ക്ലോറിൻ വാതകചോർച്ച: പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതി വിലയിരുത്തി
text_fieldsമസ്കത്ത്: ക്ലോറിൻ വാതകചോർച്ചയെ തുടർന്ന് തെക്കൻ ബാത്തിന ഗവർണറേറ്റിലെ സുഹാറിൽ പരിക്കേറ്റവരുടെ ആരോഗ്യ സ്ഥിതിഗതികൾ ആരോഗ്യമന്ത്രാലയം അധികൃതർ പരിശോധിച്ചു. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവിസസിന്റെ നേതൃത്വത്തിലായിരുന്നു പരിക്കേറ്റവരുടെ സ്ഥിതിഗതികൾ പരിശോധിച്ചത്. പരിക്കേറ്റ 42 പേരിൽ 16 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
രണ്ടുപേർ തീവ്രപരിചരണ വിഭാഗത്തിലാണ് കഴിയുന്നത്. സംഭവത്തിൽ അനുയോജ്യമായ രീതിയിൽ ഇടപെട്ട ക്രൈസിസ് ആൻഡ് എമർജൻസി കമ്മിറ്റി, സുഹാർ ഹോസ്പിറ്റലിലെ മെഡിക്കൽ, പാരാ മെഡിക്കൽ സ്റ്റാഫ്, വടക്കൻ ബാത്തിന ഗവർണറേറ്റിലെ ആരോഗ്യസ്ഥാപനങ്ങൾ എന്നിവരോട് നന്ദി അറിയിക്കുകയാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇവരുടെ സമയോചിത ഇടപെടൽ പരിക്കുകളുടെ തീവ്രത കുറക്കാൻ സഹായകമാകുകയും ചെയ്തു.
കഴിഞ്ഞ ദിവസമാണ് സുഹാറിലെ മുവൈലിഹ് ഇൻഡസ്ട്രിയൽ സിറ്റിയിൽ ക്ലോറിൻ വാതക ചോർച്ചയുണ്ടായത്. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ (സി.ഡി.എ.എ) അപകടങ്ങൾ കൈകാര്യംചെയ്യുന്ന സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തുകയും വാതകചോർച്ച തടയുകയും ചെയ്തിരുന്നു. ഗവർണറേറ്റിലെ പരിസ്ഥിതിവകുപ്പ് സി.ഡി.എ.എയുമായി ചേർന്ന് അപകടസ്ഥലത്തുനിന്ന് സിലിണ്ടർ നീക്കം ചെയ്തു. ഇത്തരത്തിലുള്ള അപകടങ്ങൾ ഒഴിവാക്കാൻ അധികൃതർ നിർദേശിച്ച സുരക്ഷാ മാനദണ്ഡങ്ങൾ എല്ലാവരും പാലിക്കണമെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.