കോവിഡ്: 14 മരണം കൂടി; റെക്കോഡ് മരണനിരക്ക്
text_fieldsമസ്കത്ത്: ഒമാനിൽ 14കോവിഡ് മരണം. കഴിഞ്ഞ വർഷം ഒക്ടോബറിന് ശേഷം രാജ്യത്തുണ്ടായ ഒറ്റദിവസത്തെ ഏറ്റവും കൂടിയ മരണനിരക്കാണിത്. അതിനിടെ കോവിഡ് മൂലം തീവ്രപരിചരണം ആവശ്യം വരുന്ന രോഗികളുടെ എണ്ണം ഉയർന്നതും ആശങ്കയുയർത്തുന്നു. വ്യാഴാഴ്ചയോടെ തീവ്രപരിചരണ വിഭാഗങ്ങളിൽ കഴിയുന്നവരുടെ എണ്ണം 267 ആയി ഉയർന്നു.
ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം 786ഉം ആയിട്ടുണ്ട്. കോവിഡ് ആരംഭിച്ചശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. ആശുപത്രികളിൽ നിന്ന് രോഗം ഭേദമായി പോകുന്നവരേക്കാൾ കൂടുതൽ പേർ പുതുതായി അഡ്മിറ്റാകുന്നുണ്ട്. സുൽത്താൻ ഖാബൂസ് സർവകലാശാല ആശുപത്രി, സലാലയിലെയും ഖസബിലെയും സുൽത്താൻ ഖാബൂസ് ആശുപത്രികൾ എന്നിവയിൽ െഎ.സി.യു പൂർണമായും നിറഞ്ഞ അവസ്ഥയിലാണ്. വരുദിവസങ്ങളിലും കൂടുതൽ രോഗികളെ പ്രവേശിപ്പിക്കേണ്ടി വന്നാൽ മറ്റു ആശുപത്രികളും പ്രതിസന്ധിയിലാകാൻ സാധ്യതയുണ്ട്. എന്നാൽ എല്ലാ സജ്ജീകരണങ്ങളുമായി കോവിഡിനെ പിടിച്ചുകെട്ടാൻ ശ്രമിക്കുമെന്ന് അധികൃതർ പറയുന്നു.
അതിനിടെ കോവിഡ് നിയ്ന്ത്രണങ്ങളുടെ ഭാഗമായ രാത്രികാല ലോക്ഡൗൺ ബുധനാഴ്ച ആരംഭിച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരം കഴിഞ്ഞ ദിവസം 1035 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ മൊത്തം കേസുകളുടെ എണ്ണം 1,76,688 ആയി. 14 പുതിയ മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ ഇതോടെ മൊത്തം മരണസംഖ്യ 1,821 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 105പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. രോഗം ഭേദമായവരുടെ എണ്ണം 1,56,845 ൽ എത്തി. ഇത് റിപ്പോർട്ട് ചെയ്ത മൊത്തം കേസുകളുടെ 89 ശതമാനമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.