ഒമാനിൽ വരുംദിവസങ്ങളിൽ മഴക്ക് സാധ്യത
text_fieldsമസ്കത്ത്: ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ അടുത്തദിവസങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്ന് നാഷനൽ മൾട്ടി ഹസാർഡ് ഏർളി വാണിങ് സെന്ററും ഡയറക്ടർ ജനറൽ ഓഫ് മീറ്റിയറോളജിയും അറിയിച്ചു. അറബിക്കടലിൽ ഉഷ്ണമേഖല ന്യൂനമർദം രൂപപ്പെട്ടതിനെ തുടർന്നാണിത്. തെക്കൻ ശർഖിയ ഗവർണറേറ്റിലെ റാസൽ ഹദ്ദിൽനിന്ന് 600 കിലോമീറ്റർ അകലെയാണ് ഇതിന്റെ കേന്ദ്രസ്ഥാനം. വടക്കുപടിഞ്ഞാറൻ ദിശയിലൂടെ പാകിസ്താൻ തീരത്തേക്ക് നീങ്ങുന്ന ഉഷ്ണമേഖല ന്യൂനമർദം ഒമാൻ തീരത്തേക്ക് വരാനുള്ള സാധ്യതയുമുണ്ട്. ഇതിന്റെ ഭാഗമായി ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലും തുടർന്നും ഒറ്റപ്പെട്ടതും ശക്തമായതുമായ മഴക്ക് സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
ശനി, ഞായർ ദിവസങ്ങളിൽ തെക്കൻ ശർഖിയ ഗവർണറേറ്റിലെ റാസൽ ഹദ്ദിനും അൽ വുസ്ത ഗവർണറേറ്റിലെ റാസ് മദ്റഖക്കും ഇടയിലും ഹജർ മലനിരകളിലും ശക്തമായ മഴക്ക് സാധ്യതയുണ്ട്. അൽ ദാഖിലിയ, തെക്കൻ ശർഖിയ, വടക്കൻ ശർഖിയ, മസ്കത്ത്, തെക്കൻ ബാത്തിന, അൽദാഹിറ എന്നീ ഗവർണറേറ്റുകളുടെ വിവിധ ഭാഗങ്ങളിലും മഴ പെയ്യും. അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിലെ മരുഭൂപ്രദേശത്തും മഴ പെയ്യും. 15 മുതൽ 60 മില്ലിമീറ്റർ വരെ മഴ പെയ്യുമെന്നാണ് അറിയിപ്പിലുള്ളത്.
തിങ്കളാഴ്ച തെക്കൻ ശർഖിയ, വടക്കൻ ശർഖിയ, അൽ വുസ്ത, ദോഫാർ, മസ്കത്ത്, അൽ ദാഖിലിയ, തെക്കൻ ബാത്തിന, അൽ ദാഹിറ എന്ന് ഗവർണറേറ്റുകളിൽ 10 മുതൽ 40 മില്ലീമീറ്റർ വരെ മഴ പെയ്യും. അറബിക്കടലിലെ സംഭവവികാസങ്ങൾ നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നും ആവശ്യമായ മുന്നറിയിപ്പുകളും റിപ്പോർട്ടുകളും നൽകുമെന്നും അധികൃതർ അറിയിച്ചു.
മണിക്കൂറിൽ 40 മുതൽ 80 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. വാഹനയാത്രക്കാരും വാദികൾ മുറിച്ചുകടക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.