സൈഖിലും ജബൽ ശംസിലും തണുപ്പ് തുടങ്ങി; ഇനി കുളിരണിയും കാലം
text_fieldsമസ്കത്ത്: വൈകിയാണെങ്കിലും രാജ്യം തണുപ്പിലേക്ക് നീങ്ങുന്നു. എന്നാൽ, സാധാരണ ഒമാനിൽ ഡിസംബറിൽ അനുഭവപ്പെടാറുള്ള കൊടും തണുപ്പ് ഇതുവരെ തുടങ്ങിയിട്ടില്ല. മസ്കത്തിൽ കുറഞ്ഞ താപനില 20 ഡിഗ്രിയും കൂടിയ താപനില 27 ഡിഗ്രി സെൾഷ്യസുമാണ്. സൈഖിലാണ് ഏറ്റവും കുറഞ്ഞ താപനില അനുഭവപ്പെടുന്നത്. 6.4 ഡിഗ്രി സെൾഷ്യസാണ് ഇവിടുത്തെ താപനില. ജബൽ ശംസിൽ 6.6 ഡിഗ്രി സെൾഷ്യസാണ് താപനില.
മറ്റ് ഭാഗങ്ങളിലും താപ നില കുറയാൻ തുടങ്ങിയിട്ടുണ്ട്. സലാലയിൽ ഉയർന്ന താപനിലയാണ് അനുഭവപ്പെടുന്നത്. 31.4 ഡിഗ്രി സെൾഷ്യസാണ് കഴിഞ്ഞ ദിവസം ഇവിടെ രേഖപ്പെടുത്തിയത്. സുനൈനയിൽ 30.3 ഡിഗ്രി സെൾഷ്യസാണ് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിൽ പല ഭാഗങ്ങളിൽ താപനില താഴേക്ക് പോവാൻ സാധ്യതയുണ്ട്. എന്നാൽ മസ്കത്തിൽ ഏതാനും ദിവസം കൂടി സമാന കാലാവസ്ഥയാണ് അനുഭവപ്പെടുക.
ജബൽ ശംസിലും ജബൽ അഖ്ദറിലും തണുപ്പ് വർധിക്കുന്നതോടെ വിനോദ സഞ്ചാരികളുടെ ഒഴുക്ക് വർധിക്കും. സാധാരണ ജബൽ അഖ്ദറിൽ തണുത്ത കാലാവസ്ഥ അനുഭവിക്കാനാണ് കൂടുതൽ വിനോദ സഞ്ചാരികൾ എത്തുന്നത്. ടെന്റ് കെട്ടിയും കമ്പിളി വസ്ത്രങ്ങൾ ധരിച്ച് തുറന്ന സ്ഥലങ്ങൾ ഭക്ഷ്യ വസ്തുക്കൾ ചുട്ട് തിന്നുമൊക്കെയാണ് പലരും തണുപ്പ് ആസ്വദിക്കുന്നത്. മത്സ്യം, മാംസം എന്നിവ ചുട്ട് തിന്നാനുള്ള സൗകര്യവുമായാണ് പലരും ജബൽ അഖ്ദറിൽ എത്തുന്നത്. രാത്രി കാലം തണുപ്പിൽ കഴിഞ്ഞ് രാവിലെ മല ഇറങ്ങി വരുന്നവരും ഉണ്ട്. ജനുവരിയോടെ ജബൽ അഖ്ദറിലും ജബൽ ശംസിലും തണുപ്പ് കടുക്കുകയും അന്തരീക്ഷ ഊഷ്മാവ് മൈനസ് ഡിഗ്രിയിലേക്ക് താഴുകയും ചെയ്യും.
ഇതോടെ റോഡുകളും പാതയോരങ്ങളും അടക്കം എല്ലാ ഇടവും ഐസ് കട്ട നിറയും. ഇത് ആസ്വദിക്കാനും നിരവധി വിനോദ സഞ്ചാരികൾ എത്താറുണ്ട്. ഏതായാലും ഇനിമുതൽ ജബൽ അഖ്ദറിലും ജബൽ ശംസിലും സീസൺ ആരംഭിക്കും.
ഏറ്റവും സുഖകരമായ കാലാവസ്ഥയാണ് ഇനിമുതൽ മൂന്ന് മാസക്കാലം അനുഭവപ്പെടുക. വിനോദ സഞ്ചാരികൾക്ക് കുടുതൽ ഹരം പകരാൻ പല രാജ്യങ്ങളിൽ നിന്നുള്ള ദേശാടന പക്ഷികളും എത്തിത്തുടങ്ങി. പല വർണത്തിലും രൂപത്തിലുമുള്ള ദേശാടന പക്ഷികളെ നാടിന്റെറ പല ഭാഗങ്ങളിലും കണാൻ കഴിയും .
ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുപോലും ആയിരക്കണക്കിന് മൈലുകൾ താണ്ടി ദേശാടന പക്ഷികൾ എത്താറുണ്ട്. തണുപ്പ് കൂടുന്നതോടെ ഇനിയും പക്ഷികൾ എത്തിത്തുടങ്ങും. തണുപ്പ് തുടങ്ങുന്നതോടെ എത്തുന്ന കടൽ അരയന്നങ്ങൾ മത്ര കോർണീഷിനും മറ്റും മനോഹര കാഴ്ചയാണ് നൽകുന്നത്. ഇതിനകം ആയിരക്കണക്കിന് കടൽ അരയന്നങ്ങൾ ഒമാൻ തീരത്ത് എത്തിക്കഴിഞ്ഞു. സാധാരണയിൽ നിന്ന് വ്യത്യസ്തമായി ഒമാനിൽ ഈ വർഷം തണുപ്പ് വൈകിയാണ് എത്തുന്നത്. ഇപ്പോഴും രാജ്യം യഥാർഥ തണുപ്പിലേക്ക് നീങ്ങിയിട്ടില്ല. ഒക്ടോബർ അവസാനത്തിലും നവംബർ ആദ്യത്തിലും അനുഭവപ്പെടുന്ന കാലവസ്ഥയാണ് ഇപ്പോഴുള്ളത്. ഡിസംബർ ആദ്യത്തോടെ ഒമാനിൽ നല്ല തണുപ്പ് അനുഭവപ്പെടാറുണ്ട്. വൈകിയാണെങ്കിലും ഈ വർഷം ഒമാനിൽ നല്ല തണുപ്പ് ലഭിക്കുമെന്നാണ് പലരും പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.