പീഡാനുഭവ സ്മരണയിൽ ക്രൈസ്തവർ ദുഃഖവെള്ളി ആചരിച്ചു
text_fieldsമസ്കത്ത്: ക്രിസ്തുവിെൻറ പീഡാനുഭവത്തെയും കുരിശുമരണത്തെയും അനുസ്മരിച്ച് ഒമാനിലെ ക്രൈസ്തവ സമൂഹവും ദുഃഖവെള്ളി ആചരിച്ചു. മസ്കത്ത്, ഗാല, സലാല, സുഹാർ എന്നിവടങ്ങളിലെ ഒട്ടുമിക്ക ദേവാലയങ്ങളിലും ആരാധന ക്രമീകരിച്ചിരുന്നെങ്കിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വളരെ ലളിതമായ ചടങ്ങുകളോടെയായിരുന്നു ശുശ്രൂഷകൾ നടത്തിയത്. മുൻകാലങ്ങളിൽ നാട്ടിൽനിന്നുള്ള സഭാ പിതാക്കന്മാരും മെത്രാപ്പോലീത്താമാരും കാർമികത്വം വഹിച്ചിരുന്ന ശുശ്രൂഷകൾ ഇത്തവണ അതത് ഇടവകകളിലെ വൈദികരുടെ കാർമികത്വത്തിലാണ് നടത്തപ്പെട്ടത്.
ഓൺലൈൻ രജിസ്ട്രേഷനിലൂടെ നേരേത്ത പേര് നൽകിയ പരിമിതമായ വിശ്വാസികൾക്ക് മാത്രമേ ശുശ്രൂഷകളിൽ നേരിട്ട് പങ്കെടുക്കാൻ അനുവാദം ലഭിച്ചിരുന്നുള്ളൂ. മറ്റ് വിശ്വാസികൾക്കായി ഓൺലൈൻ മാധ്യമങ്ങൾ വഴി തത്സമയ സംപ്രേഷണവും ഒരുക്കിയിരുന്നു. കഴിഞ്ഞവർഷം ഇതേസമയം പൂർണമായും പള്ളികൾ അടഞ്ഞു കിടക്കുന്ന അവസ്ഥയായിരുന്നു. എട്ടു മാസത്തോളം അടഞ്ഞുകിടന്ന പള്ളികളിൽ കഴിഞ്ഞ ഡിസംബറോടെ മാത്രമാണ് നിബന്ധനകൾക്ക് വിധേയമായി ആരാധന നടത്താൻ ഒമാൻ മതകാര്യ മന്ത്രാലയം അനുമതി നൽകിയത്. മസ്കത്തിലെ മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയിൽ നടന്ന ദുഃഖവെള്ളി ശുശ്രൂഷകൾക്ക് ഇടവക വികാരി ഫാ. പി.ഒ. മത്തായി, അസോ. വികാരി ഫാ. ബിജോയ് വർഗീസ് എന്നിവർ കാർമികത്വം വഹിച്ചു.
ഗാല സെൻറ് മേരിസ് ഓർത്തഡോക്സ് പള്ളിയിൽ വെള്ളിയാഴ്ച രാവിലെ ഏഴിന് പ്രഭാത പ്രാർഥനയോടെ ആരംഭിച്ച ശുശ്രൂഷ രണ്ടു മണിയോടെ സമാപിച്ചു. ശുശ്രൂഷകൾക്ക് തോമസ് ജോസ് അച്ചൻ നേതൃത്വം നൽകി. ശനിയാഴ്ച 4.30ന് ഉയിർപ്പ് ശുശ്രൂഷകൾ ആരംഭിക്കും. അതോടെ ഈ വർഷത്തെ വിശുദ്ധാചരണത്തിന് സമാപ്തി ആകും. ചടങ്ങുകൾക്ക് ഷിജു ഡാനിയേൽ, ബിനോ ചാക്കോ, ഷൈനു മനക്കര, തോമസുകുട്ടി, ജീമോൻ, ബിജു, മനോജ്, ജോമോൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.