ചേംബർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പ്: വോട്ടേഴ്സ് രജിസ്ട്രേഷൻ അവസാനിച്ചു
text_fieldsമസ്കത്ത്: ഒമാൻ ചേംബർ ഓഫ് കോമേഴ്സിൽ വോട്ടവകാശം രേഖപ്പെടുത്തുന്നവർക്കുള്ള രജിസ്ട്രേഷൻ വ്യാഴാഴ്ച അവസാനിച്ചു. കഴിഞ്ഞ മാസം 29 നാണ് രജിസ്ട്രേഷൻ ആരംഭിച്ചത്.
ഒ.സി.സി.ഐ വെബ്സൈറ്റിലെ ഇ-സർവിസസ് വഴിയാണ് വോട്ടവകാശത്തിനായി രജിസ്ട്രേഷൻ നടത്തേണ്ടത്. രണ്ട് വിഭാഗത്തിലായാണ് വോട്ടിങ് രജിസ്ട്രേഷൻ നടക്കുക. ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെട്ട കമ്പനികൾക്ക് മാത്രമാണ് രജിസ്ട്രേഷന് അവസരം ലഭിക്കുക. ഓൺലൈൻ വഴിയാണ് വോട്ടിങ്.
മത്സരത്തിൽ പങ്കെടുക്കുന്ന സ്ഥാനാർഥികൾക്ക് നോമിനേഷൻ സമർപ്പിക്കാനുള്ള അവസാന തീയതി കഴിഞ്ഞമാസം 29നായിരുന്നു. മത്സരത്തിൽ പങ്കെടുക്കുന്നവർക്കും കമ്പനികൾക്കും നിരവധി മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. ആകെ 21 സീറ്റുകളിലേക്കാണ് മത്സരം. അതോടൊപ്പം ചേംബർ ഓഫ് കോമേഴ്സിന്റെ വിവിധ ശാഖകളിലേക്കും തെരഞ്ഞെടുപ്പ് നടക്കും.
21 മെംബർമാരിൽ പത്തുപേരെ വിവിധ ഗവർണറേറ്റുകളിൽനിന്ന് തെരഞ്ഞെടുക്കും. അഞ്ച് സീറ്റുകൾ പബ്ലിക്ക് ജോയൻറ് സ്റ്റോക്ക് കമ്പനികളിൽനിന്നുള്ളവർക്കായിരിക്കും. ഒരു സീറ്റ് വിദേശ നിക്ഷേപകരുടെ പ്രതിനിധികളായ വിദേശികൾക്കായിരിക്കും. ഈ സീറ്റിലേക്ക് മത്സരിക്കുന്ന സ്ഥാനാർഥികൾ ഒമാനിൽ താമസക്കാരായിരിക്കണം. ഈ സീറ്റിലേക്ക് മലയാളികളും രംഗത്തുണ്ട്. ബാക്കിയുള്ള സീറ്റുകൾ മസ്കത്ത് ഗവർണറേറ്റിൽനിന്നുള്ളവർക്കായിരിക്കും.
ചേംബർ ഓഫ് കോമേഴ്സിൽ രജിസ്റ്റർ ചെയ്ത എല്ലാ കമ്പനികൾക്കും വോട്ടവകാശം ലഭിക്കില്ല. കമ്പനിയുടെ സ്വദേശിവത്കരണ ശതമാനം പൂർത്തിയാക്കുന്നതടക്കം നിരവധി മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട് വോട്ടവകാശം ലഭിക്കാൻ.
വോട്ടർമാർ റിയാദ കാർഡുകളുടെ ഉടമകളായിരിക്കണം. കമ്പനിയിൽ ഒരു സ്വദേശി ജീവനക്കാരന്റെയെങ്കിലും പേര് രജിസ്റ്റർ ചെയ്തിരിക്കണം. കമ്പനികൾ ഒക്ടോബർ 31 വരെയുള്ള ഒ.സി.സി.ഐ മെംബർഷിപ് പുതുക്കിയിരിക്കണം. ഈ മാസം ആറുവരെയായിരുന്നു സ്ഥാനാർഥികൾക്ക് നാമനിർദേശ പത്രിക സമർപ്പിക്കാൻ സമയം അനുവദിച്ചിരുന്നത്.
പിന്നീട് അത് ഒമ്പതുവരെ നീട്ടുകയായിരുന്നു. പബ്ലിക്ക് സ്റ്റോക്ക് കമ്പനി പ്രതിനിധികളും വിദേശ നിക്ഷേപകരുടെ വിഭാഗത്തിൽപെട്ടവരുമൊഴികെ സ്ഥാനാർഥികൾ സ്വദേശികളായിരിക്കണം. ഒമാനിൽ ആദ്യമായാണ് വിദേശികൾക്ക് ചേംബർ ഓഫ് കോമേഴ്സിൽ മത്സരിക്കാൻ അവസരം ലഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.