സ്നേഹസന്ദേശം പകർന്ന് ക്രിസ്മസ് ആഘോഷിച്ചു
text_fieldsമസ്കത്ത്: ആഹ്ലാദത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം പകർന്ന് ഒമാനിലെ പ്രവാസി സമൂഹം ക്രിസ്മസ് ആഘോഷിച്ചു. ഫലസ്തീൻ യുദ്ധ പശ്ചാത്തലത്തിൽ ഈ വർഷം പൊലിമ കുറച്ചായിരുന്നു ആഘോഷങ്ങൾ നടന്നിരുന്നത്.
മസ്കത്ത്, സലാല, സുഹാർ തുടങ്ങിയ വിവിധയിടങ്ങളിലെ ദേവാലയങ്ങളിൽ സ്ത്രീകളും കുട്ടികളടക്കമുള്ള നൂറുകണക്കിനു വിശ്വാസികളാണ് പ്രത്യേക പ്രാർഥനക്കും കുർബാനക്കുമായെത്തിയത്. ഒമാനിലെ എല്ലാ ദേവാലയങ്ങളിലും ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലർച്ചയെയുമായി പ്രത്യേക ജനന ശുശ്രൂഷകൾ നടന്നു. മസ്കത്തടക്കമുള്ള വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ പാതിരാ കുർബാനയും അനുബന്ധ പ്രാർത്ഥനകളും സംഘടിപ്പിച്ചു. വിവിധ ഭാഷകളിലുള്ള പാതിരാ കുർബാനയും അനുബന്ധ ചടങ്ങുകളു മുണ്ടായിരുന്നു.
റൂവി സെന്റ്സ് പീറ്റർ ആൻഡ് പോൾ കാത്തലിക് ചർച്ചിൽ ഇംഗ്ലീഷിലുള്ള കുർബാനയും മറ്റു ചടങ്ങുകൾക്കും ഫാദർ സ്റ്റീഫൻ നേതൃത്വം നൽകി. തുടർന്ന് മലയാളികൾക്കുവേണ്ടി പ്രത്യേകം പാതിരാ കുർബാന 12.30നു ആരംഭിച്ചു. ഫാദർ തോമസ്, ഫാദർ മാത്യു, ഫാദർ ടോണി എന്നിവർ ചടങ്ങുകൾക്കു നേതൃത്വം നൽകി. ഒമാന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ധാരാളം വിശ്വാസികൾ ചടങ്ങുകളിൽ പങ്കെടുക്കാനെത്തി. പ്രത്യേക അനുവാദത്തോടു കൂടിയാണ് പത്തരക്കു ശേഷമുള്ള ചടങ്ങുകൾ സംഘടിപ്പിച്ചത്. വർഷങ്ങൾക്കുശേഷമാണ് തിരുപ്പിറവിയുടെ ആഘോഷങ്ങൾ പാതിരാക്ക് നടത്തിയത്.
മനുഷ്യർ ഒരേ രീതിയിൽ ചിന്തിക്കുന്നവരും ഏകമനസ്സോടുകൂടി സമാധാനത്തിനും സന്തോഷത്തിനുംവേണ്ടി പരസ്പരം സഹായിക്കുന്നവരും പരസ്പരം അംഗീകരിക്കുന്നവരുമാകണമെന്ന് തിരുപ്പിറവി അനുസ്മരണ പ്രസംഗത്തിൽ ഫാദർ ടോണി ഉദ്ബോധിപ്പിച്ചു.
നാം ഇന്നു നേരിട്ടുകൊണ്ടിരിക്കുന്ന എല്ലാ വെല്ലുവിളികൾക്കും മറുമരുന്ന് ശാശ്വത സമാധാനമാണെന്നു തിരിച്ചറിയാൻ ഇനിയും വൈകരുതെന്ന് അദ്ദേഹം പറഞ്ഞു. ഒരു രാജ്യത്തോ ഒരു ഭൂഖണ്ഡത്തിലൊ ഒതുങ്ങി നിൽക്കാത്ത ഈ അത്യഅപൂർവ ആഘോഷവേള ഉള്ളവനും ഇല്ലാത്തവനും എന്ന വ്യത്യാസമില്ലാതെ മാനവരാശിക്കു മുഴുവനും സന്തോഷവും സമാധാനവും കൈവരുന്നതാവട്ടെ എന്ന് അസിസ്റ്റന്റ് വികാരി ഫാദർ തോമസ് വെട്ടിക്കാലയിൽ ക്രിസ്മസ് സന്ദേശത്തിൽ ഓർമിപ്പിച്ചു.
റൂവി സെന്റ് പീറ്റേഴ്സ് ആൻഡ് പോൾ ചർച് പാരിഷ് ഹാളിൽ നടന്ന വിശുദ്ധ കുർബാനക്കും അതിനോടനുബന്ധിച്ചുള്ള ശുശ്രൂഷകൾക്കും ഫാദർ ഫിലിപ് നെല്ലിവിള നേതൃത്വം നൽകി. പശ്ചിമേഷ്യയിൽ സമാധാനം ഉണ്ടാകട്ടെയെന്നും ഫാദർ ഫിലിപ് നെല്ലിവിള ക്രിസ്മസ് സന്ദേശത്തിൽ പറഞ്ഞു. ഫാദർ മാത്യു വാലുമണ്ണേൽ പങ്കെടുത്തു. ഡോക്ടർ ജോൺ ഫിലിപ് മാത്യു , ജോസഫ് മാത്യു, റോണാ തോമസ്, ജോൺ കൊട്ടാരക്കര, തുടങ്ങിയവർ നേതൃത്വം നൽകി.
മസ്കത്ത് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവക ക്രിസ്മസ് തീജ്വാല ശുശ്രൂഷയും വിശുദ്ധ കുർബാനയും സെന്റ് തോമസ് പള്ളിയിൽ നടത്തി. ആയിരത്തിഅഞ്ഞൂറിൽ പരം വിശ്വാസികൾ പങ്കെടുത്ത ശുശ്രൂഷക്ക് ഇടവക വികാരി ഫാദർ വർഗീസ് റ്റിജു ഐപ്പ് നേതൃത്വം നൽകി. അസോസിയറ്റ് വികാരി എബി അച്ഛനും ലിജോ കെ.ജോസ് അച്ഛനും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.