക്കിൽ മൂന്നംഗങ്ങളുള്ള ഒരുകുടുംബത്തിന് വൺവേക്ക് മാത്രം ലക്ഷം രൂപക്ക് മുകളിൽ ചെലവഴിക്കേണ്ടിവരും.
അംഗങ്ങൾ കൂടുന്നതിനനുസിരിച്ച് തുക വീണ്ടും ഉയരും. ഈ കൊള്ളക്കെതിരെ പ്രവാസി സംഘടനകളും മറ്റും നിരന്തരം ശബ്ദമുയർത്താറുണ്ടെങ്കിലും പലപ്പോഴും വനരോദനമായി മാറുകയാണുണ്ടാകാറുള്ളത്. മുൻകൂട്ടി ബുക്ക് ചെയ്താൽ ടിക്കറ്റ് നിരക്ക് കുറവാണെന്ന മന്ത്രിയുടെ വാദവും തെറ്റാണെന്ന് പ്രവാസികൾ ചൂണ്ടിക്കാണിക്കുന്നു. സീസൺ മുന്നിൽ കണ്ട് ഉയർന്ന നിരക്കുകളാണ് വിമാന കമ്പനികൾ വെബ്സൈറ്റിൽ നൽകാറ്. ഇനി ഉയർന്നനിരക്കിൽ ടിക്കറ്റെടുത്ത് യാത്ര ചെയ്താലും എയർ ഇന്ത്യ അടക്കമുള്ള വിമാന കമ്പനികൾ സമയക്രമം പാലിക്കാത്തതും സർവിസുകൾ റദ്ദാക്കുന്നതും പ്രവാസികൾക്ക് തലവേദനയുണ്ടാക്കുന്നതാണ്.
ഓണം സീസണിൽ വിദേശ രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് വർധന നിയന്ത്രിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ കത്ത് ഓഗസ്റ്റിൽ ജ്യോതിരാദിത്യ സിന്ധ്യ തള്ളിയിരുന്നു. തിരക്കുള്ള സീസണിൽ ചാർട്ടേഡ് വിമാനങ്ങൾ ഓപറേറ്റ് ചെയ്യാൻ അനുവദിക്കണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യവും നിരസിക്കുകയുണ്ടായി. ഓണം സീസൺ പ്രവാസികൾ ധാരാളമായി കേരളത്തിലേക്ക് വരുന്ന സമയമാണെന്നും ആഘോഷങ്ങൾക്കായി നാട്ടിലെത്താനാഗ്രഹിക്കുന്ന പ്രവാസികൾക്കും മറ്റ് സംസ്ഥാനങ്ങളിലുള്ള മലയാളികൾക്കും കനത്ത ആഘാതമാണ് നിരക്ക് വർധനയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഇതൊന്നെും കേന്ദ്ര സർക്കാർ ചെവിക്കൊണ്ടില്ല.പ്രവാസികളുടെ വിഷയവും വിമാനങ്ങളുടെ സീസണൽ കൊള്ളയും എ.എം.ആരിഫ് എം.പി, അടൂർ പ്രകാശ് എം.പി എന്നിവർ നേരത്തേ ലോക്സഭയിലും ഉന്നയിച്ചിരുന്നു. വിഷയത്തിൽ ഇടപെടാനാകില്ലെന്നാണ് കേന്ദ്ര വ്യോമയാന വകുപ്പ് സഹമന്ത്രി ഡോ.വി.കെ.സിങ് ലോക്സഭയിൽ മറുപടി നൽകിയത്.
നിലവിൽ ക്രിസ്മസ്, ശൈത്യ കാല അവധി മുന്നിൽ കണ്ട് ടിക്കറ്റ് നിരക്ക് ഉയർത്തിയിട്ടുണ്ട്. ബജറ്റ് വിമാന കമ്പനികളായ സലാം എയർ, എയർ ഇന്ത്യ എക്സ് പ്രസ് എന്നിവ പോലും ഉയർന്ന നിരക്കുകളാണ് ഡിസംബറിൽ ഈടാക്കുന്നത്. ടിക്കറ്റ് നിരക്കുകൾ ഉയർന്നതോടെ നാട്ടിൽ പോവാൻ ഒരുങ്ങി നിന്നിരുന്ന കുറഞ്ഞ വരുമാനക്കാരായ നിരവധി പേർ യാത്രകൾ മാറ്റിവെച്ചിട്ടുണ്ട്.
കോഴിക്കോട് സെക്ടറിലേക്ക് സലാം എയർ ഡിസംബർ 15 മുതൽ സർവിസ് പുനരാരംഭിക്കുന്നുണ്ട്. നവംബർ അവസാനം വരെ എയർ ഇന്ത്യ എക്സ് പ്രസ് കോഴികോട്ടേക്ക് വൺവേക്ക് 50 റിയാലിൽ താഴെയാണ് ഈടാക്കിയിരുന്നത്. എന്നാൽ ഡിസംബർ പകുതിയോടെ എയർ ഇന്ത്യ എക്സ് പ്രസ് നിരക്കുകൾ വൺവേക്ക് 105 റിയാലായി ഉയരുന്നുണ്ട്. ജനുവരി വരെ സമാനമായ നിരക്കാണ് എയർ ഇന്ത്യ എക്സ് പ്രസ് ഈടാക്കുന്നത്. കൊച്ചിയിലേക്കും സമാനമായ നിരക്കാണ് ഈടാക്കുന്നത്. കണ്ണൂരിലേക്ക് ഡിസംബറിൽ കുടിയ നിരക്ക് 100 റിയാലാണ് എയർ ഇന്ത്യ എക്സ് പ്രസ് ഈടാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.