ബുര്‍ജീല്‍ നഴ്സിങ് സമ്മേളനം സംഘടിപ്പിച്ചു
text_fieldsബുര്‍ജീല്‍ ഹോള്‍ഡിങ്സ് ഒമാന്‍ സംഘടിപ്പിച്ച നഴ്സിങ് സമ്മേളനത്തിൽനിന്ന്
മസ്കത്ത്: അന്താരാഷ്ട്ര നഴ്സിങ് സമ്മേളനം സംഘടിപ്പിച്ച് ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ് ഒമാന്‍. ‘നഴ്സിങിലെ മികവ് മെച്ചപ്പെടുത്തല്‍; രോഗീ സുരക്ഷയിലും മികച്ച പരിചരണത്തിലുമുള്ള നൂതനത്വങ്ങള്‍’ എന്ന പ്രമേയത്തില്‍ മസ്കത്തിലെ ക്രൗണ്‍ പ്ലാസ ഹോട്ടലിലായിരുന്നു സമ്മേളനം. പൊതു- സ്വകാര്യ സ്ഥാപനങ്ങളിലെ 300ലേറെ പേര് പങ്കെടുത്തു. ആരോഗ്യ മന്ത്രാലയത്തിലെ പ്രതിനിധികള്‍, ആരോഗ്യപരിചരണ രംഗത്തെ മുന്‍നിരക്കാര്‍, വിശിഷ്ടാതിഥികള്‍ പങ്കെടുത്തു. ആസൂത്രണ, അന്തര്‍ദേശീയ സമ്പര്‍ക്ക മന്ത്രിയുടെ ഉപദേഷ്ടാവ് ഡോ. മുഹമ്മദ് ബിന്‍ ഖാമിസ് അല്‍ ഫര്‍സി മുഖ്യാതിഥിയായി. മാനവവിഭവശേഷി വികസന കാര്യ അണ്ടര്‍സെക്രട്ടറി ഓഫിസിന്റെ ഡയറക്ടര്‍ ഇദ്രീസ് ഫഹദ് സെയ്ദ് അല്‍ റസ്ബി പങ്കെടുത്തു. ഒമാന്‍ ഡെന്റല്‍ കോളജ് ഇടക്കാല ഡീന്‍ ഡോ. മുഹമ്മദ് ഈസ അല്‍ ഇസ്മാഈലി ആശംസാപ്രസംഗം നടത്തി.
ദേശീയ- അന്താരാഷ്ട്ര വിദഗ്ധര്‍ അടങ്ങുന്ന പ്രഭാഷകരുടെ നീണ്ടനിര സമ്മേളനത്തിന്റെ പ്രത്യേകതയായിരുന്നു. നഴ്സിങ് നൂതനത്വം, രോഗീ സുരക്ഷ, ഗുണമേന്മയുള്ള പരിചരണം തുടങ്ങിയ നിര്‍ണായക വിഷയങ്ങളുമായി ബന്ധപ്പെട്ട് ആഴത്തിലുള്ള വിശകലനങ്ങള്‍ പ്രഭാഷകര്‍ പങ്കുവെച്ചു. ആരോഗ്യ മന്ത്രാലയം, ഒക്കുപേഷനല്‍ ഹെല്‍ത്ത്, ക്ലിനിക്കല്‍ സ്പെഷ്യലിസ്റ്റ്സ്, നഴ്സുമാര്‍ എന്നിവരെ പ്രതിനിധാനം ചെയ്തുള്ള വിദഗ്ധരുമുണ്ടായിരുന്നു. ആധുനിക ആരോഗ്യപരിചരണ വെല്ലുവിളികളെ അഭിസംബോധന ചെയ്യാനുള്ള നൂതന നഴ്സിങ് ശീലങ്ങള്‍ വിദഗ്ധര്‍ ചര്‍ച്ച ചെയ്തു. നഴ്സിങ് ഭാവി; ഡിജിറ്റല്‍ യുഗത്തില്‍ സുരക്ഷാ നിലവാരം പുനര്‍നിര്‍വചനം ചെയ്യുന്നു എന്ന പ്രമേയവുമായി ബന്ധപ്പെട്ട പാനല്‍ സെഷന് ഉണ്ടായിരുന്നു. ക്ലിനിക്കല്‍ നഴ്സുമാര്‍, നഴ്സിങ് ലീഡര്‍മാര്‍, അക്കാദമിക് വിദഗ്ധര്‍, നയ വിദഗ്ധര്‍ അടക്കമുള്ളവരാണ് ഇതില്‍ പങ്കെടുത്തത്.
അറിവ് പങ്കുവെക്കുന്നതിനൊപ്പം ഇടപഴകുന്ന തരത്തിലുള്ള ചര്‍ച്ചകളും നടന്നു. വളര്‍ന്നുവരുന്ന ട്രെന്‍ഡുകള്‍ മനസ്സിലാക്കാനും മികച്ച ശീലങ്ങള്‍ പങ്കുവെക്കാനും തുടര്‍ പുരോഗതിയെന്ന സംസ്കാരം നട്ടുവളര്‍ത്താനുമുള്ള വേദിയായി ഇത് മാറി. ആരോഗ്യപരിചരണ മേഖലയിലെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങളെ അഭിമുഖീകരിക്കാനുള്ള പ്രധാന ചുവടുവെപ്പായി സമ്മേളനം മാറി. ആരോഗ്യപരിചരണ മികവിനെ നയിക്കുന്നതില്‍ നഴ്സിങിന്റെ സുപ്രധാന പങ്ക് വിളിച്ചോതുന്നതായിരുന്നു സമ്മേളനം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.