ക്രിസ്മസ് വരവായി; ആഘോഷ വിപണി സജീവം
text_fieldsസുഹാർ: ക്രിസ്മസ് പടിവാതിൽ എത്തി നിൽക്കെ വിപണി സജീവമായി. ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ആദരവോടെ കൊണ്ടാടുന്ന ദിനങ്ങൾ കടന്ന് വരുമ്പോൾ പ്രവാസ ലോകത്തും തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു.
ഉപഭോക്താക്കളെ വരവേൽക്കാനായി മാളുകളിലും സൂപ്പർ മാർക്കറ്റുകളിലും പ്രത്യേക ക്രിസ്മസ് ഇടങ്ങൾ ഒരുക്കിയിട്ടുണ്ട്. പുൽക്കൂട്, മിനിയേച്ചർ ലൈറ്റും നക്ഷത്രങ്ങളും, ക്രിസ്മസ് ട്രീയും വിളക്കുകളും, തൂക്കിയിടാനുള്ള ഗിഫ്റ്റ്, ക്രിസ്മസ് പാപ്പാ ഡ്രസുകൾ, കരോൾ സംഘങ്ങൾക്കുള്ള വസ്ത്രങ്ങൾ, വാദ്യ ഉപകരണങ്ങൾ തുടങ്ങിയവയെല്ലാം എത്തിയിട്ടുണ്ടുണ്ടെന്ന് ഫറൂവി റെക്സ് റോഡിലെ അമാന ഷോപ്പിംങ്ങ് സെന്റർ ഉടമ നൗഷാദ് പറയുന്നു.
റെഡിമെയ്ഡ് പുൽക്കൂടുകൾക്ക് ഡിമാന്റ് ഏറെയാണ്. ഡെക്കറേഷൻ ലൈറ്റുകൾ, ക്രിസ്മസ് ട്രീ ചെറുതുമുതൽ വലുത് വരെ ഇന്നത്തെ വിപണിയിൽ ചെറിയ പെട്ടിയിൽ ലഭ്യമാണ്.
ആഘോഷം കഴിഞ്ഞാൽ അഴിച്ചുവെക്കാവുന്ന സാധനങ്ങൾക്കാണ് ആവശ്യക്കാർ ഏറെ. മുമ്പ് വീടുകളിൽ ഉണ്ടാക്കുന്ന നക്ഷത്രങ്ങളും ക്രിസ്മസ് മരങ്ങളും പുൽക്കൂടുകളും ഇന്ന് മാർക്കറ്റിൽ പല രൂപത്തിൽ ലഭ്യമാണ്. ക്രിസ്തുമത വിശ്വാസികളുടെ വീടുകൾ ഇനി ഉയർത്തെഴുന്നേൽപ്പിന്റെ ആഘോഷത്തിനായി വ്രതത്തോടെയുള്ള കാത്തിരിപ്പാണ്. വരവറിയിച്ചുകൊണ്ട് കരോൾ സംഘങ്ങളും സജീവമാകും. പള്ളികളിൽ പ്രാർഥനയും പ്രത്യേക കർമങ്ങളും നടക്കും.
താരം ഡിജിറ്റൽ സ്റ്റാർ
മസ്കത്ത്: ക്രിസ്മസ് വരവറിയിച്ചുകൊണ്ട് വീടുകൾക്ക് മുകളിലും സ്ഥാപനങ്ങളിലും പള്ളിയിലും സ്റ്റാർ വിളക്കുകൾ സ്ഥാപിച്ച് തുടങ്ങി. കടലാസ്, കാർഡ് ബോർഡ് എന്നിവകൊണ്ട് നിർമിക്കുന്നതായിരുന്നു പഴയ കാല രീതി. അകത്ത് ബൾബ് പിടിപ്പിച്ചു വെളിച്ചം നൽകിയാണ് സ്റ്റാറുകൾ തൂക്കിയിടുക.
കുടിൽ വ്യവസായമായും പള്ളി കേന്ദ്രീകരിച്ചും സീസണിൽ നക്ഷത്ര നിർമാണം ഒരു വരുമാന മാർഗമായിരുന്നു. കാലമാറ്റത്തിൽ ക്രിസ്മസ് സ്റ്റാർ ഡിജിറ്റൽ സ്റ്റാറിലേക്ക് മാറിയിരിക്കുകയാണ്. ഇന്നത് വർണങ്ങൾ വിതറുന്ന ഡിജിറ്റൽ നക്ഷത്ര വിളക്കുകളാണ്. മുഴുവനായി കത്തിനിൽക്കുന്ന ശോഭ പരത്തുന്ന നക്ഷത്രം വ്യത്യസ്ത അളവുകളിൽ ലഭ്യമാണ്. നാല് റിയാൽ മുതൽ ഏഴ് റിയാൽ വരെ വിലയുണ്ട്, എന്നാലും ഭംഗിയുണ്ട് എന്ന കാഴ്ചപ്പാടിലാണ് ആളുകൾ ഇത് വാങ്ങിക്കൊണ്ടുപോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.