വർണാഭമായി ഇബ്രി ഇന്ത്യൻ സ്കൂൾ വാർഷികം
text_fieldsഇബ്രി: ഇബ്രി ഇന്ത്യൻ സ്കൂൾ 34-ാമത് വാർഷികാഘോഷം നിറപ്പകിട്ടാർന്ന പരിപാടികളോടെ നടന്നു. മുഖ്യാതിഥിയായ ദാഹിറ ഗവർണർ നജീബ് അലി അഹ്‌മദ് അൽ റവാസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇർഷാദ് അഹ്‌മദ് (ഇന്ത്യൻ എംബസി കൗൺസിലർ ലേബർ, കമ്മ്യൂണിറ്റി വെൽഫയർ), ബി.ഒ .ഡി ചെയർമാൻ ഡോ. ശിവകുമാർ മാണിക്കം ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡിലെ ഫിനാൻസ് ഡയറക്ടർ അശ്വനി എസ്. സ്വരികർ, എം.പി വിനോബ എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായി.
സ്കൂൾ പ്രിൻസിപ്പാൾ വി.എസ്. സുരേഷ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. 2022-23 അധ്യയന വർഷത്തെ പാഠ്യ, പാഠ്യേതര പ്രവർത്തനങ്ങളുടെ മൾട്ടിമീഡിയ പ്രസന്റേഷൻ വേദിയിൽ നടന്നു. സ്കൂൾ ന്യൂസ് ലെറ്ററിന്റെ ആദ്യ കോപ്പി ഡോ. ശിവകുമാർ മാണിക്കം പ്രകാശനം ചെയ്തു. സ്കൂൾ ഇ.ആർ.പി സിസ്റ്റം, ലാംഗ്വേജ് ലാബ്, ത്രീഡി ലാബ്, ഡിജിറ്റൽ ലൈബ്രറി, അത്യാധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തി നവീകരിക്കുന്ന കളിസ്ഥലത്തിന്റെയും ഓഡിറ്റോറിയത്തിന്റെയും നവീകരണ പ്രവർത്തന ഉദ്ഘാടനം എന്നിവ മുഖ്യാതിഥി നിർവഹിച്ചു.
എൽ.എം.എസ് സിസ്റ്റം വിശിഷ്ടാതിഥിയായ ഇർഷാദ് അഹ്‌മദ് ഉദ്ഘാടനം ചെയ്തു. മുൻ എസ്.എം.സി ഭാരവാഹികളായ ഡോ. തോമസ് വർഗീസ്, എം.പി. ഉണ്ണികൃഷ്ണൻ, ഫിറോസ് ഹുസൈൻ, ഡോ. സുരേഷ് ബാലകൃഷ്ണൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. പത്തു വർഷത്തിൽ കൂടുതൽ സ്കൂളിൽ സേവനമനുഷ്ഠിക്കുന്നവർക്കുള്ള ഉപഹാരങ്ങളും മികച്ച അധ്യാപകർക്കുള്ള അവാർഡുകളും സ്പെഷ്യൽ അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു.
ഇന്ത്യയുടെ സാംസ്കാരിക പൈതൃകവും, ദേശസ്നേഹവും പ്രകടമാക്കി വിദ്യാർഥികൾ അവതരിപ്പിച്ച നൃത്തനൃത്യങ്ങൾ, സംഘഗാനങ്ങൾ, മൂകാഭിനയം, ലഘുനാടകം എന്നിവ ചടങ്ങിന് മാറ്റ് കൂട്ടി. സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയിൽ (2020-21) ഉന്നത വിജയം നേടിയയ നവീൻ കുമാർ, എയ്ഞ്ചലീന ഐശ്വര്യ, ഹിജാബ് സഹറ, ഗായത്രി ബാല എന്നിവരെയും പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ സോഫിയ സൂസൻ തോമസ്, അലീഷ ബുഖാരി, ആർ. വിശ്വ, കിഷോർ ബാലാജി എന്നിവരെയും സബ്ജെക്ട് ടോപ്പർ ആയ യദുകൃഷ്ണനെയും ആദരിച്ചു.
സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയിൽ (2021-22) ഉന്നത വിജയം കരസ്ഥമാക്കിയ ആക്സൽ മറിയ, ആസിഫ് നസീർ, ആർദ്ര ബിജുലാൽ, വിവിധ വിഷയങ്ങളിൽ ഉന്നത വിജയം നേടിയ വൻഷിക ജെയിൻ, അബ്ദുല്ല അൽ മാമുൻ, പത്താം ക്ലാസ് പരീക്ഷയിൽ മികച്ച നേട്ടം സ്വന്തമാക്കിയ മിലൻ കൃഷ്ണ, ഷെർലി ഗ്രേസ്, ഉദ്യാനി അഷിൻസ, മുഹമ്മദ് ആദിൽ, സബ്ജക്ട് ടോപ്പർ ആയ പ്രണവ് രാജിനെയും ആദരിച്ചു.
സി.ബി.എസ്. ഇ ഒമാൻ ക്ലസ്റ്റർ വിജയികളായ മുഹമ്മദ് ഇബ്രാഹിം അബ്ബാസ് (ജാവലിൻ ത്രോ ഒന്നാം സ്ഥാനം), സൈന ഫാത്തിമ ഫിദ മുഹമ്മദ് (ഹൈ ജംപ് ഒന്നാം സ്ഥാനം), മുഹമ്മദ് സായം (ജാവലിൻ ത്രോ രണ്ടാം സ്ഥാനം) എന്നിവരെയും ആദരിച്ചു. കഴിഞ്ഞ വർഷത്തെ നല്ല ക്ലാസുകൾക്കുള്ള അവാർഡുകളും മികച്ച പാഠ്യേതര പ്രവർത്തനങ്ങൾ കാഴ്ചവെച്ച ഹൗസുകൾക്കുള്ള അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു.
ശാന്തകുമാർ (പ്രിൻസിപ്പാൾ, ഇന്ത്യൻ സ്കൂൾ ബുറൈമി), പ്രവീൺ കുമാർ (പ്രിൻസിപ്പൽ, ഇന്ത്യൻ സ്കൂൾ മുലദ), നവീൻ വിജയകുമാർ (എസ്.എം.സി പ്രസിഡന്‍റ്), ഡോ. വിജയ് ഷണ്മുഖം (എസ്.എം.സി വൈസ് പ്രസിഡന്‍റ്), ജമാൽ ഹസ്സൻ (എസ്.എം.സി കൺവീനർ),പുഗൾ അരസു (ട്രഷറർ), ഫെസ്‌ലിൻ അനീഷ്മോൻ (അക്കാഡമിക് ചെയർപേഴ്സൺ), അമിതാബ് മിശ്ര (എച്ച്.എസ്.ഇ ചെയർപേഴ്സൺ), മുൻ എസ്.എം.സി ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. എസ്.എം.സി പ്രസിഡൻറ് നവീൻ വിജയകുമാർ സ്വാഗതവും എസ്.എം.സി കൺവീനർ ജമാൽ ഹസ്സൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.