ക്രിസ്മസ് വരവായി; ആഘോഷ വിപണി സജീവം
text_fieldsസുഹാർ: ക്രിസ്മസ് പടിവാതിൽക്കലെത്തിനിൽക്കെ പള്ളികളിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. പള്ളികളും പുറവും പെയിന്റ് ചെയ്തും വർണ വിളക്കുകൾ പിടിപ്പിച്ചും ക്രിസ്മസ് ട്രീ വെച്ചും ആൾത്താര വിപുലീകരിച്ചും ക്രിസ്മസിനെ സ്വീകരിക്കാൻ ഒരുങ്ങുകയാണ്.
കത്തോലിക്ക പള്ളികളിലാണ് കൂടുതലും മുന്നൊരുക്കങ്ങൾ നടക്കുന്നത്. ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഭക്തി ആദരവോടെകൊണ്ടാടുന്ന ദിനങ്ങൾ കടന്നുവരുമ്പോൾ പ്രവാസ ലോകത്തും ആഘോഷ തയാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു. മാളുകളിലും സൂപ്പർ മാർക്കറ്റുകളിലും പ്രത്യേക ക്രിസ്മസ് ഇടങ്ങൾ ഒരുക്കി അവശ്യം വേണ്ട സാധനങ്ങൾ ഒരുക്കിവെച്ചിട്ടുണ്ട്.
മെഴുക് തിരി മുതൽ പാപ്പാ തൊപ്പി വരെ വിപണിയിൽ ലഭ്യമാണ്. എന്നാൽ ഡിമാൻഡ് ക്രിസ്മസ് സ്റ്റാറിനു തന്നെ. ഡിജിറ്റൽ സ്റ്റാർ മുതൽ സാധാരണ സ്റ്റാർ വരെ വിപണിയിൽ ലഭ്യമാണ്. സ്റ്റാറിനകത്ത് വെളിച്ചം എത്തിക്കാൻ നീളമുള്ള വയർ സംവിധാനം ആവശ്യമില്ലാത്ത സോളാർ, ഡിജിറ്റൽ, ബാറ്ററി എന്നിങ്ങനെയുള്ള സ്റ്റാറുകൾ മാർക്കറ്റിലുണ്ട്.
യേശുവിന്റെ ജനനമറിഞ്ഞു ബെത്ലഹേമിലേക്കു യാത്രതിരിച്ച ജ്ഞാനികൾക്ക് വഴികാട്ടിയായ നക്ഷത്രത്തെയാണ് നക്ഷത്രവിളക്കുകൾ തൂക്കി അനുസ്മരിക്കുന്നത്. അതുപോലെതന്നെ അലങ്കാര വിളക്കുകൾ പല രൂപത്തിലും മാർക്കറ്റിലുണ്ട്.
പുൽക്കൂടും മിനിയേച്ചർ ലൈറ്റും നക്ഷത്രങ്ങളും, ക്രിസ്മസ് ട്രീയും അതിന്റെ വിളക്കുകകൾ, ക്രിസ്മസ് പാപ്പാഡ്രസ്സുകൾ, കരോൾ സംഘങ്ങൾക്കുള്ള വസ്ത്രങ്ങൾ, വാദ്യ ഉപകരണങ്ങൾ എന്നിങ്ങനെ എല്ലാ ഒരുക്കങ്ങൾക്കുള്ള സാധനങ്ങളും എത്തിക്കഴിഞ്ഞെന്ന് വിശേഷ ആഘോഷ സാധനങ്ങൾ വിൽക്കുന്ന റൂവി റെക്സ് റോഡിലെ അമാന ഷോപ്പിങ് സെന്റർ ഉടമ നൗഷാദ് പറയുന്നു.
റെഡിമെയ്ഡ് പുൽക്കൂടുകൾക്ക് ആവശ്യക്കാർ ഏറെയാണ്. ഉപയോഗത്തിനുശേഷം പെട്ടിയിൽ സൂക്ഷിക്കാൻ പറ്റുന്നവയാണ് കൂടുതലും വിറ്റു പോകുന്നത്. ഡെക്കറേഷൻ ലൈറ്റുകൾ, അലങ്കാര വസ്തുക്കൾ പ്രത്യേക ഡ്രെസ്സുകൾ, എന്നിവയും വിൽപനക്കുണ്ട്. ക്രിസ്മസ് ട്രീ ചെറുതുമുതൽ വലുത് വരെ ആവശ്യമുള്ള ഉയരത്തിൽ നിർമിക്കാൻ ആവും വിധം സൈസുകളിൽ ലഭ്യമാണ്. പോയകാലത്ത് കുടുംബങ്ങൾ ഒത്തുചേർന്നു നിർമിച്ച പലതും എളുപ്പത്തിലും ഭംഗിയിലും വിപണിയിൽ ലഭ്യമാകുന്ന പ്രവാസ ലോകത്ത് ആഘോഷത്തിന് മുൻകൂട്ടിയുള്ള തയാറെടുപ്പ് ഇല്ല എന്ന് പറയാം.
വിശ്വാസികളുടെ വീടുകൾ ഇനി ഉയർത്തെഴുന്നേൽപ്പിന്റെ ആഘോഷത്തിനായി വ്രതത്തോടെയുള്ള കാത്തിരിപ്പാണ്. കരോൾ സംഘങ്ങൾ സജീവമായി വീടുകൾ കയറി കുട്ടികളും മുതിർന്നവരും ക്രിസ്മസ് വരവറിയിച്ചു കൊണ്ടിരിക്കുന്നു . പള്ളികളിൽ പ്രാർത്ഥനയും പ്രത്യേക കർമങ്ങളും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.