ഒമാനിലെ ഇന്ത്യൻ 'സ്മാരകശില'
text_fieldsമസ്കത്ത്: ഇന്തോ-ഒമാൻ ബന്ധത്തിന്റെ സ്മാരകമായി പലരും ചൂണ്ടിക്കാണിക്കുന്നതാണ് കേരളത്തിൽനിന്നുള്ള രാജാവായ ചേരമാൻ പെരുമാളിന്റേതെന്നു കരുതുന്ന സലാലയിയെ ഖബറിടം. കേരളത്തിന് സമാനമായ കാലാവസ്ഥയും ഭൂപ്രകൃതിയുമുള്ള സലാലയിലെ അൽ ഹഫ ഏരിയയിലാണ് ഖബറിടം. തെങ്ങിൻതോപ്പുകളും വാഴയും പപ്പായയും എന്തിനേറെ വെറ്റില അടക്കം എല്ലാ കൃഷിയുമുള്ള ഈ ഭാഗത്തെത്തുന്നവർക്ക് കേരളത്തിലെ ഏതോ ഗ്രാമത്തിലാണോ എത്തിയതെന്ന് തോന്നിപ്പോവും.
എന്നാൽ ചേരമാൻ ഖബറിടത്തിലേക്ക് പോവുന്ന ഭാഗങ്ങളിൽ ദിശാ ബോർഡുകളോ മറ്റു സൂചകങ്ങളോ കാണാൻ കഴിയാത്തതിനാൽ ഗൂഗ്ൾ മാപ്പ് വഴി സ്ഥലം കണ്ടുപിടിക്കേണ്ടിവരും. പത്തുവർഷം മുമ്പുവരെ ഏറെ ശ്രദ്ധിക്കപ്പെടാതെ കിടന്ന രണ്ടു ഖബറിടം ഇവിടെയുണ്ട്. കേരളത്തിൽനിന്നുള്ള രാജാവയ ചേരമാൻ പെരുമാളിന്റെ ഖബറിടമായതിനാൽ ഇവ സംരക്ഷിക്കപ്പെടണമെന്നും ചരിത്ര സ്മാരകമാക്കണമെന്നും പ്രവാസി മലയാളികളും പ്രവാസി സംഘടനകളും അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. മുൻ കേന്ദ്ര വിദേശകാര്യ മന്ത്രി ഇ. അഹ്മദും മുൻ ഇന്ത്യൻ അംബാസഡർ അനിൽ വാധ്വയും ഖബറിടം സന്ദർശിച്ചിരുന്നു. നിലവിൽ ഖബറിടത്തോടനുബന്ധിച്ചുള്ള മസ്ജിദ് പൊളിച്ചുമാറ്റി പുതിയ ചില നിർമാണം നടക്കുന്നുണ്ട്.
ഇസ്ലാമിൽ ഖബറിടങ്ങളുമായി ബന്ധപ്പെട്ട ചടങ്ങുകളും ആചാരങ്ങളും അനുവദനീയമല്ലാത്തതിനാൽ ഇവിടെ മറ്റ് ആരാധനകളൊന്നും നടക്കാറില്ല. ചേരമാൻ പെരുമാളിന്റെ മക്കയിലേക്കുള്ള യാത്രയും ഇസ്ലാം സ്വീകരണവുമായി ബന്ധപ്പെട്ടും നിരവധി കഥകളുണ്ട്. കേരളത്തിൽ കൊടുങ്ങല്ലൂർ കേന്ദ്രമായി ഭരണം നടത്തുന്ന ചേരരാജാവായിരുന്ന ചേരമാൻ പെരുമാൾ ഇസ്ലാം സ്വീകരിച്ചതു സംബന്ധമായ കഥകൾ സൈനുദ്ദീൻ മഖ്ദും രേഖപ്പെടുത്തിയിട്ടുണ്ട്.
കേരള ചരിത്രം പ്രതിപാദിക്കുന്ന കേരളോൽപത്തിയിലും ഇതുസംബന്ധമായ രേഖകളുണ്ട്. ചേരരാജാവായിരുന്ന രാമവർമ പെരുമാൾ കൊട്ടാരത്തിൽ ഉലാത്തുമ്പോൾ പൂർണചന്ദ്രൻ രണ്ടായി പിളരുന്നതായി കണ്ടുവെന്നും ഇത് കേരളത്തിൽ സന്ദർശനം നടത്തുന്ന അറബി വ്യാപാരികളുമായി പങ്കുവെച്ചതായും അദ്ദേഹം മുഹമ്മദ് നബിയെ സന്ദർശിക്കാൻ താൽപര്യം കാണിച്ചതായും അറബികൾക്കൊപ്പം രഹസ്യമായി മക്കയിലേക്ക് പുറപ്പെട്ടെന്നുമാണ് കഥ.
തലശ്ശേരി ധർമടം വഴിയാണ് അദ്ദേഹവും അനന്തരവൻ കോഹിനൂറും യാത്ര പുറപ്പെട്ടത്. മക്കയിലെത്തിയ അദ്ദേഹം പ്രവാചകനിൽനിന്ന് ഇസ്ലാം സ്വീകരിച്ചതായും ഹജ്ജ് നിർവഹിച്ചതായും പറയപ്പെടുന്നുണ്ട്. ഇതിനൊന്നും വ്യക്തമായ രേഖകളില്ല. ഇന്ത്യയിൽനിന്നെത്തിയ ചിലർ പ്രവാചകന് ഉണങ്ങിയ ഇഞ്ചിയിട്ട അച്ചാർ സമ്മാനിച്ചതായും അത് പ്രവാചകൻ അനുചരന്മാർക്ക് വീതിച്ചുനൽകിയതായും ചില ഹദീസ് രേഖകളിലുണ്ട്. ചേരമാൻ പെരുമാൾ താജുദ്ദീൻ എന്ന പേര് സ്വീകരിച്ചതായും കേരളത്തിലേക്കുള്ള മടക്കയാത്രക്കിടെ സലാലയിൽനിന്ന് രോഗ ബാധിതനായതായും അവിടെനിന്ന് മരിച്ചതായും കണക്കാക്കുന്നു.
അദ്ദേഹം അബ്ദുറഹ്മാൻ സാമിരി എന്ന പ്രാദേശിക നാമത്തിലാണ് അറിയപ്പെട്ടിരുന്നതെന്നും ആദ്യത്തെ ഖബറിടം പെരുമാൾ രാജാവിന്റെയും രണ്ടാമത്തേത് കൂടെ വന്നയാളുടേതാണെന്നും വിശ്വസിക്കുന്നു. ഇതുസംബന്ധമായ കൂടുതൽ പഠനങ്ങളും ഗവേഷണങ്ങളും ആവശ്യമാണ്. കേരളത്തിൽനിന്നുള്ള ചേരമാൻ രാജാവ് മക്കയിൽ പോയത് സത്യമാണെങ്കിലും അദ്ദേഹം പ്രവാചകനെ കണ്ടിരുന്നോ എന്ന വിഷയത്തിലും അദ്ദേഹത്തിന്റെ ഖബറിടംതന്നെയാണോ സലാലയിലുള്ളതെന്നതിനും വ്യക്തമായ തെളിവുകൾ ലഭ്യമായിട്ടില്ല. ഈ വിഷയത്തിൽ ഔദ്യോഗിക വെളിപ്പെടുത്തലുകളും രേഖകളും പുറത്തുവരേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.