കേന്ദ്രവും കൈയൊഴിഞ്ഞു; ഇന്ത്യൻ വിമാനക്കമ്പനികളെ ബഹിഷ്കരിക്കാൻ പ്രവാസികൾ
text_fieldsമസ്കത്ത്: ഗൾഫ് വിമാന ടിക്കറ്റ് നിരക്ക് വർധനയിൽ ഇടപെടാനാകില്ലെന്ന കേന്ദ്ര നിലപാടിനെതിരെ പ്രവാസ ലോകത്ത് പ്രതിഷേധം ശക്തമാകുന്നു. കേന്ദ്ര നടപടി ധിക്കാരവും പ്രവാസികളോടുള്ള അവഗണനയുമാണ് വെളിവാക്കുന്നതെന്ന് വിവിധ പ്രവാസി സംഘടനകൾ ചൂണ്ടിക്കാട്ടി.
വർഷങ്ങളായി തങ്ങൾ ഉന്നയിക്കുന്ന വിഷയങ്ങളിൽ ശാശ്വത പരിഹാരത്തിനായി പ്രതിഷേധ പരിപാടികൾക്ക് രൂപം നൽകാനൊരുങ്ങുകയാണ് ഒമാനിലെ പ്രവാസി സംഘടനകൾ. ഇന്ത്യൻ വിമാനക്കമ്പനികളെ ബഹിഷ്കരിക്കുന്നതടക്കമുള്ള സമരപരിപാടികൾക്ക് ഒറ്റക്കെട്ടായി രൂപം നൽകുമെന്നും സംഘടന നേതൃത്വം അറിയിച്ചു. ഗൾഫ് രാജ്യങ്ങളിൽനിന്ന് വിമാനക്കമ്പനികൾ ഉയർന്ന ടിക്കറ്റ് നിരക്ക് ഈടാക്കുന്നത് സംബന്ധിച്ച് അടൂർ പ്രകാശ് എം.പി നൽകിയ കത്തിന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ നൽകിയ മറുപടിയിലാണ് ഇടപെടാനാകില്ലെന്ന് കേന്ദ്രം അറിയിച്ചിരിക്കുന്നത്.
അവധിക്കാലത്തെ തിരക്കും ഉയർന്ന ഇന്ധന വിലവർധനയുമാണ് ഉയർന്ന നിരക്കിന് കാരണമായി കേന്ദ്ര സർക്കാർ പറയുന്നത്. കുതിച്ചുയരുന്ന വിമാന ടിക്കറ്റ് നിരക്കിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും വ്യോമയാന മന്ത്രിക്ക് കത്തയച്ചിരുന്നു.
പ്രവാസികളോടുള്ള ക്രൂരത
പ്രവാസികൾ ധാരാളമായി യാത്ര ചെയ്യുന്ന സീസണുകളിൽ വിമാനക്കമ്പനികൾ ഈടാക്കുന്ന അധിക വിമാന ചാർജ് വിഷയത്തിൽ കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രിക്ക് കേരള മുഖ്യമന്ത്രി നൽകിയ കത്തിനു നൽകിയ മറുപടി പ്രവാസി സമൂഹത്തോട് കേന്ദ്രം പുലർത്തുന്ന തികഞ്ഞ അവഗണനയും വെല്ലുവിളിയുമാണ്.
മുഖ്യമന്ത്രിയെ കൂടാതെ കേരളത്തിൽ നിന്നുള്ള വിവിധ എം.പിമാർ പല ഘട്ടങ്ങളിൽ ഇതേ ആവശ്യം കേന്ദ്ര സർക്കാറിന്റെ മുന്നിൽ വെച്ചിട്ടുണ്ട്. വിമാനക്കമ്പനികൾക്ക് ആവശ്യമായ മുഴുവൻ അടിസ്ഥാന സൗകര്യങ്ങളും നൽകുന്ന കേന്ദ്ര സർക്കാർ വിമാനക്കമ്പനികൾ പ്രവാസികളോട് ചെയ്യുന്ന കൊടും ക്രൂരതയെ കണ്ടില്ലെന്ന് നടിക്കരുത്.
രാജ്യത്തിന്റെ പുരോഗതിയുടെ നട്ടെല്ലാണ് പ്രവാസികൾ. പ്രവാസികൾക്ക് ദ്രോഹകരമായ തീരുമാനങ്ങൾ തുടരാനാണ് വിമാനക്കമ്പനികളുടെ നിലപാടെങ്കിൽ പ്രവാസി സമൂഹം ഒറ്റക്കെട്ടായി പ്രതിഷേധങ്ങൾക്ക് തുടക്കം കുറിക്കും. ഇന്ത്യൻ വിമാന കമ്പനികളുടെ ബഹിഷ്കരണമടക്കമുള്ള കൂടുതൽ കടുത്ത നിലപാടിലേക്ക് നീങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഈ വിഷയത്തിൽ മുഴുവൻ പ്രവാസി സംഘടനകളും യോജിച്ചുള്ള പ്രതിഷേധങ്ങൾക്ക് മുന്നോട്ടുവരണമെന്ന് അഭ്യർഥിക്കുന്നു. പ്രവാസി വെൽഫെയർ ഒമാൻ സർവപിന്തുണയും ഈ അവസരത്തിൽ അറിയിക്കുന്നു- അർഷാദ് പെരിങ്ങാല (വൈസ് പ്രസിഡന്റ്, പ്രവാസി വെൽഫെയർ ഒമാൻ)
പ്രവാസി സമൂഹത്തോടുള്ള അവഗണന
ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള വിമാന നിരക്ക് വർധനയിൽ ഇടപെടാനാകില്ലെന്ന കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നിലപാട് നിരുത്തരവാദിത്തപരവും അങ്ങേയറ്റം പ്രതിഷേധാർഹവുമാണ്. മസ്കത്ത് ഗൾഫ് പ്രവാസികളോടുള്ള വിമാനക്കമ്പനികളുടെ കാലാകാലങ്ങളായുള്ള ചിറ്റമ്മനയത്തിന് ഒത്താശ ചെയ്യുന്നതാണ് കേന്ദ്ര സർക്കാറിന്റെ ഈ നിലപാട്. പ്രവാസി സമൂഹത്തോടുള്ള ഈ കടുത്ത അവഗണനക്കെതിരെ പ്രവാസി സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും പ്രതിഷേധ പരിപാടികൾക്ക് മസ്കത്ത് കെ.എം.സി.സി നേതൃത്വം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു- (അഹമ്മദ് റഈസ്, മസ്കത്ത് കെ.എം.സി.സി പ്രസിഡന്റ്).
നിലപാട് പുനഃപരിശോധിക്കണം
വിമാന നിരക്കിന്മേല് കേന്ദ്ര സര്‍ക്കാറിന് നിയന്ത്രണമില്ലെന്ന വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ മറുപടി, സര്‍ക്കാര്‍ ഇടപെടല്‍ പ്രതീക്ഷിച്ചിരിക്കുന്ന പ്രവാസികളുടെ മേലുള്ള അടിയാണ്. അവധിക്കാലം അവസാനിക്കാത്തതിനാല്‍ ടിക്കറ്റ് നിരക്ക് ഉയര്ന്നുതന്നെയാണിപ്പോഴും. ആഘോഷ ദിനങ്ങളിലും അവധിക്കാലത്തും നാട്ടില്‍ കഴിയാനുള്ള പ്രവാസികളുടെ ആഗ്രഹങ്ങള്‍ മാനിക്കാന്‍ സര്‍ക്കാറുകള്‍ തയാറാകണം.
ഉയര്‍ന്ന ടിക്കറ്റ് നിരക്ക് കാരണം യാത്ര മാറ്റിവെച്ച ആയിരക്കണക്കിന് പ്രവാസികളുണ്ട്. കേരളത്തിലേക്ക് നിലവിലുണ്ടായിരുന്ന വിമാനങ്ങള്‍ പലതും പിന്‍വലിക്കുകകൂടി ചെയ്തതോടെ സീറ്റ് ക്ഷാമവും രൂക്ഷമാണ്. കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് പഴയ നിലയില്‍ സര്‍വിസുകൾ പുനരാരംഭിച്ചില്ലെങ്കില്‍ ഉത്തര മലബാറുകാരുടെ യാത്ര ദുഷ്കരമായി തന്നെ തുടരും. കേന്ദ്ര സര്‍ക്കാര്‍ നിലപാട് പുനഃപരിശോധിക്കുകയും സാധാരണക്കാരായ പ്രവാസികളുടെ യാത്രാപ്രശ്നങ്ങളില്‍ കൂടെനില്‍ക്കുകയും ചെയ്യണം- (മുഹമ്മദ് റാസിഖ് ഹാജി, ജനറൽ സെക്രട്ടറി ഐ.സി.എഫ് ഒമാൻ.
പ്രവാസികളോടുള്ള വെല്ലുവിളി
ഗള്‍ഫ് വിമാന ടിക്കറ്റ് നിരക്കിലുള്ള ലക്കും ലഗാനുമില്ലാത്ത വര്‍ധനയില്‍ ഇടപെടാനാകില്ലെന്ന കേന്ദ്ര സര്‍ക്കാറിന്റെ മറുപടി പ്രവാസികളോടുള്ള വെല്ലുവിളിയാണ്. ജൂൺ 18ന് നടന്ന ഇന്ത്യൻ എംബസി ഓപൺ ഫോറത്തിൽ ഇതുമായി ബന്ധപ്പെട്ടു സമർപ്പിച്ച നിവേദനത്തെ തുടർന്ന് എംബസി അധികൃതരും ഈ വിഷയത്തിൽ ഇടപെടാനാകില്ലെന്ന മറുപടിയാണ് തന്നത്.
കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ മൂന്നും നാലും ഇരട്ടിയായി കുതിച്ചുയർന്നതു കാരണം ഭൂരിപക്ഷം പ്രവാസി കുടുംബങ്ങൾക്കും വേനലവധിക്കാലത്ത് നാട്ടിൽ പോകാൻ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ കേന്ദ്ര സർക്കാർ ടിക്കറ്റ് വർധന വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെടുകയാണ്.
അവധിക്കാലത്തും ആഘോഷങ്ങള്‍ക്കുമായി നാട്ടിലെത്താൻ ആഗ്രഹി ക്കുന്ന പ്രവാസി ഇന്ത്യക്കാരുടെ വിഷയങ്ങളിൽ അനങ്ങാപ്പാറ നയം ഉടനെ തിരുത്തണം- (ബാലകൃഷ്ണൻ, കൈരളി ഒമാൻ ജനറൽ സെക്രട്ടറി)
കേന്ദ്ര നിലപാട് നിരാശജനകം
നീതീകരണമില്ലാത്ത ടിക്കറ്റ് നിരക്ക് വർധനയിലൂടെ പ്രവാസികളുടെ കഴുത്തുഞെരിക്കുന്ന വിമാനക്കമ്പനികളുടെ ചൂഷണത്തിനു നേരെ സംസ്ഥാന സർക്കാർ കണ്ണടച്ചിരിക്കുമ്പോൾ കൊള്ളക്കാർക്ക് സംരക്ഷണമൊരുക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്.
പ്രവാസികളുടെ വിയർപ്പിന്റെ ഫലം നിഷ്കരുണം വിമാനക്കമ്പനികൾ കൊള്ളയടിക്കുമ്പോൾ അതിൽ ഇടപെടാനാകില്ലെന്ന വ്യോമയാന മന്ത്രിയുടെ നിഷേധാത്മക നിലപാട് അങ്ങേയറ്റം നിരാശജനകമാണ്. പ്രവാസികളുടെ വിഷയത്തിൽ എല്ലാ സംഘടനകളെയും ഒരുമിച്ചു കൊണ്ടുവന്ന് കൂട്ടായ പ്രതിഷേധ പരിപാടികൾക്ക് രൂപം നൽകും.
ഇതിനായി ഒ.ഐ.സി.സി ഒമാൻ മുൻകൈയെടുക്കും. പ്രവാസികളെ ചൂഷണം ചെയ്യുന്ന നടപടികൾ അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇതിനായി പ്രവാസ ലോകത്തുനിന്ന് ഒറ്റക്കെട്ടായ പ്രതിഷേധങ്ങൾ ഉയർന്നുവരേണ്ടതുണ്ട്-(സജി ഔസേഫ്, ദേശീയ പ്രസിഡന്റ് ഒ.ഐ.സി.സി ഒമാൻ).
സ്വതന്ത്ര റെഗുലേറ്ററി ബോഡി രൂപവത്കരിക്കണം
അനിയന്ത്രിതമായ വിമാന യാത്രക്കൂലി വിഷയത്തിൽ ഇടപെടാനാകില്ലെന്ന കേന്ദ്ര നിലപാട് മനുഷ്യത്വരഹിതമാണ്. ഭരണനേതൃത്വം വിമാനക്കമ്പനികളുടെയും കോർപറേറ്റുകളുടെയും മുന്നിൽ മുട്ടുമടക്കുന്ന ദയനീയ കാഴ്ച പ്രവാസികൾക്കും ഇന്ത്യൻ പൗരന്മാർക്കും ഒട്ടും അഭിലഷണീയമല്ല.
ഗൾഫിലെ പ്രവാസികൾ കൂടുതലായി നാട്ടിലേക്കു യാത്രചെയ്യുന്ന ഈ സമയം നോക്കി നടത്തപ്പെടുന്ന ഈ കൊള്ള ആർജവമുണ്ടെങ്കിൽ അവസാനിപ്പിക്കണം. ന്യായവും മത്സരാധിഷ്ഠിതവുമായ വില ഉറപ്പാക്കാൻ ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഫ്ലൈറ്റ് ചാർജുകൾ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി ഒരു സ്വതന്ത്ര റെഗുലേറ്ററി ബോഡി രൂപവത്കരിക്കേണ്ടത് അത്യാവശ്യമാണ്. വിമാനയാത്രയുമായി ബന്ധപ്പെട്ട നയങ്ങൾ ഇന്ത്യൻ ഗവൺമെന്റ് പുനർമൂല്യനിർണയം ചെയ്യുകയും പരിഷ്കരിക്കുകയും വേണം.
ഭൂമിശാസ്ത്രപരമായി തങ്ങൾക്കു വേരോട്ടം കുറവുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഗൾഫ് രാജ്യങ്ങളിൽ കൂടുതൽ എന്നുള്ള വിലകുറഞ്ഞ രാഷ്ട്രീയം മാറ്റിവെച്ചു വിദേശത്തുള്ള പൗരന്മാരുടെ താൽപര്യങ്ങൾ സംരക്ഷിക്കുകയും ആതിഥേയ രാഷ്ട്രങ്ങളുമായി സൗഹാർദപരമായ ബന്ധം നിലനിർത്തുകയും ചെയ്യേണ്ടത് ഇന്ത്യൻ സർക്കാറിന്റെ കടമയാണ്. നെഹ്റുവിനെയും ഗാന്ധിയെയും കുറ്റം പറഞ്ഞു കാലം കൂട്ടാതെ, ഈ പ്രശ്നത്തിൽ അടിയന്തരമായി ഇടപെട്ട് പരിഹാരം കാണണം- (നിധീഷ് മാണി, വൈസ് പ്രസിഡന്റ്, സേവ് ഒ.ഐ.സി.സി ഒമാൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.