ക്രിസ്മസ് ആഘോഷിച്ച് പ്രവാസികൾ
text_fieldsകൈരളി മസ്കത്ത് ദാര്‍സൈത്ത് സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷം
മസ്കത്ത്: ആഹ്ലാദത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം പകർന്ന് ഒമാനിലെ പ്രവാസി സമൂഹം ക്രിസ്മസ് ആഘോഷിച്ചു. കോവിഡ് നിയന്ത്രണങ്ങൾ ഇല്ലാത്തതിനാൽ ഇത്തവണ കൂടുതൽ പൊലിമയോടെയായിരുന്നു ആഘോഷങ്ങൾ. ദേവാലയങ്ങളിൽ സ്ത്രീകളും കുട്ടികളുമടക്കമുള്ള നൂറുകണക്കിന് വിശ്വാസികളാണ് പ്രത്യേക പ്രാർഥനക്കും കുർബാനക്കുമായെത്തിയത്.
ഒമാനിലെ എല്ലാ ദേവാലയങ്ങളിലും ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലർച്ചയുമായി പ്രത്യേക ജനന ശുശ്രൂഷകൾ നടന്നു. സലാല സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് ത്രിതീയൻ കാതോലിക ബാബ, മസ്കത്ത് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയിൽ സഭയുടെ കുന്നകുളം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ യൂലിയോസ്, ഒമാൻ മാർത്തോമ ഇടവകയിൽ ഡോ. യുയാക്കീം മാർ കോറിലോസ് സഫ്രഗൻ മെത്രാപൊലീത്ത തുടങ്ങിയവർ ക്രിസ്മസ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. ആഘോഷത്തിന്റെ ഭാഗമായി പള്ളികളിൽ സന്ധ്യ നമസ്കാരവും തീജ്വാല ശുശ്രൂഷയടക്കമുള്ള ചടങ്ങുകളിൽ ക്രിസ്തുമത വിശ്വാസികൾ പങ്കാളികളായി.
ക്രിസ്മസിന്റെ ഭാഗമായി ശനിയാഴ്ചയും ഞായറാഴ്ചയും ഹൈപ്പർ മാർക്കറ്റുകളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. കുടുംബമായി താമസിക്കുന്നവർ വീടുകളിൽതന്നെ സദ്യയൊരുക്കി. കേക്കുകൾക്കും മധുരപലഹാരങ്ങൾക്കും ആവശ്യക്കാരും ഏറെയായിരുന്നു. പല കുടുംബങ്ങളും ക്രിസ്മസിന് സുഹൃത്തുക്കളെ വീടുകളിലേക്ക് ക്ഷണിക്കുകയും സൽക്കാരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. നല്ല കച്ചവടം കിട്ടിയ സന്തോഷത്തിലാണ് ഹോട്ടലുടമകൾ. ക്രിസ്മസ് കഴിഞ്ഞ് ഇനി പുതുവർഷത്തിനായുള്ള കാത്തിരിപ്പിലാണ് ജനങ്ങൾ.
മസ്കത്ത്: കൈരളി മസ്കത്ത് ദാര്‍സൈത്തിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുമായി സഹകരിച്ച് കുട്ടികള്‍ക്കായി ‘ടുഗെതര്‍ ഇന്‍ ഡിസംബര്‍’ എന്ന പേരില്‍ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. ചിത്രരചന, കളറിങ്, സാന്റാ ഫാന്‍സി ഡ്രസ് എന്നീ മത്സരങ്ങളായിരുന്നു പരിപാടിയുടെ മുഖ്യ ആകര്‍ഷണം.
മസ്കത്ത് ഇന്ത്യന്‍ സ്കൂള്‍ മുന്‍ കൺവീനറും ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരള വിങ് കോ കണ്‍വീനറുമായ നിധീഷ് കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കൈരളി ജനറല്‍ സെക്രട്ടറി ബാലകൃഷ്ണന്, കേരള വിങ് കണ്‍വീനര്‍ സന്തോഷ്കുമാര്‍, ദാര്‍സൈത്ത് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ഫ്ലോര്‍ മാനേജര്‍ റയാന് എന്നിവര്‍ സംസാരിച്ചു. നിഹാരിക നിശാന്ത് പരിപാടിയുടെ അവതാരകയായി. കൈരളി മസ്കത്ത് ഏരിയ സെക്രട്ടറി രജി ഷാഹുല്‍ സ്വാഗതം പറഞ്ഞു. മത്സര പരിപാടികളില്‍ 200ലധികം കുട്ടികള്‍ പങ്കെടുത്തു. വളരെ മികച്ച പ്രതികരണമാണ് കുട്ടികളില്‍നിന്നും രക്ഷിതാക്കളില്‍നിന്നും ലഭിച്ചത്. പരിപാടിയില്‍ പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും സമ്മാനം നല്കാന് സാധിച്ചത് കുട്ടികളില്‍ വലിയ ആവേശം ഉണര്‍ത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.