സഹപ്രവർത്തകർ യുക്രെയ്നിൽ; ആശങ്ക ഒഴിയാതെ അനുപമ
text_fieldsമസ്കത്ത്: യുദ്ധം തുടങ്ങുന്നതിനുമുമ്പ് വീടണഞ്ഞെങ്കിലും സഹപ്രവർത്തകർ യുക്രെയ്നിൽ കുടുങ്ങിക്കിടക്കുന്നതിനാൽ ആശങ്ക വിട്ടൊഴിയാതെ അനുപമ മനീഷ്. ആലപ്പുഴ ചെങ്ങന്നൂർ തിരുവൻവണ്ടൂർ സ്വദേശിനിയായ അനുപമ ഫെബ്രുവരി 20നാണ് മസ്കത്തിൽ എത്തുന്നത്. കിയവിൽ ക്ലർക്കായിരുന്ന ഇവർ ഇസ്തംബൂൾ-ദുബൈ വഴിയാണ് ഒമാനിൽ എത്തിയത്. ബിദിയയിലുള്ള സഹോദരൻ അനുരാജിന്റെ നിർബന്ധത്തിനു വഴങ്ങി പോന്നില്ലായിരുന്നെങ്കിൽ താനും അവിടെ കുടുങ്ങിക്കിടക്കേണ്ടി വരുമായിരുന്നുവെന്ന് അനുപമ പറയുന്നു.
ഉറ്റവരുടെ തണലിൽ എത്തിയത് ആശ്വാസം നൽകുന്നുണ്ടെങ്കിലും 13ഓളം വരുന്ന മലയാളി സംഘം വിവിധ പ്രദേശങ്ങളിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണെന്ന് അനുപമ പറയുന്നു. പലർക്കും ഭക്ഷണത്തിനും വെള്ളത്തിനും പ്രയാസം നേരിടുന്നുണ്ട്. എത്ര ദിവസം പിടിച്ചുനിൽക്കാൻ കഴിയുമെന്നത് സംശയമാണ്. സഹപ്രവർത്തകരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ആശങ്കപ്പെടുത്തുന്ന കാര്യങ്ങളാണ് ഓരോ നിമിഷവും അവരിൽനിന്ന് ലഭിക്കുന്നത്.
കഴിഞ്ഞ ദിവസം കൂട്ടത്തിലുണ്ടായിരുന്നയാൾ റൂമിൽനിന്ന് വെള്ളമെടുക്കാൻ പുറത്തേക്കിറങ്ങിയതോടെ ഒരു സംഘം ആളുകൾ വെടിവെച്ചു. റൂമിലേക്ക് ഓടിക്കയറിയതിനാൽ ഭാഗ്യംകൊണ്ട് രക്ഷപ്പെടുകയായിരുന്നു. യുക്രെയ്ൻ സേനയുടെ ഭാഗമായി അണിചേർന്നവരാണ് ഇവർക്കെതിരെ വെടിയുതിർത്തത്. അതിർത്തിയിൽ എത്തിക്കഴിഞ്ഞാൽ ഇവരിൽ പലർക്കും ഇന്ത്യൻ എംബസിയുടെ സഹായം ലഭിച്ചേക്കും. നിലവിലെ സാഹചര്യത്തിൽ അവിടെയെത്തുക എന്നത് പ്രയാസമുള്ള കാര്യമാണ്. ചിലർ കാൽനടയായി 45 കി.മീറ്റർ നടന്ന് പോളണ്ടിന്റെ അതിർത്തിയിൽ എത്തിയിട്ടുണ്ട്. എന്നാൽ, അതിർത്തി അടച്ചതോടെ അകത്തേക്ക് കയറാൻ കഴിഞ്ഞിട്ടില്ല. കടുത്ത തണുപ്പിൽ പെട്രോൾ പമ്പിലാണ് അവർ കഴിഞ്ഞ രാത്രി ചെലവഴിച്ചത്. ഉൾഗ്രാമങ്ങളിലും മറ്റും മലയാളികൾ അകപ്പെട്ടിട്ടുണ്ട്. ഇവരിലെ പലരെയും ബന്ധപ്പെടാനും സാധിക്കുന്നില്ല.
സർക്കാറിന്റെ ഭാഗത്തുനിന്ന് അടിയന്തര ശ്രദ്ധയുണ്ടായി കാര്യങ്ങൾ കുറച്ചുകൂടി വേഗത്തിലാക്കണമെന്നാണ് അനുപമ പറയുന്നത്. ആറുമാസം മുമ്പാണ് ഇവർ യുക്രെയ്നിലേക്ക് പോയത്. പിതാവ്: പരേതനായ രാജശേഖരൻ. മാതാവ്: മോഹനവല്ലി. ഭർത്താവ്: മനീഷ് കുമാർ മസ്കത്തിലായിരുന്നു. ഇപ്പോൾ നാട്ടിലാണ്. മകൻ: മാധവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.