നക്ഷത്രത്തിളക്കത്തിൽ ഇന്ന് ക്രിസ്മസ് ആഘോഷം
text_fieldsമസ്കത്ത്: സമാധാനത്തിന്റെ സന്ദേശം പകർന്ന് ക്രിസ്തുമത വിശ്വാസികൾ ഇന്ന് ക്രിസ്മസിനെ വരവേൽക്കും. ഒമാനിലും ക്രിസ്മസ് പൊലിമയോടെയാണ് ആഘോഷിക്കുന്നത്.
ഒമാനിലെ എല്ലാ ദേവാലയങ്ങളിലും ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പുലർച്ചയെയുമായി പ്രത്യേക ജനന ശ്രുശ്രുഷകൾ നടന്നു. പ്രത്യേക ശശ്രുഷക്ക് നാട്ടിൽ നിന്നെത്തിയ തിരുമേനിമാരാണ് കാർമികത്വം വഹിക്കുന്നത്. ആഘേഷത്തിന്റെ ഭാഗമായി പള്ളികളിൽ സന്ധ്യ നമസ്കാരം നടന്നു.
കുരുത്തോലകൾ ജ്വലിപ്പിക്കുന്ന ചടങ്ങായ തീജ്വാല ശുശ്രൂഷയാണ് പിന്നീട് നടന്നത്.ഓശാന പെരുന്നാളിന് വിശ്വാസികൾക്ക് നൽകിയ കുരുത്തോലകൾ ഒമ്പത് മാസം വീട്ടിൽ സൂക്ഷിച്ചശേഷം പള്ളിയിൽ തിരിച്ചേൽപ്പിക്കുന്ന ചടങ്ങാണ് തീ ജ്വാലാ ശുശ്രൂഷ. വിശുദ്ധ ഖുർബാനയും പള്ളികളിൽ സ്നേഹ വിരുന്നും നടന്നിരുന്നു. ക്രിസ്മസിന്റെ ഭാഗമായ വീട് സന്ദർശനം, സമ്മാനങ്ങൾ കൈമാറൽ തുടങ്ങിയ ചടങ്ങുകൾ വരും ദിവസങ്ങളിൽ നടക്കും.
ക്രിസ്മസ് ഗാനം, ടാബ്ലോ തുടങ്ങിയ കലാപരിപാടികളും കരോളുകളും പള്ളി അങ്കണങ്ങളിൽ നേരത്തേ നടന്നിരുന്നു.ആഘോഷത്തിന്റെ ഭാഗമായി വീടുകളിലും താമസ ഇടങ്ങളും നക്ഷത്രങ്ങളും വിളക്കുകളുംകൊണ്ട് നേരത്തേ തന്നെ അലങ്കരിച്ചിരുന്നു. ക്രിസ്മസ് ട്രീയും പുൽക്കൂടുകളും ഒരുക്കിയിരുന്നു.
സംഘടനകളും കൂട്ടായ്മകളും ക്രിസ്മസ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. ആഘോഷങ്ങൾക്ക് മാറ്റു കൂട്ടാൻ മിഠായികളുമായി ക്രിസ്മസ് അപ്പൂപ്പന്മാരും രംഗത്തുണ്ടാവും.
വൈവിധ്യ വിഭവങ്ങൾ നിറയുന്ന നസ്രാണി സദ്യ ആഘോഷത്തിന്റെ പ്രധാന ഭാഗമാണ്. സസ്യേതര വിഭവങ്ങളായിരിക്കും മുഖ്യ ഇനങ്ങൾ. നിരവധി ഹോട്ടലുകളിൽ ക്രിസ്മസ് ഭക്ഷ്യ വിഭവങ്ങൾ വിളമ്പുന്നുണ്ട്. ചില ഹൈപർമാർക്കറ്റുകളിലും ‘നസ്രാണി സദ്യ’ ലഭിക്കുന്നുണ്ട്.
ക്രിസ്മസിന്റെ പ്രധാന ഇനമായ കേക്കുകൾക്ക് വൻ ഡിമാൻഡാണ് ഈ വർഷവും അനുഭവപ്പെടുന്നത്. സമ്മാനമായി നിരവധി പേർ കേക്കുകളാണ് സമ്മാനിക്കുന്നത്. അതിനാൽ വിവിധ രൂപത്തിലും തരത്തിലും രുചിയിലുമുള്ള കേക്കുകൾ മാർക്കറ്റിൽ എത്തിയിട്ടുണ്ട്. ഒമാനിലെ എല്ല ബേക്കറികളും ക്രിസ്മസ് കേക്കുമായി രംഗത്തുണ്ട്. ക്രീം കേക്കുകൾ അടക്കം നിരവധി കേക്കുകൾ വിപണിയിലുണ്ടെങ്കിലും പ്ലം കേക്കുകൾക്കാണ് ആവശ്യക്കാർ കൂടുതലുള്ളത്.
ക്രിസ്മസ് ആഘോഷത്തിന് ഹോട്ടലുകളിലും വൻ ഒരുക്കം നടക്കുന്നുണ്ട്. ഒമാനിലെ എല്ലാ ഹോട്ടലുകളും ക്രിസ്മസ് പക്കേജുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ ഇനം ഭക്ഷ്യ വിഭവങ്ങളും കരോൾ അടക്കമുള്ള ആഘോഷ പരിപാടികളും ഒക്കെ അടങ്ങുന്നതാണ് പാക്കേജുകൾ.
ക്രിസ്മസ പ്രവർത്തിദിനമായതിനാൽ മലയാളികളടക്കമ്മുള്ളവരുടെ ക്രിസ്മസ് ആഘോഷ പരിപാടികൾ വാരാന്ത്യദിനങ്ങളായ വെള്ളി, ശനി ദിവങ്ങളിലായിരിക്കും നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.